മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി പങ്കെടുക്കും. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി ഒരു ദിവസത്തെ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ആവശ്യം ഉന്നയിച്ച് കോലി ബിസിസിഐയെ സമീപിച്ചിട്ടുണ്ടെന്ന് നേരത്തെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി 22നാണ് ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾക്കായി ഈ സമയത്ത് ഇന്ത്യൻ ടീം ഹൈദരാബാദിൽ ക്യാമ്പിലായിരിക്കും. ജനുവരി 25നാണ് അഞ്ചു മത്സരങ്ങൾ ഉള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഹൈദരാബാദിലാണ് ആദ്യ മത്സരം നടക്കുന്നത്.

ജനുവരി 20ന് ഹൈദരാബാദിൽ എത്താനാണ് ഇന്ത്യൻ ടീം തീരുമാനിച്ചിരിക്കുന്നത്. അയോധ്യയിലേക്കു പോകുന്നതിനായി ഒരു ദിവസത്തെ പരിശീലനത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് അഭ്യർത്ഥിക്കുകയായിരുന്നു. ജനുവരി 21ൽ നെറ്റ്‌സിൽ പരിശീലിച്ച ശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോലിയുടെ തീരുമാനം. ബിസിസിഐ കോലിയുടെ ആവശ്യം അംഗീകരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോലിക്കും ഭാര്യ അനുഷ്‌ക ശർമയ്ക്കും രാമപ്രതിഷ്ഠാ ചടങ്ങിലേക്ക് കഴിഞ്ഞ ദിവസം ക്ഷണം ലഭിച്ചിരുന്നു. വിരാട് കോലി, സച്ചിൻ തെൻഡുൽക്കർ, എം.എസ്. ധോണി എന്നിവർക്കു പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും മുംബൈയിൽ വച്ചാണ് ക്ഷണം ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്ലി ഇൻഡോറിൽ നിന്ന് നേരിട്ട് മുംബൈയിലേക്ക് പോയിരുന്നു. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് റാഞ്ചിയിലെ വീട്ടിലെത്തി ക്ഷണക്കത്ത് നൽകിയിരുന്നു.

ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം ടീം അംഗങ്ങൾക്കും പരിശീലകർക്കും വിശ്രമിക്കാൻ രണ്ടു ദിവസമാണു ലഭിക്കുക. വിശ്രമത്തിനു ശേഷം താരങ്ങൾ ഹൈദരാബാദിലെ ടീം ക്യാംപിലെത്തും. ബെൻ സ്റ്റോക്‌സ് ക്യാപ്റ്റനായ ശേഷം ഇംഗ്ലണ്ട് ടീം ആദ്യമായാണ് ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്നത്. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ ബാസ് ബോൾ തന്ത്രവും ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ പരീക്ഷിക്കപ്പെടും. ഇംഗ്ലണ്ടിനെതിരെ സ്പിൻ ബോളർമാരെ തുണയ്ക്കുന്ന പിച്ചുകളാണ് മത്സരങ്ങൾക്കായി ഒരുക്കുന്നത്.

ജനുവരി 22-ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാംലല്ല 'പ്രാണ പ്രതിഷ്ഠ' ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ഈ ചടങ്ങിൽ പങ്കെടുക്കും. 7000 പേർക്കാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണക്കത്ത് നൽകുന്നത് എന്നാണ് റിപ്പോർട്ട്. രാജ്യത്തെ നിരവധി പ്രമുഖർക്ക് ചടങ്ങിലേയ്ക്ക് ക്ഷണം ഇതിനോടകം ലഭിച്ചിട്ടുണ്ട്.