- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ ഉറങ്ങി വൃദ്ധമാതാവും മകനും

ജപ്തി
പറവൂർ: പോവാൻ മറ്റൊരിടമില്ലാതായതോടെ ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ അന്തിയുറങ്ങുകയാണ് ഒരു അമ്മയും മകനും. ഇരുവരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ബാങ്ക് അധികൃതർ എത്തി ജപ്തി നടപടികൾ പൂർത്തയാക്കിയതോടെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ വീട്ടുവരാന്തയിലാണ് ജീവിതം. താന്നിപ്പാടം മുണ്ടുരുത്തി തായാട്ടുപറമ്പിൽ റാഫിയും (42) അമ്മ വിളമയുമാണു (82) ദുരിതത്തിലായത്.
വിളമയുടെ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ല. റാഫി അവിവാഹിതനാണ്. ഇരുവർക്കും കയറി കിടക്കാൻ മറ്റൊരു ഇടമില്ല. അമ്മയുമായി റാഫി ആശുപത്രിയിൽ പോയ സമയത്താണ് വീട് സീൽ ചെയ്തത്. ഇവരുടെ വസ്ത്രങ്ങളും മരുന്നുകളും മറ്റു വസ്തുക്കളും വീടിനകത്താണ്. മഞ്ഞും വെയിലുമേറ്റ് വീട്ടു വരാന്തയിൽ കഴിയുകയാണ് ഇരുവരും. ആറു ദിവസമായി വസ്ത്രം മാറാൻ പോലും കഴിഞ്ഞിട്ടില്ല. കോടതി വിധിയെത്തുടർന്ന് കഴിഞ്ഞ 12നാണ് ബാങ്ക് അധികൃതർ വീട് സീൽ ചെയ്തത്.
സമീപവാസികൾ ഭക്ഷണം നൽകുന്നുണ്ടെന്നതാണ് ആശ്വാസം. വരാന്തയിൽ പായ വിരിച്ചാണു കിടക്കുന്നത്. മെഴുകുതിരി വെളിച്ചത്തിലാണു രാത്രി കഴിഞ്ഞുകൂടുന്നത്. വിളമയ്ക്ക് ശ്വാസംമുട്ടുമുണ്ട്. വ്യവസായ ആവശ്യത്തിനു വീടിന്റെ ആധാരം പണയം വച്ചു റാഫിയുടെ പിതാവ് വറീതുകുട്ടി 2010ൽ കേരള ഗ്രാമീൺ ബാങ്ക് പറവൂർ ശാഖയിൽ നിന്നു നാലു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇപ്പോൾ അത് 24 ലക്ഷം രൂപയായി ഉയർന്നു.
വറീതുകുട്ടി നാലു വർഷം മുൻപു മരിച്ചു. മരത്തിന്റെ കടച്ചിൽ ചെയ്യുന്നതിനിടെ കണ്ണിനു പരുക്കേറ്റ റാഫി കുറച്ചു വർഷങ്ങളായി ഓട്ടോ ഓടിച്ചാണു ജീവിക്കുന്നത്. മൂന്നു സഹോദരിമാരുണ്ടെങ്കിലും അവരും സാമ്പത്തികമായി പിന്നിലാണെന്നു റാഫി പറഞ്ഞു. ഏഴര ലക്ഷം രൂപയും കോടതിച്ചെലവും അടച്ചാൽ ഒറ്റത്തവണ തീർപ്പാക്കൽ എന്ന നിലയിൽ വായ്പ ക്ലോസ് ചെയ്യാമെന്നു ബാങ്കിന്റെ റിക്കവറി ഓഫിസർ പ്രതിപക്ഷനേതാവിന്റെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിത്യ ചെലവിന് തന്നെ ബുദ്ധി മുട്ടുന്ന ഈ കുടുംബം എങ്ങനെ പണം ഉണ്ടാക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ്.

