- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നാൽപത് ലക്ഷത്തിന്റെ ബൈക്ക് ഇപ്പോൾ അതിന്റെ ഉടമസ്ഥന്റെ കൈവശമാണ് ഉള്ളത്; ഞാൻ ബൈക്ക് വാങ്ങിയത് അറിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിലൂടെ; ഓഡി കാർ വാങ്ങിയെന്ന് പറഞ്ഞതും ഇതുപോലെ; ആകെയുള്ള ഇരുചക്രവാഹനം ഇലക്ട്രിക് സൈക്കിൾ മാത്രം; വിമർശനത്തിന് മറുപടിയുമായി ആദിത്യവർമ

തിരുവനന്തപുരം: നാൽപത് ലക്ഷം രൂപ വിലയുള്ള ബൈക്ക് കവടിയാർ കൊട്ടരത്തിലെ രാജകുടുംബാംഗം വാങ്ങിയെന്ന രീതിയിൽ തന്റെ ചിത്രങ്ങളോടുകൂടി പ്രചരിച്ച വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി ആദിത്യവർമ്മ. തന്റെ സുഹൃത്ത് വാങ്ങിയ ബിഎംഡബ്ലു സീരിസിലെ ബൈക്കിന്റെ താക്കോൽ കൈമാറുന്ന ചിത്രം കണ്ട് തെറ്റിദ്ധരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതാണെന്ന് ആദിത്യ വർമ പറഞ്ഞു. ആ ബൈക്ക് ഇപ്പോൾ അതിന്റെ ഉടമസ്ഥന്റെ കൈവശമാണ് ഉള്ളതെന്നും ബൈക്ക് താൻ സ്വന്തമാക്കിയെന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആദിത്യവർമ്മ മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു.
'എന്റെയൊരു സുഹൃത്ത് ആ ബൈക്ക് വാങ്ങിച്ചു. അതിന്റെ താക്കോൽ കൈമാറാൻ പോയതാണ്. പിന്നെ ബൈക്കിന്റെ മുകളിൽ ഒന്നു കയറിയിരുന്നു. എന്റെ കൈയിൽ അത് നിൽക്കില്ല. വലിയ ഭാരമുള്ള വാഹനമാണ്. ഞാൻ പൊതുവെ ഒരു ബൈക്കിന്റെ ആളുമല്ല. എനിക്ക് മോട്ടോർ ബൈക്കില്ല. ഞാനൊരു ഓഫ്‌റോഡ് ഫോർ വീൽസിന്റെ ആണാണ്', ആദിത്യ വർമ പറയുന്നു.
'താക്കോൽ കൈമാറുന്ന ചിത്രം കണ്ട് തെറ്റിദ്ധരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതാണ്. അവിടെ ഒരുപാട് യൂടൂബ് ചാനലിന്റെ ആളുകൾ ഉണ്ടായിരുന്നു. ഞാൻ ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യുന്നത് കണ്ടു. കാര്യം മനസിലാക്കാതെ വാർത്ത നൽകിയതായിരിക്കണം. ഇക്കാര്യം ചോദിച്ചിരുന്നെങ്കിൽ സത്യം പറഞ്ഞേനെ' ആദിത്യ വർമ്മ പറയുന്നു
ആദ്യമായി കവടിയാർ കൊട്ടാരത്തിലേക്ക് ഓഡി കാർ സ്വന്തമാക്കിയെന്ന വാർത്തയും ഇതുപോലെ പ്രചരിച്ചിരുന്നു. വാങ്ങിയാൽ കൊള്ളാമെന്ന് ഉണ്ടായിരുന്നു. ആ കാർ വാങ്ങിയത് ട്രസ്റ്റായിരുന്നു. അന്ന് എറണാകുളത്ത് ഉണ്ടായിരുന്നതിനാൽ മടക്കയാത്രയിൽ ഓഡി കാർ കൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടു വരികയാണ് ഉണ്ടായത്.
നാൽപത് ലക്ഷത്തിന്റെ വാഹനം വാങ്ങിയതിൽ എന്താണ് പ്രത്യേകത എന്ന മട്ടിലായിരുന്നു വാർത്തകൾക്ക് കമന്റുകൾ വന്നത്. നമ്മൾ അറിയാത്ത കാര്യത്തിനാണ് കേൾക്കേണ്ടി വരുന്നത്. ബൈക്ക് വാങ്ങിയെന്ന രീതിയിൽ ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു. എന്നാൽ അതിന്റെ കമന്റുകൾ അവർ ഓഫ് ചെയ്തിരിക്കുകയാണ്. അല്ലെങ്കിൽ വായിച്ച് രസിക്കാമായിരുന്നു.
വാഹനങ്ങൾ ഓടിക്കാൻ വലിയ ഇഷ്ടമാണ്. റൂബിക്കോൺ ഓടിച്ചു. ലാൻഡ് റോവർ ഡിഫൻഡർ ഓടിച്ചിട്ടുണ്ട്. ടൊയോട്ട വെൽഫയറിന്റെ വണ്ടി ഓടിച്ചു പോയിട്ടുണ്ട്. സ്വന്തമായിട്ട് അടുത്ത് വാങ്ങിച്ചത് ഒരു ഇലട്രിക് വാഹനമാണ്. ടാറ്റയുടെ ടിയാഗോ. പിന്നെ മറ്റൊരു വാഹനം വാങ്ങിച്ചു. മോട്ടോർ ഇല്ലാത്ത ബൈക്ക്. അതായത് ഇലക്ട്രിക് സൈക്കിൾ. പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ വില വരുന്നത്. അത് വ്യായാമത്തിന് വേണ്ടി വാങ്ങിയതാണ്.
ആകെ കൈവശമുള്ള ഇരുചക്രവാഹനം ഈ ഇലക്ട്രിക് സൈക്കിൾ മാത്രമാണ്. ഇത്തരം വാർത്തകൾ ചെയ്യുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. വിവരങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷം മാത്രമേ നൽകാവു. ഇത് കാണുന്നവർ ചിലപ്പോൾ സത്യമാണെന്ന് കണ്ണടച്ച് വിശ്വസിച്ചെന്ന് വരും. ഇത്തരം വാർത്തകളിലൂടെ നെഗറ്റീവ് ഇമേജ് എന്താണ് കൂട്ടുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.


