കൊച്ചി: വെറുമൊരു അതിഥി തൊഴിലാളിയല്ല മിലേൻഷേഖ്. പശ്ചിമബംഗാളിൽ നിന്നും കേരളത്തിലെത്തി അമ്പത് ഏക്കറോളം ഭൂമിയിൽ പൊന്നുവിളയിക്കുന്ന, മുപ്പതോളം തൊഴിലാളികൾക്ക് അന്നദാതാവാണ് ഇന്ന് ഈ ബംഗാളി പയ്യൻ. മിലൻ ഷേഖ് മലയാളികൾക്ക് ഒന്നാകെ ഒരു പാഠമാണ്. മണ്ണ് ചതിക്കില്ലെന്ന വലിയ പാഠം. കേരളത്തിലെ കർഷകർ നഷ്ടക്കണക്കുകൾ പറയുമ്പോൾ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരന് പറയാനുള്ളത് ലാഭക്കണക്കുമാത്രമാണ്. എറണാകുളത്ത് അമ്പത് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്താണ് മിലേൻഷേഖ് മണ്ണിൽ പൊന്നുവിളയിക്കുന്നത്.

വിളവിലേറെയും വിദേശത്തേക്ക് അയയ്ക്കുന്നു. പശ്ചിമബംഗാൾ ഗോകുൽചാക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസിൽ അവധിക്കാലത്ത് കൂട്ടുകാരനെ കാണാൻ കേരളത്തിൽ എത്തിയതാണ്. കൃഷിപ്പണിചെയ്തായിരുന്നു ഉപജീവനം തുടങ്ങിയത്. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി 50 ഏക്കർ പാട്ടത്തിനെടുത്താണ് ഇപ്പോൾ കൃഷി. വാഴ, മരച്ചീനി എന്നിവയാണ് മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്.

വീട്ടുകാരോടുപോലും പറയാതെയാണ് 2010ൽ എറണാകുളത്തെത്തിയത്. മിലനൊപ്പം പഠിച്ച അയൽവാസിയും കൂട്ടുകാരനുമായ ബാബു കുടുംബത്തോടെ കേരളത്തിലേക്ക് പോയി. പക്ഷേ പത്താംക്ലാസ് കഴിഞ്ഞ് അവധിയായപ്പോഴേക്കും കൂട്ടുകാരനില്ലാത്ത സങ്കടം വലുതായി. എന്നാൽപ്പിന്നെ കേരളത്തിലേക്ക് വന്ന് അവനെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് മിലേൻ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. രണ്ട് മാസം അവനോടൊപ്പം നിന്നിട്ട് തിരികെ പോകണമെന്നായിരുന്നു പ്ലാൻ. അങ്ങനെ വീട്ടുകാരോടുപോലും പറയാതെയാണ് മിലേൻ 2010ൽ പതിനഞ്ചാം വയസിൽ കേരളത്തിലേക്കെത്തുന്നത്.

നെടുമ്പാശേരിയിൽ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നല്കിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താൽ 'പണികിട്ടുമെന്ന്' പേടിച്ച് ആരും നല്കിയില്ല. കാത്തിരിപ്പിനൊടുവിൽ ആലുവക്കാരനായ കർഷകൻ ജോലിനൽകി. 150 രൂപ ദിവസക്കൂലി. ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനഃപാഠമായി.

അവിടെ കൂലി ചോദിച്ച് പിണങ്ങി ഇറങ്ങേണ്ടി വന്നതോടെയാണ് സ്വന്തമായി കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ 2019ലാണ് കൈയിലുണ്ടായിരുന്ന കുറച്ച് പണവും ഇവിടെ തന്നെയുള്ള സുഹൃത്തുക്കളും പരിചയക്കാരുടേയുമെല്ലാം സഹായത്തോടെ ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ തുടങ്ങിയത്. സ്വന്തമായി കൃഷി ആരംഭിച്ചപ്പോഴും മറ്റൊരു സ്ഥലത്ത് ജോലിക്കു പോകുന്നുണ്ടായിരുന്നു. അവിടെ അവധി എടുത്തും വൈകുന്നേരങ്ങളിലും മറ്റുമായി കൂടുതൽ സമയം ചെലവിട്ടുമായിരുന്നു കൃഷി പരിപാലിച്ചത്. അത് വിജയിച്ചതോടെ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

നന്നായി മലയാളം സംസാരിക്കും.സമ്പാദ്യമായ 15,000 രൂപയും ഉമ്മയുടെ സ്വർണം പണപ്പെടുത്തി സംഘടിപ്പിച്ച പണവും ഉപയോഗിച്ച് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു.

അതിനിടയിൽ കൊറോണ വന്നതോടെ എല്ലാം തകിടം മറിയുന്ന സ്ഥിതിയായി. ഒരു ലക്ഷം മുടക്കുമ്പോൾ 80,000 രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായത്. പക്ഷേ എന്നാലും കൃഷി വേണ്ടെന്ന് വെക്കാൻ തോന്നിയില്ല. കൃഷി പിന്നേയും തുടരുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ ലാഭങ്ങളിൽ നിന്ന് തുടങ്ങി വലിയ തുക ലഭിക്കാൻ തുടങ്ങി. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും.

'നഷ്ടങ്ങളുണ്ടായപ്പോഴും മണ്ണ് ചതിക്കില്ലെന്നതായിരുന്നു വിശ്വാസം. പത്ത് രൂപ പ്രതീക്ഷിച്ചിടത്ത് 30 രൂപ കിട്ടാൻ തുടങ്ങി'- ഇതോടെയാണ് കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനായി തുടങ്ങിയത്. അങ്ങനെ കുറച്ചായി തുടങ്ങി ഇപ്പോൾ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളിലായി 50 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും മലയാളികളുമടക്കം മുപ്പതോളം പേരാണ് ജോലി ചെയ്യുന്നത് - മിലേൻ പറയുന്നു.

ഒരുകോടിക്ക് മേലെയാണ് പ്രതിവർഷ വിറ്റുവരവ്. പകുതിയിൽ കൂടുതലും കൃഷിക്കായി നീക്കിവയ്ക്കും. മാതാപിതാക്കളായ അഷ്‌റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വർഷത്തിലൊരിക്കൽ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്.കേരളത്തിൽ വീടുവയ്ക്കാൻ മോഹമുണ്ട്. കെട്ടിടനിർമ്മാണ മേഖലയിൽ 350രൂപ കൂലിക്ക് 'ഓഫർ' വന്നപ്പോഴും കൃഷിയിൽ പിടിച്ചുനിന്നതാണ് തന്റെ വിജയമെന്ന് മിലൻ പറയുന്നു.

'ഞാൻ ഒരു വർഷം കൃഷി ചെയ്താൽ കിട്ടുന്ന ലാഭമാണ് ഇത് വില്പനക്ക് കൊടുക്കുമ്പോൾ ഇടനിലക്കാരന് ഒരു ദിവസം കൊണ്ട് കിട്ടുന്നത്.' സ്വന്തമായി എക്സ്പോർട്ടിങിനുള്ള സംവിധാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ ആ ലാഭം എനിക്ക് തന്നെ കിട്ടും. എങ്കിൽ കൃഷി വിപൂലീകരിക്കാനും അഞ്ച് പേർക്കെങ്കിലും ജോലികൊടുക്കാനുള്ള സംവിധാനവും ഉണ്ടാകും. ഒരു എക്സ്പോർട്ടിങ് യൂണിറ്റ് കൂടി തുടങ്ങണം. എന്നിട്ട് ഒന്നുകൂടി മെച്ചപ്പെട്ടിട്ടുവേണം വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ - മിലേൻ പറയുന്നു.

സ്വന്തമായി ടച്ച് ഫോണോ, വാട്സ് ആപ്പോ, ഫെയിസ്ബുക്കോ ഒന്നുമില്ല. വെറുതേ ഇരിക്കുമ്പോൾ സമയം പോകുമെന്നതൊഴിച്ചാൽ എനിക്ക് അതിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഈ വകയായ ഒന്നും എനിക്കില്ല. ടച്ച് ഫോൺ പോലും വാങ്ങിക്കാത്തത് അത് വെറുതേ ഇരിക്കുന്നവർക്ക് വേണ്ടിയുള്ളതാണെന്ന് കരുതിയാണ്.

'സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം.... കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.' മിലേൻഷേഖ് പറയുന്നു.

നാട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഉള്ളത്. ഞാൻ ഇപ്പോൾ അവിടേക്ക് പോകാറില്ല. പോയാൽ കൃഷിയെല്ലാം അവതാളത്തിലാകും. ആരോഗ്യമുള്ള കാലത്തല്ലേ നന്നായി അധ്വാനിക്കാൻ കഴിയൂവെന്നാണ് ഞാൻ അവരോട് പറയുന്നത്. അവർ ഇവിടേക്ക് വരാറുണ്ട്. പക്ഷേ ഇവിടുത്തെ ഭക്ഷണ രീതിയൊന്നും തീരെ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇവിടേക്ക് വരാൻ മടിയാണ്. ഇക്കൊല്ലം ഞാൻ അവിടേക്ക് പോയില്ലെങ്കിൽ അവർ ഇവിടേക്ക് വരുമെന്നാണ് പറഞ്ഞിട്ടുള്ളത്.

എനിക്ക് ഇവിടുത്തെ ആളുകളേയും ഭക്ഷണവും സംസ്‌കാരവുമെല്ലാം വലിയ ഇഷ്ടമാണ്. എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ ഇവിടുത്തെ സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. സാമ്പാറും അവിയലുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന രുചി വേറെ തന്നെയാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോഴും മിക്കപ്പോഴും ഞാൻ കേരള ഭക്ഷണം കിട്ടുമോയെന്നാണ് അന്വേഷിക്കാറുള്ളത്. ചപ്പാത്തിയും ഡാൽ കറിയുമൊക്കെ മറന്നോയെന്ന് ചോദിച്ച് കൂട്ടുകാർ കളിയാക്കാറുണ്ടെന്നും മിലേൻ പറയുന്നു.