- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശൈലജ ടീച്ചർക്ക് ഒളിയമ്പ്; എംടിയിൽ വിശദീകരണം; വീണ്ടും ജി സുധാകരൻ

തിരുവല്ല: മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷവിമർശനവുമായി സിപിഎം. നേതാവ് ജി. സുധാകരൻ. ആരാണ് ഈ ടീച്ചറമ്മ എന്ന് ചോദിച്ച സുധാകരൻ, ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. എംടി വാസുദേവൻ നായരുമായി ബന്ധപ്പെട്ട വിവാദത്തിൽ സുധാകരൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.
ശൈലജയുടെ പേര് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തമാവുന്ന, കുറിക്ക് കൊള്ളുന്ന പരാമർശങ്ങളാണ് മുൻ മന്ത്രി നടത്തിയത്. പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ.കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. ആരാണ് ടീച്ചർ അമ്മ എന്ന് ചോദിച്ചാണ് സുധാകരൻ വിമർശനം ആരംഭിച്ചത്.
'ഒരു അമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും സുധാകരൻ തുറന്നടിച്ചു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാരായിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാരാകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്തുകൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രിയാകേണ്ടതെന്നും" സുധാകരൻ ചൂട്ടിക്കാട്ടി.
പൊളിറ്റിക്കൽ ക്രിമിനൽസ് വളർന്നുവരുന്നുണ്ടെന്നും അത്തരക്കാരുമായി ചങ്ങാത്തംകൂടി പത്രമാധ്യമങ്ങളിൽ കൂടി ചിലർ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എം ടി.യുമായുള്ള വിവാദ വിഷയത്തിൽ, എം ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പറയേണ്ട കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ചിലത പറഞ്ഞു. മറ്റ് ചിലത് കൂട്ടിച്ചേർത്തുവെന്ന് പറയുകയാണ് സുധാകരൻ.
ജി. സുധാകരന്റെ പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലെ പ്രസംഗം ഇങ്ങനെ
പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്. ആരാണ് ഈ ടീച്ചറമ്മ. അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല. ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല. കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായില്ല. വാർധക്യമായില്ല, ചിലപ്പോൾ ആകുമായിരിക്കും. ഞാൻ വിമർശിക്കുകയല്ല. പലരും പലതരത്തിൽ മന്ത്രിയാകും. ആ മന്ത്രിമാരെപ്പറ്റിയല്ല ഞാൻ പറയുന്നത്.
കൊച്ചുകൊച്ചു പാർട്ടിക്ക് ഒരു എംഎൽഎ. മാത്രേ കാണൂ, അയാൾ മന്ത്രിയാകും. പുതിയ ആൾ ആയിരിക്കും. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽകൊള്ളണം. അതൊക്കെ അറിഞ്ഞിരിക്കണം. അങ്ങനെ ഒക്കെയാണ് ഇവിടെ ആയിട്ടുള്ളത്. സഹാനുഭൂതിയോ നല്ലതുപോലെ സംസാരിക്കുന്നതോ അല്ല മന്ത്രിസ്ഥാനം. ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് പ്രസ്ഥാനത്തെ വളർത്തി അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ് തുല്യഅവസരങ്ങൾ ഉപയോഗിച്ച് പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ നിന്ന് അങ്ങനെയാണ് വരേണ്ടത്.
പൊളിറ്റിക്കൽ ക്രിമിനൽസ് എന്നൊരു വിഭാഗം വളർന്നുവരുന്നുണ്ട്. ഇതുഞാൻ പറഞ്ഞിട്ട് രണ്ടുവർഷം ആയി. അതു വർധിച്ചു വരുന്നുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകളുമായി ചങ്ങാത്തം കൂടി പത്രമാധ്യമങ്ങളിൽ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുക. ഒരു കൂട്ടം പൊളിറ്റിക്കൽ ക്രിമിനലുകളായിട്ടുള്ള മാധ്യമപ്രവർത്തകരും ഉണ്ട്. ഇത് ഒരിക്കലും പാടില്ല.
എം ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ട എന്ന് ഞാൻ പറഞ്ഞിട്ടേ ഇല്ല. അതിന്റെ ഓഡിയോ കേട്ടു നോക്കൂ. എം ടി. വാസുദേവൻ നായരല്ല കൊച്ചു കുട്ടി പഠിപ്പിച്ചാലും നമ്മൾ പഠിക്കും. നമ്മൾ ജനങ്ങളെ പഠിപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണ്. ജനങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. പറയേണ്ടകാര്യം പറഞ്ഞു, അതുപറയണമല്ലോ. അല്ലാതെ ഭയന്ന് പറയാതിരിക്കുക, ആരെങ്കിലും പറയുമ്പോൾ അതിന്റെ പുറകിൽ ഒളിച്ചുനിന്ന് പതുക്കെ പറയുക അതൊന്നും വേണ്ട.

