- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊച്ചി നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ; വഴിനീളെ പൂക്കൾ വിതറിയും കൈകൾ വീശിയും മുദ്രവാക്യം വിളിച്ചും വരവേറ്റ് പ്രവർത്തകർ; തുറന്ന വാഹനത്തിൽ കെ.സുരേന്ദ്രനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി; മണിക്കൂറുകളോളം കാത്തുനിന്നത് ആയിരങ്ങൾ

കൊച്ചി: കൊച്ചി നഗരത്തിൽ ആവേശത്തിരയിളക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാൻ വൻ ജനാവലിയാണ് എത്തിയത്. പൂക്കളാൽ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ പുരോഗമിച്ചത്. പൂക്കൾ വിതറിയും കൈകൾ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. റോഡിനിരുഭാഗവും അണിനിരന്ന പ്രവർത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തിൽ അനുഗമിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അദ്ദേഹത്തെ കാണാൻ ഒട്ടേറെ ആളുകളാണ് മണിക്കൂറുകളായി കാത്തുനിൽക്കുന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത്. തൃശൂരിലെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി കൊച്ചിയിലും എത്തിയത്. വൈകിട്ട് ആറരയോടെ നെടുമ്പാശ്ശേരിയിലിറങ്ങിയ നരേന്ദ്ര മോദി ഏഴേകാലോടെ കൊച്ചിയിലെത്തി. തുടർന്നാണ് കെ പി സി സി ജംങ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാൽ കിലോമീറ്റർ നീളുന്ന റോഡ് ഷോ ആരംഭിച്ചത്. റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തായിട്ടാണ് പ്രവർത്തകർ റോഡ് ഷോയെ സ്വീകരിക്കാനായി കാത്തുനിന്നത്.
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളിൽ പങ്കെടുക്കും.നാളെ രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദർശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കൊച്ചിക്ക് പോകും.നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ് യാർഡിന്റെ പരിപാടിയിൽ പങ്കെടുക്കും.
നാളെ കൊച്ചിയിൽ പ്രധാനമന്ത്രി മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.4000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർ നാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐ.ഒ.സിയുടെ എൽ പി ജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.ഒന്നരയോടെ കൊച്ചി മറൈൻഡ്രൈവിൽ എത്തുന്ന നരേന്ദ്ര മോദി ബിജെപി പരിപാടിയിൽ പങ്കെടുക്കും. മൂന്നരയോടെ നെടുമ്പാശേരിയിൽ നിന്ന് ഡൽഹിക്ക് മടങ്ങും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ അദ്ദേഹം ഹെലികോപ്ടറിൽ വ്യോമസേന വിമാനത്താവളത്തിലെത്തി. മോദിക്ക് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകരുടെ നീണ്ട നിരയാണ് നഗരത്തിൽ അണിനിരന്നത്. വൈകിട്ട് ആറിന് റോഡ് ഷോ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താൻ വൈകിയതിനാൽ ഏഴരയിലേക്ക് മാറ്റുകയായിരുന്നു.
പ്രധാനമന്ത്രി നാളെ രാവിലെ 6നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി 'ശക്തികേന്ദ്ര പ്രമുഖരുടെ' സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ നാളെ (17/01/24) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.


