കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനെ മട്ടന്നൂർ ബേരത്ത് നിന്നും എൻഐഎ കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം ഞെട്ടിയത് സമീപവാസികൾ. ചൊവ്വാഴ്ച വരെയും ആശാരിപ്പണിക്ക് പോയ 'ഷാജഹാൻ' കേരളം കഴിഞ്ഞ പതിമൂന്ന് വർഷമായി തിരഞ്ഞുകൊണ്ടിരുന്ന സവാദ് ആണെന്ന അറിഞ്ഞതോടെ പ്രദേശവാസികൾക്ക് ആകെ അമ്പരപ്പ്.

ഷാജഹാൻ എന്ന പേരിലാണ് സവാദ് മട്ടന്നൂർ ബേരത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. നാട്ടുകാരുമായി വലിയരീതിയിൽ ഇടപഴകിയിരുന്നില്ല. വീടുകളിൽപോയി ആശാരിപ്പണി ചെയ്യുന്നതാണ് ഇയാളുടെ പതിവെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി പൊലീസിനെയും വിവിധ അന്വേഷണ ഏജൻസികളെയും കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്നു സവാദ്. കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാംപ്രതി സവാദി(38)നെ മട്ടന്നൂരിൽനിന്നാണ് എൻ.ഐ.എ. സംഘം ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്.

ഷാജഹാൻ എന്ന പേരിൽ രണ്ടുവർഷം മുൻപാണ് സവാദ് മട്ടന്നൂർ ബേരത്ത് വാടകവീട്ടിൽ താമസം ആരംഭിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് മുൻപ് വിളക്കോടാണ് താമസിച്ചിരുന്നതെന്നാണ് ഇയാൾ സമീപവാസികളോട് പറഞ്ഞിരുന്നത്. മകൾക്കും ഗർഭിണിയായ ഭാര്യയ്ക്കും ഒപ്പമായിരുന്നു രണ്ടുവർഷം മുൻപ് സവാദ് ബേരത്തെ വാടകവീട്ടിൽ താമസം തുടങ്ങിയത്. ഭാര്യയുടെ രണ്ടാംപ്രസവം ഇവിടെവച്ചായിരുന്നു. രാവിലെ ജോലിക്ക് പോയാൽ രാത്രി തിരികെ വീട്ടിൽവരുന്ന ഇയാൾ യുവാക്കളുമായോ സമീപവാസികളുമായോ വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നും എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയുന്നയാളാണെന്നും നാട്ടുകാർ പ്രതികരിച്ചു.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്തായി നിർമ്മാണം നടക്കുന്ന വീട്ടിലാണ് ഇയാൾ നിലവിൽ ജോലിചെയ്തിരുന്നത്. കഴിഞ്ഞദിവസവും ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം സവാദ് ഇവിടെ ജോലിചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ സവാദിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്നാണ് സമീപവാസികളുടെ പ്രതികരണം. രാവിലെ ആറരയോടെ ഒരുസംഘം ഉദ്യോഗസ്ഥർ സവാദിനെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോഴും എന്താണ് സംഭവമെന്ന് ആർക്കും മനസില്ലായില്ല. പിന്നീടാണ് ഇത്രയുംവർഷം ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയാണെന്ന് മനസിലായതെന്നും സമീപവാസികൾ പറയുന്നു.

ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു ഇയാളുടെ താമസം. പുലർച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് ആറ് മണിയോടെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി എന്നും അയൽവാസി വിശദീകരിച്ചു. മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്നും അയൽവാസി പറഞ്ഞു. എൻ.ഡി.എഫ്. പ്രവർത്തകനാണ് ഇയാൾക്ക് ബേരത്ത് ജോലി സംഘടിപ്പിച്ചുനൽകിയതെന്നും നാട്ടുകാരിൽ ചിലർ പ്രതികരിച്ചു. എൻ.ഡി.എഫ്. പ്രവർത്തകന്റെ കൂടെയാണ് ജോലിചെയ്തിരുന്നതെന്നും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

ഇയാൾ ജോലിസ്ഥലത്തേക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു എന്നും അയൽപക്കവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അയൽവാസി പറഞ്ഞു. എട്ട് മാസമായി കുരുമുക്ക് എന്ന സ്ഥലത്താണ് ഇയാൾ മരപ്പണി ചെയ്ത് താമസിച്ചിരുന്നത്. സവാദിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. മരപ്പണി പഠിച്ചത് മട്ടന്നൂരിൽ എത്തിയ ശേഷമാണെന്നാണ് വിവരം.

2011 ലാണ് കൈവെട്ട് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ദേശീയ അന്വേഷണ ഏജൻസിക്ക് തിരിച്ചടിയായിരുന്നു. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെ വിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ടവിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയ്തവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.

കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്‌സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.

പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളിൽ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസിൽ നാസർ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. അഫ്ഗാൻ സ്വദേശിയായി വ്യാജയാത്രാ രേഖകൾ തരപ്പെടുത്തി മറ്റൊരു പേരിൽ സവാദ് വിദേശത്ത് കഴിയുന്നുണ്ടാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഊഹം. സിറിയയിലേക്കു കടന്നതായും ഇടയ്ക്ക് പ്രചാരണമുണ്ടായി. ഇതിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിക്കപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത ഘട്ടത്തിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സവാദുണ്ടെന്നും ആഫ്രിക്കയിലെ സ്വർണഖനികളിൽ നിന്നു സ്വർണം ദുബായിലേക്കു കടത്തുന്ന സംഘത്തിൽ സവാദിനെ കണ്ടിട്ടുണ്ടെന്നും ചില പ്രതികൾ മൊഴി നൽകി. ആ സൂചനകളുടെ പിന്നാലെ പോയപ്പോഴും എൻഐഎ സംഘത്തിന് നിരാശയായിരുന്നു ഫലം. തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.