കോഴിക്കോട്: എം ടി. വാസുദേവൻ നായർക്ക് പിന്നാലെ ഭരണകൂടത്തിന് എതിരെ രാഷ്ട്രീയ വിമർശനവുമായി എഴുത്തുകാരൻ എം. മുകുന്ദനും. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ നാം ഉള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങൾ വരുന്നുണ്ട്, മുകുന്ദൻ പറഞ്ഞു.

വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമർശനം എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും മുകുന്ദൻ പറഞ്ഞു. ഇടത് സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളിൽ ഇടർച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് എം മുകുന്ദൻ പറഞ്ഞു. വ്യക്തി പൂജ പാടില്ലെന്നാണ് തന്റെ നിലപാട്. കേരളത്തിലെ സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നു.ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്.അത് പരിശോധിക്കണം. സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തന്റെ വിമർശനം ബാധകമാണ്. ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുത്. ഇഎംഎസ് നേതൃപൂജകളിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന എംടിയുടെ വിമർശനം ഉൾക്കൊള്ളണം

കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എംടി നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. ഇതിനെ വ്യാഖ്യാനിച്ച് സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എം മുകുന്ദന്റെ പ്രതികരണം. ജനാധിപത്യ സംവിധാനത്തിൽ വിമർശനം ആവശ്യമാണ്.പലർക്കും സഹിഷ്ണുതയില്ല.വിമർശിക്കാൻ എഴുത്തുകാർ പോലും മടിക്കുന്നു .വിമർശനം വേണം.അത് എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു

ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം ടി.വാസുദേവൻ നായരുടെ വിമർശനം. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും കെഎൽഎഫിൽ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തുറന്നടിച്ചിരുന്നു. എംടിയുടെ വിമർശനം രാഷ്ട്രീയ ചർച്ചയായിരുന്നു.

നേരത്തെ, ഇതേ വേദിയിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം ടി. വാസുദേവൻ നായർ അധികാരവിമർശനം നടത്തിയിരുന്നു. ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം ടി. അധികാരത്തെ വിമർശിച്ചത്. അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിച്ചുമൂടിയെന്ന് എം ടി. പറഞ്ഞു. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും എം ടി. ചൂണ്ടിക്കാട്ടിയിരുന്നു.