- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒരേസമയം, യുദ്ധംചെയ്യാനും വാണിജ്യബന്ധം മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ല; അതിർത്തിയിലെ സംഘർഷം പരിഹരിക്കപ്പെടുന്നതുവരെ മറ്റു കാര്യങ്ങളിൽ ചൈന ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കരുത്'; നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ; മാലദ്വീപുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യമന്ത്രി

നാഗ്പുർ: അതിർത്തിയിലെ സംഘർഷം പരിഹരിക്കപ്പെടുന്നതുവരെ മറ്റു മേഖലകളിൽ ഇന്ത്യയുടെ സഹകരണം ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുമെന്നും എന്നാൽ ചില വിഷയങ്ങളിൽ പെട്ടെന്ന് പരിഹാരം കാണാനാവില്ലെന്നും ജയശങ്കർ പറഞ്ഞു. നാഗ്പുരിൽ നടന്ന പരിപാടിയിൽ 'ഭൗമരാഷ്ട്രീയത്തിൽ ഭാരതത്തിന്റെ ഉയർച്ച' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ സംഘർഷത്തിൽ ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ, മറ്റ് ബന്ധങ്ങൾ സാധാരണഗതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഒരേസമയം, യുദ്ധംചെയ്യാനും വാണിജ്യബന്ധം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കില്ല. നയതന്ത്രപരമായ പ്രശ്നങ്ങളിൽ പരിഹാരം അതിവേഗം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''അതിർത്തി തർക്കത്തിൽ പരിഹാരം ഉണ്ടാവുന്നതുവരെ മറ്റു കാര്യങ്ങളിൽ സഹകരണം പ്രതീക്ഷിക്കരുതെന്ന് ചൈനീസ് പ്രതിനിധിയോട് പറഞ്ഞിരുന്നു. ഒരുഭാഗത്ത് യുദ്ധം ചെയ്യാനും മറുവശത്ത് വ്യാപാരത്തിൽ ഏർപ്പെടാനുമാവില്ല. അതിർത്തിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയുണ്ടായിട്ടില്ല. തർക്ക പ്രദേശങ്ങളിൽ സൈനിക നീക്കം പാടില്ലെന്ന് ധാരണയുണ്ട്. എന്നാൽ 2020ൽ ചൈന ഇത് ലംഘിച്ചു. ഇതിനേത്തുടർന്നാണ് യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയ്ക്ക് കൂടുതൽ സൈനിക വിന്യാസം നടത്തേണ്ടി വന്നത്. ഗാൽവനിലെ ഏറ്റുമുട്ടൽ ഇതിന്റെ തുടർച്ചയായിരുന്നു എന്നും ജയശങ്കർ പറഞ്ഞു.
മാലദ്വീപുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ജയശങ്കർ വ്യക്തമാക്കി. രാഷ്ട്രീയപരമായ മാറ്റങ്ങളുണ്ടാവാം. എന്നാൽ ഇന്ത്യയുമായി നല്ല ബന്ധം നിലനിൽക്കേണ്ടതിന്റെ ആവശ്യം ആ രാജ്യത്തെ ജനങ്ങൾക്കറിയാം. അടിസ്ഥാന സൗകര്യ വികസനത്തിലും വ്യാപാര സാമ്പത്തിക വികസനത്തിലും ഇന്ത്യയുമായുള്ള ബന്ധം മാലദ്വീപിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരുപാട് പുരോഗതിയുണ്ടായിട്ടുണ്ടെന്നും മാലദ്വീപുമായി അടുത്തിടെയുണ്ടായ ഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിന് എസ് ജയശങ്കർ പ്രതികരിച്ചു.
വിദേശത്ത് സ്ഥിരതാമസമാക്കാൻ ധാരാളം ഇന്ത്യക്കാർ പാസ്പോർട്ട് സറണ്ടർ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നവരെ മോശമായി കാണരുതെന്നും വ്യോമയാനം, ഷിപ്പിങ്, ഹോസ്പിറ്റാലിറ്റി, തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


