യിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് മനുഷ്യത്വം മുഖമുദ്രയായ ഏതൊരു ഭരണവ്യവസ്ഥയും അനുശാസിക്കുന്നത്. എന്നാൽ, ലോകത്തിന്റെ പലഭാഗങ്ങളിലേയും മനുഷ്യാവകാശ ലംഘങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കയിൽ ഒരു നിരപരാധി ജയിൽ വാസം അനുഷ്ഠിച്ചത് നീണ്ട 44 വർഷക്കാലമായിരുന്നു. ഒരു വ്യാജ ബലാത്സംഗ കേസിൽ ഉൾപ്പെടുത്തിയത് വഴി 44 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്ന കറുത്ത വർഗ്ഗക്കാരന് 25 മില്യൻ ഡോളറിന്റെ നഷ്ടപരിഹാരമാണ് ലഭിച്ചത്. നോർത്ത് കരോലിനയിലാണ് സംഭവം.

കോൺകോർഡിൽ താമസിക്കുന്ന, ഇപ്പോൾ 68 വയസ്സുള്ള റോണി വാലസ് ലോംഗ് എന്ന കറുത്തവർഗ്ഗക്കാരൻ, തനിക്ക് 21 വയസ്സുള്ളപ്പോഴാണ് വ്യാജ ബലാത്സംഗ കേസിൽ പ്രതിയാക്കപ്പെടുന്നത്. മുഴുവൻ വെള്ളക്കാരടങ്ങിയ ജൂറി 1976 -ൽ ആയിരുന്നു ഇയാൾക്ക് ശിക്ഷ വിധിച്ചത്. പ്രദേശത്തെ നിയമനിർവഹണത്തിന്റെ ചുമതലയുള്ളവർ തിരഞ്ഞെടുത്തവരാണ് ജൂറിമാരായി വന്നതെന്ന് റോണിയുടെ അഭിഭാഷകർ ആരോപിച്ചു.

തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇയാൾക്ക് ഏറെ കാത്തു നിൽക്കേണ്ടി വന്നു. 2020-ൽ ആയിരുന്നു ഒരു ഫെഡറൽ അപ്പീൽ കോർട്ട് കേസ് പുനർവിചാരണ ചെയ്യണമെന്ന വിധി പ്രസ്താവിച്ചത്. അത് കഴിഞ്ഞ് ഏറെ താമസിയാതെ അയാളുടെ ശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്തു. അതേവർഷം തന്നെ അയാളെ പൂർണ്ണമായും കുറ്റവിമുക്തനാക്കി ഗവർണർ റോയ് കൂപ്പർ, ലോംഗിനെ ജയിലിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു.

അതിനു ശേഷം 2021 - ൽ ആയിരുന്നു ലൊംഗ് നോർത്ത് കരോലിന സംസ്ഥാനത്തിനെതിരെയും കോൺകോർഡ് നഗരത്തിനെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോയത്. ഇപ്പോൾ വിധിച്ചിരിക്കുന്ന 25 മില്യൻ ഡോളർ നഷ്ടപരിഹാരത്തിൽ 22 മില്യൻ ഡോളർ കോൺകോർഡ് നഗരസഭ നൽകണം. മാത്രമല്ല., ലോംഗിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിൽ നഗരസഭാധികൃതർക്കുള്ള പങ്കിന് രേഖാമൂലം മാപ്പ് അപേക്ഷിക്കുകയും വേണം.

കഴിഞ്ഞകാലത്ത് സംഭവിച്ച തെറ്റുകൾ മൂലം ലോംഗിനും ദ്ദേഹത്റ്റ്6ഹിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും ഉണ്ടായ വേദനയിൽ പശ്ചാത്തപിക്കുന്നുഎന്ന് നഗരസഭയുടെ എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ പറയുന്നു. ലോംഗിനും കുടുംബത്തിനും സംഭവിച്ച നഷ്ടങ്ങൾ പൂർണ്ണമായും നികത്താൻ കഴിയില്ലെങ്കിലും തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, അധികാര പരിധിയിൽ നിന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഡ്യുക്ക് യൂണിവേഴ്സിറ്റി ഓഫ് ലോ ആയിരുന്നു നീതിക്കായുള്ള പോരാട്ടത്തിൽ ലോംഗിനൊപ്പം നിന്നിരുന്നത്. സംഭവസ്ഥലത്തു നിന്നെടുത്ത 40 ഓളം വിരലടയാളങ്ങൾ ഒരിക്കലും പങ്കുവച്ചിരുന്നില്ലെന്നും അവയിൽ ഒന്നും തന്നെ ലോംഗിന്റെ വിരലടയാളവുമായി പൊരുത്തപ്പെട്ടിരുന്നില്ലെന്നും ലോംഗിന്റെ അഭിഭഷകർ ചൂണ്ടിക്കാട്ടി. ശുക്ലത്തിന്റെ സാമ്പിളും പ്രതിഭാഗവുമായി പങ്കുവെച്ചില്ല. അത് പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. തെറ്റായി ശിക്ഷിപ്പെട്ടതിന്റെ പേരിൽ നേരത്തെ ഒരു സ്റ്റേറ്റ് കമ്മീഷൻ ലോംഗിന് 7,50,000 ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.

എന്നാൽ, കോൺകോർഡ് പോലെസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടി ഫെഡറൽ കോർട്ട് ഓഫ് അപ്പീലിൽ പോവുകയായിരുന്നു. ലോംഗ് നിരപരാധിയാണെന്ന തെളിവ് അയാളിൽ നിന്നും അയാളുടെ അഭിഭാഷകരിൽ നിന്നും മറച്ചു പിടിച്ചത് തെറ്റായെന്ന് സ്റ്റേറ്റ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സമ്മതിച്ചു.