ഗുരുവായൂർ: മകളുടെ കല്യാണദിനത്തിലെ അവസാന വട്ട ഒരുക്കങ്ങൾക്കായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി. പ്രധാനമന്ത്രി മണ്ഡപത്തിൽ എത്തുമെന്നും വിവാഹം എവിടെയാണ് നടക്കുന്നതെന്നും അടക്കമുള്ള കാര്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരോട് വിശദീകരിക്കാനായാണ് സുരേഷ് ഗോപി രാത്രിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന ചടങ്ങ് ഇതിനോടകം തന്നെ വലിയ മാധ്യമ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു.

ക്ഷേത്രത്തിൽ എത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങുന്നതിനിടെ സുരേഷ് ഗോപി ഭക്തജനതിരക്കിൽ പെട്ടു. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾ സെൽഫിയെടുക്കാനും ആശംസകൾ അറിയിക്കാനും സുരേഷ് ഗോപിയുടെ അടുത്തേക്ക് എത്തി. ഇതോടെ സുരേഷ് ഗോപി തിരക്കിൽ അകപ്പെട്ടു. പിന്നാലെ ഇവരെ കൂടെയുള്ളവർ മാറ്റി നിർത്തിയ ശേഷമാണ് സുരേഷ് ഗോപി തിരികെ പോയത്.

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി 500 മുഴം മുല്ലപ്പൂ നൽകുമെന്ന് പൂക്കച്ചവടക്കാരിയായ ധന്യ- സനീഷ് ദമ്പതികൾ അറിയിച്ചിരുന്നത്. കൈക്കുഞ്ഞുമായി ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപി 300 മുഴമാണ് ആവശ്യപ്പെട്ടത്. എന്നാൽ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്ന് ധന്യ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞിരുന്നു.

നാളെ രാവിലെ 8.45 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ എത്തുമെന്നാണ് വിവരം.

വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ കൊച്ചിയിലെ വിരുന്നിൽ പങ്കെടുക്കും. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം.

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹൻ- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആർമിയിൽ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രംഗത്തേക്ക് വന്നയാളാണ് മോഹൻ. ഭാഗ്യയുടെയും ഗോകുൽ സുരേഷിന്റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടൻ ഗോകുൽ, ഭവ്‌നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കൾ. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.