കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷനൽ ഷിപ്പ് റിപയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി കപ്പൽശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആർഎഫും ആഗോള തലത്തിൽ കപ്പൽ നിർമ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതൽ കരുത്താകും. ഊർജ്ജ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാകുന്ന ഐഒസിയുടെ എൽപിജി ഇംപോർട്ട് ടെർമിനൽ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും.

കൊച്ചി കപ്പൽ ശാലയിൽ 1,799 കോടി രൂപ ചെലവിൽ നിർമ്മിച്ച ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിർവഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കായ ഇത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. 310 മീറ്റർ നീളമുള്ള ഈ സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്കിന് 13 മീറ്റർ ആഴവും 75/60 മീറ്റർ വീതിയുമുണ്ട്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവർത്തന ക്ഷമത എന്നിവയാണ് സവിശേഷതകൾ. 70000 ടൺ വരെ ഭാരമുള്ള വിമാനവാഹിനികൾ, കേപ്സൈസ് ആൻഡ് സൂയസ്മാക്സ് ഉൾപ്പെടെയുള്ള കൂറ്റൻ ചരക്കു കപ്പലുകൾ, ജാക്ക് അപ്പ് റിഗ്സ്, എൻഎൻജി കപ്പലുകൾ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. ഇത് പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ 2000 പേർക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൂടാതെ അനുബന്ധ വ്യവസായങ്ങളുടേയും ചെറുകിട സംരംഭങ്ങളുടേയും വളർച്ചയേയും ഇത് ത്വരിതപ്പെടുത്തും.

വില്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അഥോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആർഎഫ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയെ ഒരു ആഗോള കപ്പൽ റിപ്പയർ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 6000 ടൺ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാൻസ്ഫർ സിസ്റ്റം, ആറ് വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് തുടങ്ങിയവ ഐഎസ്ആർഎഫിന്റെ മാത്രം സവിശേഷതകളാണ്. കൊച്ചി കപ്പൽശാലയുടെ നിലവിലെ ഷിപ്പ് റിപ്പയർ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിലും കൊച്ചിയെ ഒരു ആഗോള ഷിപ്പ് റിപ്പയർ ഹബ് ആക്കി മാറ്റുന്നതിലും ഐഎസ്ആർഎഫ് നിർണായക പങ്കുവഹിക്കും. ഇന്ത്യയിൽ ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഐഎസ്ആർഎഫ് 2000 പേർക്ക് നേരിട്ട് തൊഴിൽ നൽകും. മാരിടൈം ഇന്ത്യ വിഷൻ 2030 എന്ന കേന്ദ്ര സർക്കാരിന്റെ സുപ്രധാന മാരിടൈം വികസന പദ്ധതിയുടെ പ്രധാനലക്ഷ്യ പൂർത്തീകരണമാണ് ഈ പദ്ധതികൾ. ഈ രണ്ടു പദ്ധതികളും ഈ രംഗത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകുകയും സ്വയം പര്യാപ്തമാക്കുകയും ആഗോള പ്രശസ്തിയിലേക്ക് നയിക്കുകയും ചെയ്യും.

കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതിയ എൽപിജി ഇംപോർട്ട് ടെർമിനൽ പണിപൂർത്തീകരിച്ചിരിക്കുന്നത്. 3.5 കിലോമീറ്റർ ക്രോസ് കൺട്രി പൈപ്പ്ലൈനിലൂടെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുമായി ബന്ധിപ്പിച്ച ഈ അത്യാധുനിക ടെർമിനലിന് 1.2 എംഎംടിപിഎ ശേഷിയുണ്ട്. ദക്ഷിണേന്ത്യയുടെ എൽപിജി ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് തന്ത്രപ്രധാന സ്ഥലമായ കൊച്ചിയിൽ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെർമിനൽ റോഡ്, പൈപ്പ് ലൈൻ വഴികളിലൂടെയുള്ള എൽപിജി വിതരണം ഉറപ്പാക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്ടിലിങ് പ്ലാന്റുകൾക്കും ഇത് പ്രയോജനം ചെയ്യും.

എൽപിജി വിതരണത്തിൽ പ്രതിവർഷം 150 കോടി രൂപയുടെ ചെലവ് കുറയ്ക്കാനും 18000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പുതിയ ടെർമിനൽ സഹായകമാകും. നിർമ്മാണ ഘട്ടത്തിൽ തന്നെ ഈ പദ്ധതി 3.7 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രവർത്തന സജ്ജമായാൽ പ്രതിവർഷം 19800 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്കു കഴിയും. 2047ൽ വികസിത ഭാരതമാകുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് കൂടുതൽ കരുത്തേകാനും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുന്ന മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതികൾ വഴിയൊരുക്കും. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ടി. കെ. രാമചന്ദ്രൻ, കൊച്ചിൻ ഷിപ് യാർഡ് മേധാവി മധു എസ്.നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.