- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നെൽകർഷകരെ കടക്കെണിയിലാക്കുന്നു; റബ്ബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ തയ്യാറാകണം; വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നുവെന്നും കുറ്റപ്പെടുത്തൽ; കാർഷിക പ്രശ്‌നങ്ങളിൽ സർക്കാരിനെ വിമർശിച്ച് കെസിബിസി ഇൻഫാം കമ്മീഷൻ

തിരുവനന്തപുരും: സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി ഇൻഫാം കമ്മീഷൻ. നെൽകർഷകരെ കടക്കെണിയിലാക്കുന്നു, റബ്ബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ തയ്യാറാകണം, വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു എന്നിവയടക്കം കാർഷിക മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് കർഷക ദിനത്തിൽ പുറത്തിറക്കിയ സർക്കുലറിൽ വിമർശനം ഉന്നയിക്കുന്നത്.
നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുകയാണെന്ന് ഇൻഫാം ദേശീയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. റബ്ബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ സർക്കാർ ആർജ്ജവം കാണിക്കണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ് ചെയ്യുന്നത്. ക്ഷേമ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാകണം.
കർഷകരുടെ പക്ഷത്ത് നിൽക്കുന്നുവെന്ന് പറയുന്ന പാർട്ടികൾക്ക് പോലും ശബ്ദിക്കാനാവുന്നില്ല. കർഷകരുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കർഷക കൂട്ടായ്മകൾക്ക് നൽകണമെന്നും ഇന്ന് പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു.
നെല്ലിന്റെ വില ലഭിക്കാതെ വന്നതോടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. നെല്ലെടുത്തിട്ട് സർക്കാർ കാശ് നൽകിയില്ലെന്ന പറഞ്ഞ് പൊട്ടിക്കരഞ്ഞ് ആത്മഹത്യ ചെയ്ത കർഷകന്റെ വിലാപം ആബേലിന്റെ നിലവിളി പോലെ, കേരളത്തിന്റെ ആകാശത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്ന് കെസിബിസി ഇൻഫാം കമ്മീഷൻ സർക്കുലറിൽ പറയുന്നു.
ഗതികെട്ട് ദാരിദ്രത്തിന്റെ പിച്ചച്ചട്ടിയേന്തി അടിമാലി ടൗണിൽ രണ്ടു വയോധിക സ്ത്രീകൾ പ്രതിഷേധിച്ചതും നമുക്ക് മറക്കാറായിട്ടില്ലെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ സംരക്ഷിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്തപ്പെട്ട സർക്കാരിന് മുമ്പിൽ കർഷകരും കർഷക ബന്ധുക്കളും നിലനിൽപ്പിനായി പ്രതിഷേധിക്കുമ്പോൾ, 'ഇവിടെ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല' എന്ന തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ ഭരണകർത്താക്കളിൽ നിന്നുണ്ടായതും ആശങ്കപ്പെടുത്തുന്ന കാലമാണെന്ന് സർക്കുലറിൽ പറയുന്നു.

എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട് കർഷകർ അതീവ ഗുരുതരമായ സ്വത്വ പ്രതിസന്ധി അനുഭവിക്കുകയാണ്. ഉൽപാദനം മുതൽ വിപണം വരെയുള്ള സകല മേഖലകളിലും കർഷകർ സമാനതകളില്ലാത്ത അവഗണനയാണ് നേരിടുന്നത്. കർഷകർക്ക് ആശ്രയമായ ഏതുതരം കൃഷിയും അത് നെല്ലോ, ഏലമോ, റബ്ബറോ കപ്പയോ ഏതുമാകട്ടെ കർഷകന്റെ ജീവസന്ധാരണത്തിന് ഉപകരിക്കപ്പെടാത്തവിധം വിലത്തകർച്ചയെ നേരിടുകയോ വൻകിട കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുകയോ ചെയ്യുകയാണെന്നും സർക്കുലറിൽ പറയുന്നു.


