- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കലോത്സവ വേദിയിലെ സൗണ്ട് സിസ്റ്റത്തിൽ അപാകത; നാടൻ പാട്ടുകൾ പാടി വേദിക്ക് സമീപം പ്രതിഷേധം; മാർഗം കളി മത്സരത്തിന് പിന്നാലെ മത്സരാർഥി കുഴഞ്ഞുവീണു; കുച്ചിപ്പുഡിയിലും സംഘാടകരുടെ പിഴവ്; അപ്പീലുകളുടെ ബാഹുല്യം
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ നാടൻപാട്ട് വേദിയിൽ കലാകാരന്മാരുടെ പ്രതിഷേധം. വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തിൽ അപാകതയുണ്ടെന്നും ആരോപിച്ചാണ് നാടൻപാട്ട് പരിശീലകരായ കലാകാരന്മാൽ വേദിക്ക് സമീപം പ്രതിഷേധിച്ചത്. പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സംഘാടകർ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും നാടൻപാട്ട് കലാകാരന്മാർ ആരോപിച്ചു.
നാടൻപാട്ട് കലാകാരന്മാർ വേദിക്ക് സമീപം പ്രതിഷേധിച്ചെങ്കിലും സൗണ്ട് സിസ്റ്റത്തിലെ പ്രശ്‌നം ഉൾപ്പെടെ പരിഹരിക്കാതെ മത്സരം ആരംഭിക്കുകയായിരുന്നുവെന്നാണ് ആരോപണം. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത്. നാടൻപാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്‌നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.
കലാകാരന്മാരുടെ പരാതിയിൽ പരിഹാരം കാണാതെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിനിർത്താനാണ് ശ്രമിച്ചതെന്നും ഈ രീതിയിൽ കാര്യങ്ങൾ തുടർന്നാൽ പ്രതിഷേധം ശക്തമായി തുടരുമെന്നും നാടൻപാട്ട് കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാര കൂട്ടം പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിനിടെയും വേദിയിൽ നാടൻ പാട്ട് മത്സരം തുടരുകയാണ്. ഇതിനിടെയും നാടൻ പാട്ടുകൾ പാടി കലാകാരന്മാർ വേദിക്ക് സമീപം പ്രതിഷേധം തുടരുകയാണ്.
കലോത്സവത്തിനിടെ സംഘാടകരുടെ പിഴവുകൾ ചൂണ്ടിക്കാട്ടി ഇന്നലെയും പ്രതിഷേധം ഉയർന്നിരുന്നു. മൂന്നാം വേദിയായ സി.എസ്‌ഐ. കൺവൻഷൻ സെന്ററിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മാർഗംകളി മത്സരം ആരംഭിക്കുമ്പോൾ തന്നെ രക്ഷിതാക്കൾ പരാതിയുമായെത്തിയിരുന്നു. വൈകുന്നേരം കുച്ചിപ്പുഡി മത്സരത്തോടെ അത് വലിയ കരച്ചിലിലേക്കും വഴിതെളിച്ചു.
മാർഗം കളി മത്സരത്തിനുള്ള കുട്ടികൾക്ക് വസ്ത്രം മാറുന്നതിനും മറ്റും വേണ്ടത്ര സൗകര്യങ്ങളില്ലെന്നായിരുന്നു ആദ്യ പരാതി. സി.എസ്‌ഐ. കൺവൻഷൻ സെന്ററിന്റെ പിറകിൽ ഏർപ്പെടുത്തിയിരുന്ന ഗ്രീൻ റൂമിൽ ഒരു ടേബിൾ ഫാൻ മാത്രം ഉണ്ടായിരുന്നുവെള്ളൂവെന്ന് കൂടെയെത്തിയ അദ്ധ്യാപകരും പരാതിപ്പെട്ടു. രാവിലെ 11-ന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന മാർഗം കളി ആരംഭിച്ചത് ഉച്ചയ്ക്ക് 12.40-നായിരുന്നു. ഇതും ചെറിയ പ്രതിഷേധത്തിന് കാരണമായി.
മാർഗം കളി മത്സരം കഴിഞ്ഞ് വേദി വിട്ടിറങ്ങിയ കുട്ടി കുഴഞ്ഞുവീണു. എന്നാൽ എഴുന്നേൽപ്പിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്ന് ആക്ഷേപമുയർന്നു. കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ റിയയാണ് കുഴഞ്ഞുവീണത്. റിയയെ കൂട്ടുകാർ കൂടി താങ്ങിയെടുത്താണ് വേദിക്കരുകിൽ നിന്നും താഴെയെത്തിച്ചത്.
കുട്ടിക്ക് ചെറിയ ചുമയും മറ്റും ഉണ്ടായിരുന്നതിനാൽ രക്ഷിതാക്കൾ കരുതലോടെ നിന്നിരുന്നു. എന്നാൽ വേദിക്കരുകിലേക്ക് അവരെ കടത്തിവിടാത്തതും ചെറിയ തർക്കത്തിന് കാരണമായി. റിയയെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് നോക്കിയെങ്കിലും ഡ്രൈവർ സമീപത്തുണ്ടായിരുന്നില്ല. പിന്നീട് സ്വകാര്യ കാറിൽ ആശുപത്രിയിലേക്ക് മാറ്റി. റിയയെ ആശുപത്രിയിലേക്ക് മാറ്റിയ ഉടൻ ആരോഗ്യവകുപ്പും ഉണർന്നു. വേദിക്ക് അരികിലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സും മറ്റും എത്തിച്ചു.
മാർഗം കളിക്ക് ശേഷം ആരംഭിച്ച ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ കുച്ചുിപ്പുഡിയിലും മാറ്റമുണ്ടായിരുന്നില്ല. ആദ്യമത്സരാർഥിയായി എത്തിയ കോഴിക്കോട് സരസ്വതി വിദ്യാമന്ദിർ സ്‌കൂളിലെ അനൈന പ്രദീപ് മത്സരിക്കുന്നതിനിടയ്ക്ക് പാട്ടുനിന്നുപോയി. വീണ്ടും ആദ്യം മുതൽ പ്ലേ ചെയ്തെങ്കിലും പിന്നെയും നിന്നു. സംഘാടകരുടെ പിഴവ് മൂലമാണെന്ന് മത്സരാർഥിയുടെ അമ്മ ബിന്ദു കുറ്റപ്പെടുത്തി.
നല്ല സിസ്റ്റം അല്ല അവിടെ വെച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. മാർഗം കളി മത്സരത്തിനിടെ തന്നെ പാട്ടടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചിരുന്നു. പ്രശ്നമില്ലെന്നാണ് സംഘാടകർ അന്നേരം പറഞ്ഞതെന്ന് അനൈനയുടെ സഹോദരി അവനിജ പറഞ്ഞു. 10 മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടിയും വന്നു. ഒടുവിൽ ഏറ്റവും അവസാനം വീണ്ടും അനൈന്ക്ക് അവസരം നൽകാമെന്ന് പറഞ്ഞ് കുച്ചിപ്പുഡി മത്സരം തുടരുകയായിരുന്നു.
അതേ സമയം അപ്പീലുകളുടെ ബാഹുല്യം കലോൽസവ സമയ ക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാർത്ഥികൾ മൽസരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മൽസര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ