- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗുരുവായൂരിൽ സ്വർണ തളിക സമ്മാനിച്ച് പ്രധാനമന്ത്രിയെ വരവേൽക്കാൻ സുരേഷ് ഗോപി; ദേവസ്വം വക പ്രത്യേക സമ്മാനമായി ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും; രാജീവ് ഗാന്ധിക്കും നരസിംഹറാവുവിനും സമ്മാനം ഒരുക്കിയ അതേ ശിൽപി

തൃശൂർ: മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളിക. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിൽ എത്തുന്നത്.
അതേ സമയം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയ്യാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന ഈ കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്‌മിനിസ്‌ട്രേറ്ററും ചേർന്ന് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും.

തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ചേർന്നു. 19 ഇഞ്ച് ഉയരമുണ്ട്. നാലര ദിവസം കൊണ്ട് ശില്പം പൂർത്തിയായി. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു.
പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പാൾ കെ യു കൃഷ്ണ കുമാറും ചീഫ് ഇൻസ്ട്രക്ടർ എം നളിൻ ബാബുവും മേൽനോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. പഞ്ചവർണ്ണമാണ് ഉപയോഗിച്ചത്. എഴുപത് സെ മി നീളവും 55 സെ.മീ. വീതിയുമുള്ള കാൻവാസാണ്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നതാണെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയിരുന്നു. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്തെത്തി. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുത്തു. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വരെ ഒരു കിലോമീറ്റർ ആയിരുന്നു റോഡ് ഷോ.
എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ഡൽഹിയിലേക്ക് മടങ്ങുക.


