മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഒരിക്കൽ കൂടി മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും ധനികനെന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദാനി ഒന്നാമതെത്തി. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 97.6 ബില്യൺ ഡോളറാണ്. അംബാനിക്ക് 97 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഇരുവരുടേയും സമ്പത്ത് തമ്മിലെ അന്തരം 600 മില്യൺ ഡോളറാണ്.

ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഗൗതം അദാനി 12-ാം സ്ഥാനത്തേക്ക് എത്തി. 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിൻഡൻബർഗ് ആരോപണങ്ങളിൽ പുതിയ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്ന് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ എല്ലാം കുതിച്ചുയർന്നിരുന്നു. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്തള്ളി അദാനി ആസ്തിയിൽ മുന്നിലായത്. നിലവിൽ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി.

അദാനി കമ്പനികളുടെ ഓഹരി വില വൻതോതിൽ ഉയർന്നതാണ് ഗൗതം അദാനിക്ക് ഗുണകരമായത്. ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി തള്ളിയത് ഗൗതം അദാനിക്ക് ഗുണകരമായിരുന്നു. ഇതിന് പിന്നാലെ വലിയ നേട്ടം അദാനി ഓഹരികൾ ഉണ്ടാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് അദാനി കമ്പനികളുടെ ഓഹരി വില 18 ശതമാനം വരെ ഉയർന്നിരുന്നു.

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇന്ന് രാവിലെ 9:30 വരെ അദാനിയുടെ ആസ്തി 97.6 ബില്യൺ ഡോളറാണ്. ഹിൻഡൻബർഗ് ആരോപണങ്ങളിൽ പുതിയ അന്വേഷണമൊന്നും ആവശ്യമില്ലെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതോടെ അദാനി ഗ്രൂപ് ഓഹരികളുടെ മൂല്യം ഉയരാൻ തുടങ്ങി. ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്ക് യുഎസ് ഗവൺമെന്റിന്റെ പിന്തുണ, മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ശേഷമുള്ള മൊത്തത്തിലുള്ള വിപണി വികാരം എന്നിവയും അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് പിന്തുണയേകി.

പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യൺ ഡോളർ)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യൺ ഡോളർ)യും. കഴിഞ്ഞ ഡിസംബറിൽ 4.41 ബില്യൺ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബർഗിന്റെ പട്ടികയിൽ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.

അമ്പരപ്പിക്കുന്ന വളർച്ചയാണ് വരുമാനത്തിന്റെയും ബിസിനസിന്റെയും കാര്യത്തിൽ അദാനി നേടിക്കൊണ്ടിരിക്കുന്നത്. 1988- ലാണ് അദാനി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. കടൽ, വിമാനത്താവള മാനേജ്മെന്റ്, വൈദ്യുതി ഉൽപ്പാദനം, വിതരണം, ഖനനം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലേക്ക് അദാനി ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ളതും പങ്കാളിത്തമുള്ളതുമായ 26 സ്ഥാപനങ്ങളാണ് നിലവിലുള്ളത്.

ഗൗതം അദാനിയും മുകേഷ് അംബാനിയും കഴിഞ്ഞാൽ ഷാപൂർ മിസ്ട്രിയാണ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മൂന്നാമതുള്ളത്. 34.6 ബില്യൺ ഡോളറാണ് മിസ്ട്രിയുടെ ആസ്തി. 33 ബില്യൺ ഡോളർ ആസ്തിയുമായി ശിവ്‌നാടാർ നാലാമതുണ്ട്. 25.7 ബില്യൺ ഡോളർ ആസ്തിയുമായി അസിം പ്രേംജിയാണ് അഞ്ചാമത്.

അതേസമയം, ആഗോള സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌കാണ് ഒന്നാമത്. 220 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. 169 ബില്യൺ ഡോളർ ആസ്തിയോടെ ജെഫ് ബെസോസ് രണ്ടാമതുണ്ട്. ബെർണാർ അർണോൾട്ട് ബിൽഗേറ്റ്‌സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

ബ്ലൂംബെർഗ് ബില്യണയർ സൂചിക
1 ഇലോൺ മസ്‌ക് - 220 ബില്യൺ ഡോളർ
2 ജെഫ് ബെസോസ് - 169 ബില്യൺ ഡോളർ
3 ബെർണാഡ് അർനോൾട്ട് - 168 ബില്യൺ ഡോളർ
4 ബിൽ ഗേറ്റ്‌സ് - 138 ബില്യൺ ഡോളർ
5 സ്റ്റീവ് ബാൽമർ - 128 ബില്യൺ ഡോളർ
6 മാർക്ക് സക്കർബർഗ് - 126 ബില്യൺ ഡോളർ
7 ലാറി പേജ് - 124 ബില്യൺ ഡോളർ
8 വാറൻ ബഫറ്റ് - 122 ബില്യൺ ഡോളർ
9 ലാറി എല്ലിസൺ - 120 ബില്യൺ ഡോളർ
10 സെർജി ബ്രിൻ - 117 ബില്യൺ ഡോളർ
11 കാർലോസ് സ്ലിം - 102 ബില്യൺ ഡോളർ
12 ഗൗതം അദാനി - 97.6 ബില്യൺ ഡോളർ
13 മുകേഷ് അംബാനി - 97 ബില്യൺ ഡോളർ