ലണ്ടൻ: ബാൽമൊറാലിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ പ്രധാനമന്ത്രി ഋഷി സുനക് അൽപം അസ്വസ്ഥനായിരുന്നു. രാജകീയ മര്യാദകൾ പാലിക്കപ്പെടുമെന്നുറപ്പിക്കാനായിരുന്നു ഏറെ വിഷമം. അത്താഴ വിരുന്നിന് തീൻ മേശക്കരികിൽ അൽപം കൂടുതൽ ശബ്ദമുയർന്നാൽ പോലും അത് മര്യാദകേടായി വ്യാഖ്യാനിക്കപ്പെടും. എന്നാൽ, അത്താഴ വിരുന്ന് ആരംഭിച്ചതോടെ ഋഷിയുടെ ആശങ്കകൾ എല്ലാം വിട്ടുമാറി.

അവിശ്വസനീയമാം വിധം ആതിഥേയ മര്യാദ കാണിക്കുന്ന സ്നേഹനിധിയായ ആതിഥേയയായിരുന്നു കാമില രാജ്ഞി എന്ന് പിന്നീട് ഋഷി പറഞ്ഞു. ആ ഒരു വാരാന്ത്യം മറക്കാൻ ആകാത്തതാണ്. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളുമായി സ്നേഹമുഹൂർത്തങ്ങൾ നിറഞ്ഞ ഒരു വാരാന്ത്യമായിരുന്നു അതെന്നും ഋഷി ഓർക്കുന്നു. റോബർട്ട് ഹാർഡ്മാൻ രചിച്ച ചാൾസ്, ദി ഇൻസൈഡ് സ്റ്റോറി എന്ന പുസ്തകത്തിലാണ് ഇത് വിവരിച്ചിരിക്കുന്നത്.

ഇത് ഒരു പുതിയ കാര്യമല്ല, കൊട്ടാരത്തിലെ ജോലികൾക്കായി നിയമിക്കപ്പെട്ട പുതിയ ജീവനക്കാർ എത്തുമ്പോഴും ആദ്യം ആശങ്ക ഉണ്ടാവുക പതിവാണ്. പുറത്ത് കെട്ടിയുയർത്തിയ ഭാവനകളുടെ ഇരുൾ ലേശം പോലുമേൽക്കാത്ത, പ്രകാശമയമാർന്ന അന്തരീക്ഷമാണ് കൊട്ടാരത്തിനകത്തെന്ന് പിന്നീടവർ മനസ്സിലാക്കും. അതിന് ഒരു കാരണം കാമില എന്ന ബ്രിട്ടീഷ് രാജ്ഞി തന്നെ എന്ന് അനുഭവസ്ഥർ പറയുന്നു.

ഒരു സ്വാഭാവിക നർമ്മബോധമുള്ള വനിതയാണവർ എന്ന് അവരുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. എപ്പോഴും മറ്റുള്ളവരെ സന്തോഷത്തിൽ ആഴ്‌ത്താൻ അവർക്ക് കഴിയും. ആ മനസ്സിൽ നിന്നും മുഖത്ത് നിന്നും എപ്പോഴും പൊഴിയുന്നത് പോസിറ്റീവ് എനർജി ആയിരിക്കുമെന്നും അവർ പറയുന്നു. പ്രത്യേകിച്ച്, രാജാവിനൊപ്പമാണെങ്കിൽ, രാജ്ഞിയുടെ ആഹ്ലാദം ഇരട്ടിക്കും, അത് ചുറ്റുമുള്ളവരിലേക്കും പടരും.

കാമിലക്ക് സ്വാഭാവികമായി ലഭിച്ച, കുസൃതി നിറഞ്ഞ ഒരു കണ്ണിറുക്കൾ ആണ് അവരുടെ ഏറ്റവും വലിയ പ്ലസ്സ് പോയിന്റ് എന്ന് അവരുടെ ഉറ്റ സുഹൃത്തുക്കൾ പറയുന്നു. ആരെയും ആകർഷിക്കുന്നതാണ്. മറ്റൊന്ന്, സന്ദർഭവും സാഹചര്യവും അനുസരിച്ച് പെരുമാറുന്നതിനുള്ള കഴിവാൺ'. രാജ്ഞി എന്ന നിലയിലുള്ള തന്റെ ഭാഗം എന്തെന്ന് പൂർണ്ണമായും മനസ്സിലാക്കാൻ കാമിലക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ആൻ രാജകുമാരി പറയുന്നത്. അത് രാജാവിനെ കൂടുതൽ ശക്തനാക്കുന്നു എന്നും അവർ പറയുന്നു.

ഒരു രാജ്ഞിയിലേക്കുള്ള കാമിലയുടെ പരിണാമം തികച്ചും അവിശ്വസനീയം എന്നാണ് അവരുടെ ഇളയ സഹോദരി ആന്നാബേൽ എലിയട്ട് പറയുന്നത്. പുതിയ പദവിയുമായി ഇണങ്ങിച്ചേരാൻ കുറച്ച് സമയം എടുക്കും എന്നായിരുന്നു അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും വിചാരിച്ചിരുന്നത്. എന്നാൽ, കാമിലക്ക് അത് അതിവേഗം സാധിച്ചു എന്നും ആന്നാബേൽ പറയുന്നു.

തികഞ്ഞ കുസൃതികളായിരുന്നു തങ്ങൾ ഇരുവരുമെന്ന് കുട്ടിക്കാല സ്മരണകളിലേക്ക് ഊളിയിട്ടുകൊണ്ട് ആനബേൽ പറയുന്നു. താമാശകളും, സ്വയം കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുമൊക്കെ അന്നേ കാമിലക്ക് സ്വന്തമായിരുന്നു. പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് പോകുമ്പോൾ ഒരിക്കലും തങ്ങൾ രണ്ടു പേരെയും അടുത്തടുത്ത് ഇരിക്കാൻ അനുവദിക്കാറില്ലെന്നും അവർ പറഞ്ഞു, കുസൃതിയും കുറുമ്പും കാണിച്ച് ചടങ്ങ് അലങ്കോലമാക്കും എന്ന് കുടുംബക്കാർക്ക് ഉറപ്പായിരുന്നത്രെ.

ചെറുപ്പത്തിൽ, കുടുംബത്തിലെ മുതിർന്നവർ ആരോ ആണ് അവർക്ക് ലൊറെയ്ൻ എന്ന വിളിപ്പേര് നൽകിയത്. ഫ്രഞ്ച് ഭാഷയിലെ രാജ്ഞി എന്ന് അർത്ഥം വരുന്ന ലെ റെയ്ൻ എന്ന വാക്കിൽ അൽപം മാറ്റം വരുത്തിയായിരുന്നു ആ പേര്. എന്നാൽ, ഇന്ന് രാജപദവിയുടെ ഔപചാരികത മാനിച്ച് അവരെ യുവർ മെജസ്റ്റി എന്ന് വിളിക്കാൻ തനിക്കാവുന്നില്ലെന്നും സഹോദരി പറയുന്നു. പിന്നീട് പേരക്കുട്ടികളാണ് ഗാ- ഗാ എന്ന് വിളിപ്പേര് രാജ്ഞിക്ക് സമ്മാനിച്ചത്. ബ്രിട്ടന്റെ രാജ്ഞി അവർക്ക് ഇപ്പോഴും അവരുടെ പ്രിയപ്പെട്ട ഗാ - ഗാ തന്നെയാണ്.

രാജ പദവി എന്നത് ഏറേ സമ്മർദ്ദം ഉളവാക്കുന്ന ഒരു പദവിയാണെന്ന് ചാൾസ് രാജാവിന്റെ സഹപാഠിയായ ലോർഡ് ചാർട്രെസ് പറയുന്നു. ഔപചാരികതകളുടെ ചുറ്റുമതിലിൽ അടക്കപ്പെട്ട ജീവിതം എന്നാൽ, അവിടെയും കാമില വ്യത്യസ്തയാവുകയാണെന്ന് അദ്ദേഹം പറയുന്നു. ഏത്ര കടുത്ത സമ്മർദ്ദത്തിലാണെങ്കിലും,. അതിൽ അയവു വരുത്താൻ കാമിലക്ക് കഴിയും. ആ സ്നേഹസ്പർശം ബ്രിട്ടീഷ് രാജാവിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.