അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നൽകും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതൻ മഹന്ത് നൃത്യഗോപാൽദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ചടങ്ങിൽ സാക്ഷിയാകും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ നാളെ ആരംഭിക്കും.

ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂർ നീണ്ടു നിൽക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകൾ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 'ജനുവരി 16 മുതൽ 21 വരെ മതപരമായ ചടങ്ങുകൾ നടക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 200 കിലോഗ്രാമോളം തൂക്കമുള്ളതാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം. ക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ ജനുവരി 18ന് വിഗ്രഹം എത്തിക്കും. ' ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് അറിയിച്ചു. ജനുവരി 23 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കും.

നൂറ്റാണ്ടുകൾ കാത്തിരുന്ന സുവർണ ദിനം

നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ആ ദിവസം തന്നെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചർച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിൽ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും. ഹിന്ദു കലണ്ടർ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്നേ ദിവസം രാവിലെ 8.47 വരെ മൃഗശിരയും യോഗബ്രഹ്‌മ സമയവുമാണ്. 8.47 ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും.

ജ്യോത്സ്യന്മാരുടെ അഭിപ്രായത്തിൽ ജനുവരി 22 മഹാവിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ദ്വാദശിയായ കർമ ദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച് ഈ ദിവസമാണ് മഹാവിഷ്ണു കൂർമ രൂപത്തിൽ അവതാരമെടുത്ത് അമൃത് കടഞ്ഞെടുക്കുന്ന പാലാഴി മഥനത്തിൽ സമുദ്രത്തിലേക്ക് താഴ്ന്നു പോയ മന്ഥര പർവ്വതത്തെ ഉയർത്താൻ സഹായിച്ചത്. രാമൻ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്ഘാടനത്തിന് യോജിച്ചതാണെന്നാണ് അഭിപ്രായം. ജനുവരി 22 നെ തിരഞ്ഞെടുക്കാൻ മറ്റ് പല കാരണങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.

ഈ ദിവസത്തിന്റെ തുടക്കത്തിൽ മൂന്ന് പ്രധാന യോഗങ്ങൾ കാണപ്പെടുന്നുണ്ട്. സർവാർത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങൾ. ഈ ദിവസം ശുഭകരമായ കർമങ്ങൾ നിർവ്വഹിക്കുന്നവർക്ക് പിന്നീടുള്ള എല്ലാ കർമത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം. ഉദ്ഘാടന ശേഷം ജനുവരി 24 ന് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തേക്കും. ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യത ക്ഷേത്ര അധികാരികൾ കണക്ക് കൂട്ടുന്നുണ്ട്. ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് ഭക്തി സാന്ദ്രമായ അനുഭവം സമ്മാനിക്കാനുള്ള പദ്ധതികളും ക്ഷേത്ര ഭരണ സമിതി ഒരുക്കുന്നുണ്ട്.

അയോധ്യ മുഖം മിനുക്കുന്നു

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതിനൊപ്പം അയോധ്യ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുകയാണ് ഉത്തർ പ്രദേശ് സർക്കാർ. ഇന്ത്യയിലെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പ് നിർമ്മിക്കുകയാണ് യോഗി സർക്കാർ. 1000 ഏക്കറിലായി പാരമ്പര്യ വിധിയും കൺടെംപററി ശൈലിയും ഒരുപോലെ ഉപയോഗിച്ചായിരിക്കും ന്യൂ അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ടൗൺഷിപ്പ് ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സർക്കാർ ഇതിനോടകം കണ്ടെത്തിയതായി സംസ്ഥാന ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗോകർണ് അറിയിച്ചു.

നദീതീരത്തെ ടൗൺഷിപ് എന്ന രീതിയിലായിരിക്കും ന്യൂ അയോധ്യ സിറ്റി രൂപകൽപന ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടൗൺഷിപ്പായിരിക്കും ഇത്. ഇവിടെ ഒരു ഹോട്ടലിനായുള്ള സ്ഥലം സ്‌ക്വയർ മീറ്ററിന് 88,000 രൂപയ്ക്കാണ് സർക്കാർ ലേലത്തിൽ വെച്ചത്. എന്നാൽ സ്‌ക്വയർ മീറ്ററിന് 108,000 രൂപയ്ക്കാണ് ഈ സ്ഥലം വിൽപന നടന്നത്. സർക്കാർ ഗസ്റ്റ് ഹൗസിനുള്ള സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അതിന്റെ നടപടികൾ പൂർത്തിയായ ശേഷമേ പുറമേനിന്നുള്ളവർക്കുള്ള ലേലം ആരംഭിക്കൂ എന്നും നിതിൻ ഗോകർണ് പറഞ്ഞു.

രാമക്ഷേത്രത്തിനായുള്ള സ്ഥലം കണ്ടെത്തിയതുമുതൽ 50 ശതമാനത്തോളമാണ് അയോധ്യയിൽ സ്ഥലത്തിന് വിലകൂടിയത്. രാമക്ഷേത്രം വരുന്നതോടെ ഇവിടം ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതും രാജ്യത്തെ വ്യവസായ പ്രമുഖരെ അയോധ്യയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. ദിവസേന 80,000 മുതൽ 100,000 സന്ദർശകർ അയോധ്യയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് രാജ്യത്തെ വ്യവസായ പ്രമുഖരെല്ലാം അയോധ്യയിൽ വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിക്കഴിഞ്ഞു. പ്രധാനമായും ഹോട്ടൽ, ഹൗസിങ് കോളനികൾക്കുള്ള പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലടക്കം അയോധ്യയിൽ ഉടൻ നിർമ്മാണം ആരംഭിക്കും. മുംബൈ ആസ്ഥാനമായ ഹോട്ടൽ ബിസിനസ് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 22-ന് തന്നെ അയോധ്യയിലെ ഏറ്റവും പുതിയ ഹൗസിങ് പ്രോജക്ടിന്റെ നിർമ്മാണം ആരംഭിക്കും. അമിതാഭ് ബച്ചൻ അയോധ്യയിൽ വീടുപണിയുന്നതിനായുള്ള സ്ഥലം വാങ്ങിയത് ഇതിനോടകം വാർത്തയായിരുന്നു. രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് മാത്രം യാത്രയുള്ള 'ദി സരയു' എന്ന സ്ഥലത്താണ് അമിതാഭ് വീട് പണിയുക. അയോധ്യയിലെ കണ്ണായ സ്ഥലമാണ് സരയൂനദിയുടെ തീരത്തുള്ള ഈ സ്ഥലം.

ചെറുതും വലുതുമായ നൂറ്റിപത്തോളം ഹോട്ടലുകളാണ് ഇവിടെ നിർമ്മാണം ആരംഭിക്കാനിരിക്കുന്നത്. പുതുതായി ഒരു സോളാർ പാർക്കും ഇവിടെ പണികഴിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയോധ്യയിലെ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഇതിനോടകം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കി പണിതിരുന്നു. ഇതുകൂടാതെ ലഖ്നൗവിൽ നിന്നുള്ള പുതിയ ഹെലികോപ്ടർ സർവീസ് വെള്ളിയാഴ്ചയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് പങ്കെടുക്കും
ഉത്തരേന്ത്യയിലെ കൂടുതൽ കോൺഗ്രസ് ഘടകങ്ങൾ അയോധ്യയിലേക്ക് പോകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കാതെ തുടർ ദിവസങ്ങളിലോ മുൻപോ രാമക്ഷേത്രത്തിലെത്താനാണ് തീരുമാനം. ഉത്തർ പ്രദേശ് ഘടകം വൈകുന്നരത്തോടെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഇതിനിടെ ശങ്കരാചാര്യന്മാരെ വിമർശിച്ച മഹാരാഷ്ട്ര മന്ത്രി നാരായൺ റാണയെ പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

അയോധ്യയിൽ പരമാവധി പരിക്കേൽക്കാതെ നീങ്ങാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിഷ്ഠാ ദിനം ബിജെപി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന വിമർശനം ഉന്നയിച്ച് മാറി നിൽക്കുമ്പോൾ തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കാനാണ് കൂടുതൽ സംസ്ഥാന ഘടകങ്ങൾ അയോധ്യയിലേക്ക് നീങ്ങുന്നത്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് ഘടകങ്ങളിലെ നേതാക്കൾ അയോധ്യയിലെത്തും. വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഹിമാചൽ പ്രേദശിലെ മന്ത്രി വിക്രമാദിത്യ സിങ് വ്യക്തമാക്കിയിരിക്കുന്നത്. പിസിസി അധ്യക്ഷയായ അമ്മ പ്രതിഭ സിംഗും ചടങ്ങിൽ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. മത വിശ്വാസത്തിന്റെ പേരിൽ പോകുന്ന ആരേയും തടയില്ലെന്നാണ് പാർട്ടിയുടെ നിലപാട്. വൈകുന്നരത്തോടെ ആയിരം പേരടങ്ങുന്ന സംഘവുമായി ഉത്തർ പ്രദേശ് പിസിസി അയോധ്യയിലെത്തും. സരയു നദിയിൽ മുങ്ങി കുളിച്ച് രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് പിസിസി അധ്യക്ഷൻ അജയ് റായ് പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്തർപ്രദേശ് പര്യടനത്തിനിടെ രാഹുൽ ഗാന്ധി രാമക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തർ പ്രദേശ് പിസിസി ആവശ്യപ്പെടും. അതേ സമയം അയോധ്യയിൽ ആചാരലംഘനം നടക്കുന്നുവെന്ന് കടുത്ത വിമർശനമുയർത്തിയ ശങ്കരാചാര്യന്മാരെ വിമർശിച്ച മന്ത്രി നാരായൺ റാണെക്കെതിരെ നടപടിയെടുക്കണമെന്നും, ബിജെപി മാപ്പ് പറയണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് ശങ്കരാചാര്യന്മാർ എന്ത് സംഭാവനയാണ് നൽകിയിരിക്കുന്നതെന്നും ചടങ്ങിനെ ആശിർവദിക്കുന്നതിന് പകരം രാഷ്ട്രീയ കണ്ണോടെകാണുകയാണെന്നുമായിരുന്നു നാരായൺ റാണെ തിരിച്ചടിച്ചത്. പ്രതികരിക്കരുതെന്ന് പാർട്ടി നിർദ്ദേശം മറികടന്നായിരുന്നു റാണെയുടെ വിമർശനം.