തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന സാഹചര്യത്തിൽ സുരക്ഷയുടെ പേരിൽ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും കെപി വിനയൻ അറിയിച്ചു. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ രംഗത്തെത്തിയത്.

വിവാഹങ്ങൾ വേണ്ടെന്നുവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 17ന് രാവിലെ 8ന് ക്ഷേത്രദർശനം നടത്തി 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും.

അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്. കല്യാണ ദിവസമായ 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന 17ന് രാവിലെ 6 മുതൽ 9 വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. ഈ ദിവസം 74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതിൽ ഏറിയ പങ്ക് വിവാഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. സുരക്ഷ മൂലം എത്തിച്ചേരാനും തിരിച്ചുപോകാനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കൂടുതൽ വിവാഹസംഘങ്ങൾ പുലർച്ചെ 5 മുതൽ 6 വരെ വിവാഹം നടത്താൻ തീരുമാനിച്ച് പൊലീസിനെ അറിയിച്ചു.

ഇപ്പോൾ 4 കല്യാണമണ്ഡപങ്ങളാണു ക്ഷേത്രത്തിനു മുന്നിലുള്ളത്. 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി ദേവസ്വത്തിന്റെ പക്കലുണ്ട്. സുരക്ഷാവിഭാഗം അനുവദിച്ചാൽ ഇതുകൂടി ഉപയോഗിക്കും. 14ന് രാവിലെ 10.30ന് ദേവസ്വത്തിന്റെ നാരായണീയം ഹാളിൽ കലക്ടറും സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും അടങ്ങുന്നവരുടെ ഉന്നതതല യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

ക്ഷേത്രത്തിൽ ശബരിമല സീസൺ കഴിഞ്ഞുള്ള ആദ്യത്തെ ഉദയാസ്തമയ പൂജ 17നാണ്. രാവിലെ 6ന് മുൻപായി ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകൾക്കും വേണ്ട നമ്പൂതിരിമാരും പാരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജകൾ തടസ്സമില്ലാതെ നടക്കും.

വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ അറിയിച്ചു. അതേസമയം, മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങൾ വിലക്കിയെന്ന വാർത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്. അന്നേ ദിവസം ഗുരുവായൂരിൽ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. 17ന് മറ്റു വിവാഹങ്ങൾ വിലക്കിയിട്ടില്ലെന്നും കർശന നിയന്ത്രണമേർപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. റോഡ് മാർഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയിൽ ഒരുക്കുന്നത്. കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും നടക്കും. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്.