- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹമാസിന്റെ ക്രൂരതകൾ ഞെട്ടിക്കുന്നത്
ജറുസലേം: ഹമാസ് എന്ന ഇസ്ലാമിക ഭീകരസംഘടനയെ കേരളത്തിലെ ഇടത്-വലത് നേതാക്കാൾ ഒരുപോലെ, പോരാളികൾ ആയാണ് കണക്കാക്കുന്നത്. എന്നാൽ ഈ 'പോരാളികൾ' കാട്ടിക്കൂട്ടുന്ന ചെയ്തികളുടെ വിവരണങ്ങൾ കേട്ടാൽ മന:സാക്ഷി മരവിച്ചുപോവും. ഒക്ടോബർ 7-ന്റെ ഹമാസ് ആക്രമണത്തിന് ദൃക്സാക്ഷിയായ റാസ് കോഹൻ എന്നയാളുടെ അനുഭവങ്ങൾ ഇപ്പോൾ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിട്ടുണ്ട്. ശവഭോഗം അടക്കമുള്ള പൈശാചികമായ കാര്യങ്ങളാണ് ഹമാസ് നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു.
കാമുകിക്കൊപ്പം ഇസ്രയേലിൽ ഒക്ടോബർ 7-ന് നടന്ന സംഗീത പരിപാടിയിൽ റാസ് കോഹൻ എത്തിയിരുന്നു. ഇതിനിടയാണ് ഹമാസ് ഭീകരരുടെ ആക്രമണം നടന്നത്. ഹമാസ് ഭീകരർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക്സാക്ഷിയാണ് താനെന്നാണ് 24 കാരനായ റാസ് കോഹൽ പറയുന്നു. അന്ന് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാമുകി മായയ്ക്കിനെയും ഭീകരർ കൊലപ്പെടുത്തി.
'ആക്രമണം നടന്നതോടെ ഞാൻ ഒളിച്ചിരുന്നു. ഇതിനിടയിൽ ഒരു വാനിൽ അഞ്ച് പേർ വന്നിറങ്ങി ഒരു സ്ത്രീയെ ബലമായി പിടികൂടുന്നത് ഞാൻ കണ്ടു. അവർ എല്ലാവരും ചേർന്ന് അവളുടെ വസ്ത്രവും വലിച്ചഴിച്ചു, ശേഷം അതിലൊരാൾ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു. തുടർന്ന് ഒരു കത്തിയെടുത്ത് അവളെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തെയും ഭീകരർ പീഡിപ്പിച്ചു. അതിനെല്ലാം ഞാൻ ദൃക്സാക്ഷിയാണ്. ഇപ്പോഴും അവളുടെ ശബ്ദം എന്റെ കാതിലുണ്ട്. ഒന്നും ചെയ്യാൻ സാധിക്കാതെ അവൾ പൊട്ടിക്കരയുകയായിരുന്നു. പക്ഷെ, ഹമാസ് ഭീകരർ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതെല്ലാം ഒരു രസത്തിന് വേണ്ടിയാണ് അവർ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നിയത്. നിരവധി പേരെ അവർ കൊലപ്പെടുത്തി. ഇതെല്ലാം അവർക്കൊരു വിനോദമാണ്.
സ്ത്രീയെ ബലാത്സംഗം ചെയ്തതിന് ശേഷം ഹമാസ് ഭീകരർ ദമ്പതികളെയും ആക്രമിച്ചു. അവരെ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി. അവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. അതിനാൽ ഞാൻ ഓടി. ഇതിനിടയിൽ ഞാൻ ഒരു പെൺകുട്ടിയെ കണ്ടിരുന്നു. അവളുടെ തലയിലേക്കും ഇവർ നിറയൊഴിച്ചു. അവളെയും രക്ഷപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞില്ല. അതുകൊണ്ട്, അവിടെ നിന്നും ഞാൻ ഓടുകയായിരുന്നു. രക്ഷാപ്രവർത്തകരെയും കാത്ത് 9 മണിക്കൂറോളമാണ് ഞാൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നത്. അന്ന് നടന്ന ആക്രമണത്തിൽ എന്റെ കാമുകിയും കൊല്ലപ്പെട്ടിരുന്നു.'- കോഹൻ തന്റെ നടുക്കുന്ന ഓർമ്മകൾ ഇങ്ങനെയാണ് പങ്കുവെക്കുന്നത്.
ജനനേന്ദ്രിയത്തിലേക്ക് നിറയൊഴിക്കുന്നു
ഹമാസ് ക്രൂരതയുടെ തെളിവുകൾ ഇസ്രയേൽ യുഎൻ മുമ്പാകെയും സമർപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ യുഎൻ പ്രതിനിധികൾക്ക് നൽകുമ്പോൾ ഇസ്രയേൽ പ്രതിനിധി സിംചാറ്റ് ഗ്രേമാന് പലതവണ കണ്ഠമിടറിയെന്ന്, സിഎഎൻ റിപ്പോർട്ട്ചെയ്യുന്നു. പല മൃതദേഹങ്ങളും ഇത് പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ഹമാസ് വികൃതമാക്കിയെന്ന് അവിടം പരിശോധിച്ച ഉദ്യോഗ്ഥരിൽ ഒരാളായ ഗ്രേമാൻ പറയുന്നു.
തലയുടെ പിൻഭാഗത്ത് വെടിയേറ്റ ഒരു സ്ത്രീ, നഗ്നയായി കിടക്കയിൽ കിടക്കുന്നതായി ഗ്രേമാൻ വിവരിച്ചു. അവളുടെ കൈയിൽ ഒരു ഗ്രനേഡ് വെച്ചുകൊടുത്തിരുന്നു. ശരീരം ആണിയടിച്ച നിലയിൽ ആയിരുന്നു. ഭീകരാക്രമണത്തിലെ ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അക്രമത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെഷനിൽ സാക്ഷ്യപ്പെടുത്തുകയായിരുന്നു ഗ്രേമാൻ.
ഹമാസ് ഭീകരർ ഇരകൾക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നത് തങ്ങൾ കണ്ടതായി ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.- 'ആവർത്തിച്ചുള്ള ബലാത്സംഗം മൂലം ഇടുപ്പ് തകർന്ന പെൺകുട്ടികൾ ഉണ്ടായിരുന്നു, അവരുടെ കാലുകൾ പിളർത്തിരിക്കയാണ്. യോനിയിൽ എന്തൊക്കെയോ കുത്തിക്കയറ്റിയിരിക്കുന്നു'- നോവ സംഗീതോത്സവത്തിലെ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ നൽകിയ വിവരം ഇങ്ങനെയാണ്.
'ആർത്തുവിളിച്ചശേഷം അവർ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. അതിന് ശേഷമാണ് അവരെ കത്തിച്ചത്. "- മറ്റൊരു ദൃക്സാക്ഷി പറയുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട വനിതാ സൈനികരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) റിസർവിസ്റ്റായ ഷാരി മെൻഡസ് താൻ കണ്ട തെളിവുകളും വിവരിച്ചു. 'പല മൃതദേഹങ്ങളും എത്തിയത് രക്തം പുരണ്ട തുണിക്കഷണങ്ങളിലോ അടിവസ്ത്രത്തിലോ ആയിരുന്നു. സ്ത്രീകളുടെ യോനിയിൽനിന്ന് രക്തം ഒഴുകുയായിരുന്നു. ഹമാസിന്റെ ടീം കമാൻഡർ എന്ന് തോന്നിക്കുന്നയാൾ നിരവധി വനിതാ സൈനികരെ യോനിയിലേക്കും മുലകളിലേക്കും വെടിവെച്ചു. ഒരു കൂട്ടം ഇരകളുടെ ആസൂത്രിതമായ ജനനേന്ദ്രിയ ഛേദം നടക്കുന്നതായി തോന്നുന്നു"- ഷാരി മെൻഡസ് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ പാർലമെന്റായ നെസെറ്റ് ഹമാസിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പ്രത്യേക സമ്മേളനം നടത്തിയിട്ടുണ്ട്. ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിനെ അപമാനിക്കുന്നതിനായി ഹമാസ്, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്ന് നെസെറ്റ് അംഗം യൂലിയ മാലിനോവ്സ്കി ആരോപിച്ചു. എന്നാൽ ലൈംഗിക അതിക്രമം ഹമാസ് ആവർത്തിച്ച് നിഷേധിക്കയാണ്.