- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലേണേഴ്സ് ലൈസൻസുള്ളയാൾ അപകടത്തിൽ മരിച്ചപ്പോൾ ഇൻഷുറൻസ് ആനുകൂല്യം നൽകിയില്ല; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; നഷ്ടപരിഹാരം അടക്കം 15.20 ലക്ഷം നൽകണം

പത്തനംതിട്ട: ലേണേഴ്സ് ലൈസൻസ് മാത്രമുള്ള ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചതിന് ഇൻഷുറൻസ് ആനുകൂല്യം നൽകാതിരുന്ന ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോടതിച്ചെലവും നഷ്ടപരിഹാരവും ഇൻഷുറൻസ് ക്ലെയിമും ചേർത്ത് 15.20 ലക്ഷം രൂപ നൽകാനാണ് വിധി.
ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കെ. ഷേർലി നൽകിയ ഹർജിയിലാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയോട് ഇൻഷുറൻസ് ആനുകൂല്യവും നഷ്ടപരിഹാരവും നൽകാൻ വിധിച്ചിരിക്കുന്നത്. 2021 ജൂലൈയിൽ എം. സി. റോഡിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഗീവർഗീസ് മരിച്ചത്.
15 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് കവറേജിനു വേണ്ടി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ രജിസ്റ്റേർഡ് ഓണർ എന്ന നിലയിൽ ഗീവർഗീസ് ഇൻഷുറൻസ് എടുത്തിരുന്നു. എന്നാൽ, അപകടത്തിൽ ഗീവർഗീസ് മരിക്കുമ്പോൾ അദ്ദേഹത്തിന് ലേണേഴ്സ് ലൈസൻസ് മാത്രമേ ഉള്ളൂ എന്ന കാരണത്താൽ കമ്പനി ഇൻഷുറൻസ് തുക നിഷേധിച്ചു. ഇതിനെതിരേയാണ് ഉപഭോക്തൃ കമ്മിഷനിൽ കേസ് ഫയൽ ചെയ്തത്. കേസിന്റെ വാദത്തിനിടയിൽ സൂുപ്രീം കോടതിയുടേയും കർണാടക ഹൈക്കോടതിയുടേയും വിധികളും ഹാജരാക്കി.
ഈ രണ്ടു വിധികളിലും പറയുന്നത് ലേണേഴ്സ് ലൈസൻസ് സാധുവായി പരിഗണിക്കണമെന്നാണ്. അതിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കമ്മിഷൻ അപകട ഇൻഷുറൻസ് 15 ലക്ഷം രൂപയും 10,000 രൂപ വീതം നഷ്ടപരിഹാരവും കോടതി ചെലവും സഹിതം ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകാൻ വിധിച്ചത്. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്താവിച്ചത്.


