ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തെ ചൊല്ലിയും രാഷ്ട്രീയ തർക്കത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. പഴയ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിച്ചത് ചോദ്യം ചെയ്താണ് ദ്വിഗ് വിജയ് സിങ് രംഗത്ത് വന്നത്. പ്രതിഷഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ പുരോഗമിക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രത നിർദ്ദേശം നല്കി.

അയോധ്യരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി മൂന്ന് ദിവസമാണ് ബാക്കി. ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് ഗർഭ ഗൃഹത്തിൽ എത്തിച്ച വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. ഇന്നലെയാണ് മൈസൂരുവിലെ ശിൽപിയായി നിർമ്മിച്ച വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് നവഗ്രഹ പ്രതിഷ്ഠയും, പ്രത്യേക ഹോമവും ക്ഷേത്രത്തിൽ നടക്കുകയാണ്. ക്ഷേത്ര പ്രതിഷ്ഠ ആചാര വിധി പ്രകാരമല്ലെന്ന വിമർശനം ആവർത്തിക്കുകയാണ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

കൗസല്യയുടെ മടിയിലിരിക്കുന്ന രാമന്റെ രൂപത്തിലുള്ള വിഗ്രഹം സ്ഥാപിക്കാനാണ് മൂന്ന് ശങ്കരാചാര്യന്മാർ നിർദ്ദേശിച്ചതെന്നും പുതിയ വിഗ്രഹം തീരുമാനിച്ചതാരെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു. പഴയ വിഗ്രഹത്തിനെന്ത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്നും ദ്വിഗ് വിജയ് സിങ് പറഞ്ഞു.

ദ്വിഗ് വിജയ് സിംഗിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ പ്രതികരിച്ചു. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങുകൾക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നിരുന്നു. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. കൃഷ്ണശിലയിൽ നിർമ്മിച്ചിട്ടുള്ള വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്.

51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവിൽ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ.

ശ്രീരാമന്റെ 5 വയസ്സു പ്രായമുള്ള രൂപമാണ് ആവിഷ്‌കരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചത്. ശ്രീകോവിലിനു ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടങ്ങി 11,000-ൽ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.

അയോധ്യ നഗരത്തിൽ സുരക്ഷാ പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെയാണ് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഭീകര ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറയിച്ചു.

തിങ്കളാഴ്ച ചടങ്ങ് നടക്കുമ്പോൾ വ്യാപക സൈബർ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സൈബർ വിദഗ്ധരും അയോധ്യയിലെത്തി. സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയം, ഐബി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് അയോധ്യയിലെത്തിയത്. അക്രമങ്ങൾ തടയാനുള്ള ജാഗ്രത നിർദ്ദേശം വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നല്കിയിട്ടുണ്ട്.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ വിലയിരുത്തി. സന്ന്യാസിമാർക്കും പുരോഹിതന്മാർക്കും ഒപ്പമെത്തി യാഗശാലയിലെ ഹോമകുണ്ഡത്തിൽ അദ്ദേഹം ആരതി നടത്തി. ശേഷം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

ഇന്ന് അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ദർശനം നടത്തി. ജഗദ്‌ഗുരു സ്വാമി രാമഭദ്രാചാര്യയെയും അദ്ദേഹം സന്ദർശിച്ചു. ശേഷമാണ് രാമക്ഷേത്രത്തിൽ എത്തിയത്. പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങിയിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പകർത്തിയ തന്റെ ചിത്രവും യോഗി പങ്കുവച്ചു.