കൊല്ലം: കൗമാര കലയുടെ വിസ്മയക്കാഴ്ചകൾ മിഴിതുറന്ന അഞ്ചു രാപ്പകലുകൾക്ക് ഒടുവിൽ 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുെമത്തി.

ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. 23 വർഷങ്ങൾക്കു ശേഷമാണ് കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ വീണ്ടും മുത്തമിട്ടത്. സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്. തൃശൂർ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസർകോട് 846, കോട്ടയം 837, വയനാട് 818, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റു നില.

സമാപനദിനമായ ഇന്ന് രാവിലെ മുതൽ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കിയാണ് കണ്ണൂരിന്റെ കിരീട കുതിപ്പ്. 445 പോയിന്റുമായി ഹൈസ്‌കൂൾ വിഭാഗത്തിലും 507 പോയിന്റുമായി ഹയർ സെക്കൻഡറി വിഭാഗത്തിലും കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയത്. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്‌കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 10,000ലേറെ വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മത്സരാർഥികളായി പങ്കെടുത്തത്.

സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

പതിനാറ് വർഷത്തിനുശേഷം വിരുന്നെത്തിയ കലോത്സവം ആഘോഷമാക്കുകയായിരുന്നു കൊല്ലത്തുകാർ. കൊച്ചുപ്രതിഭകളുടെ പ്രകടനങ്ങൾക്ക് നിറ കൈയടിയുമായി സദസ്സുകളിൽ ജനം ആവേശമായി. തുടക്കത്തിലുണ്ടായിരുന്ന സമയക്രമത്തിലെ പാളിച്ചകളെല്ലാം തിരുത്തി പിന്നീട് സംഘാടകരും ഉഷാറായപ്പോൾ കലോത്സവം മത്സരാർഥികൾക്കും കാണികൾക്കും അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്.

ഏതാനും മത്സരങ്ങൾ മാത്രം ഒഴിച്ചുനിർത്തിയാൽ എല്ലായിടത്തും സമയക്രമം പാലിക്കാനായി. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് മോഹിനിയാട്ടത്തിനും ഒപ്പനക്കും കുച്ചിപ്പുടിക്കും തിരുവാതിരക്കും സംഘനൃത്തത്തിനുമെല്ലാം വൻ ജനാവലി എത്തി. ഞായറാഴ്ച വൈകീട്ട് അൽപ്പനേരം ശക്തമായ മഴപെയ്തിട്ടും ആവേശം ഒട്ടും തണുത്തില്ല. മുഖ്യാതിഥിയായി നടൻ മമ്മൂട്ടി പങ്കെടുത്ത സമാപനച്ചടങ്ങിൽ ആശ്രാമം മൈതാനം ജനസമുദ്രമായി.

ഒന്നിനൊന്ന് മികച്ച നാടകങ്ങൾ കാഴ്ചക്കാർക്ക് മികച്ച അനുഭവമായി. ഭരതനാട്യം, ദഫ്മുട്ട്, തിരുവാതിര തുടങ്ങിയവയെല്ലാം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. മത്സരാർഥികൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കാനും സംഘാടകർക്ക് സാധിച്ചു. വിവിധ വേദികളിലേക്ക് പോകുന്നതിന് സൗജന്യ ഓട്ടോറിക്ഷ, ബസ് സൗകര്യങ്ങളുമുണ്ട്. വേദികൾ തമ്മിലെ അകലത്തിലെ പ്രയാസം സമയക്രമത്തിലെ ആസൂത്രണത്തിലൂടെ പരിഹരിച്ചു.

ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വേദി താഴേക്ക് മാറ്റാനും തയാറായി. മത്സര പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികൾക്ക് കൗൺസലിങ് സൗകര്യവും ഒരുക്കി. ഭക്ഷണ ശാലയിലും തിരക്കിനിടയിലും വലിയ പ്രയാസങ്ങളില്ലാതെ സംവിധാനിക്കാനും സാധിച്ചു. 24 വേദികളിലായി അരങ്ങേറിയ അഞ്ച് ദിവസത്തെ കലാമേളയാണ് സമാപിച്ചത്.

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

2024- 25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്‌കരിക്കും. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.