തിരുവനന്തപുരം: നടി പ്രവീണയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതി തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് (26) ഡൽഹിയിൽ നിന്നും പിടിയിലായതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നുള്ള അതിവേഗ ഇടപെടൽ. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടൻ സുരേഷ് ഗോപി ഇടപെട്ട് പ്രവീണയുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതോടെയാണ് അതിവേഗം പ്രതി പിടിയിലായത്. ലൊക്കേഷനിൽ വച്ചാണ് പ്രതി പിടിയിലായ വിവരം അറിഞ്ഞതെന്നും വിവരം അറിഞ്ഞ് ആദ്യം പൊട്ടിക്കരഞ്ഞെന്നും നടി പ്രവീണ മറുനാടൻ മലയാളിയോട് പറഞ്ഞു.

നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നേരിട്ട് നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ തൃപ്രയാർ ക്ഷേത്ര സന്ദർശനം പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടിയുടെ ഭാഗമായതോടെ പരാതി നേരിട്ട് നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ സുരേഷ് ഗോപി നേരിട്ട് പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. പി എം ഓഫീസിൽനിന്നുമുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാൻ വഴിയൊരുക്കിയതെന്നും പ്രവീണ പറഞ്ഞു.

കേരള സൈബർ പൊലീസിൽ പരാതി അഞ്ച് വർഷമായി നിരന്തരം നൽകുന്നുണ്ട്. സഹോദരന്റെ പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെപ്പോലും പ്രതി വെറുതെവിട്ടില്ല. ഫോട്ടോകൾ മോർഫ് ചെയ്ത് വളരെ വികൃതമാക്കിയാണ് പ്രചരിപ്പിച്ചിരുന്നത്. തന്റെയും മകളുടെയും മാത്രമല്ല, കുടുംബത്തിലുള്ള മറ്റ് അംഗങ്ങളുടെ ചിത്രങ്ങളടക്കം മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചു. ആരാധകനെന്ന വ്യാജേനയാണ് ആദ്യം സൈബർ ആക്രമണം തുടങ്ങിയത്. ക്രിമിനൽ മാനസികവസ്ഥയുള്ളയാളാണ്. കുഞ്ഞുങ്ങളെപ്പോലും ആക്രമിക്കുകയായിരുന്നുവെന്നും പ്രവീണ പറഞ്ഞു.

ആരോടും വ്യക്തിബന്ധം പുലർത്തിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സുഹൃത്തക്കളൊന്നുമുണ്ടായിരുന്നില്ല. ഡൽഹിയിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിയാണെന്നും അറിഞ്ഞിരുന്നു. ദിനംപ്രതി ഉച്ചയ്ക്ക് ഒരുമണിക്ക് ഇത്തരം അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇത് നിരന്തരം തുടരുകയാണ്. ഈ അശ്ലീല ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രവീണയുമായി ബന്ധമുള്ളവരെ ടാഗ് ചെയ്ത് അയച്ചു നൽകുകയായിരുന്നു. നഗ്നമായ ഫോട്ടോകളായി മോർഫ് ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്.

തന്റെ വിദ്യാർത്ഥിയായ മകളുടെയും അമ്മയുടേയും സഹോദരന്റെ ഭാര്യയുടെയുമടക്കം ഫോട്ടോകൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പ്രവീണ മരിച്ചെന്ന പേരിൽ ഫോട്ടോകൾ മാലയിട്ട് ആദരാഞ്ജലികൾ എന്നെഴുതി പ്രചരിപ്പിച്ചു.

ഇന്നലെ വരെയും അശ്ലീല ഫോട്ടോ അയച്ചിരുന്നു. താൻ എതെങ്കിലും ആളുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കമന്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്താൽ അവർക്ക് ഇത്തരം അശ്ലീല ഫോട്ടോ അയച്ച് നൽകുന്നതടക്കം നിരന്തരം തന്നെ ഫോളോ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രവീണ പറഞ്ഞു.

മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ വിളിച്ചപ്പോൾ സുരേഷ് ഗോപിയെ ഈ വിവരം അറിയിച്ചിരുന്നു. അദ്ദേഹം പരാതി പ്രധാനമന്ത്രി നേരിട്ട് നൽകാമെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാമെന്ന് അറിയിച്ചെങ്കിലും തൃപ്രയാറിലെ പരിപാടി ഷെഡ്യൂളിൽ വന്നതോടെ അതിന് സാധിച്ചില്ല. പരാതി നേരിട്ട് നൽകാൻ കഴിയാതെ വന്നതോടെ സുരേഷ് ഗോപി പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച് നൽകുകയായിരുന്നു.

വളരെ വേഗേത്തിലാണ് നടപടിയുണ്ടായത്. പ്രതിയെ പിടികൂടിയെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് വിവരം അറിഞ്ഞത്. സുരേഷ് ഗോപി വിളിച്ചിരുന്നു. വിവരങ്ങൾ പറഞ്ഞിരുന്നു. സന്തോഷമായില്ലെ, നടപടിയായില്ലെ എന്ന് ചോദിച്ചു.

താനും മകളും ഭർത്താവും സഹോദരനുമെല്ലാം നിരന്തരം പരാതി നൽകിയിട്ടും സൈബർ പൊലീസ് വേണ്ടത്ര കാര്യക്ഷമമായി നടപടി എടുത്തിരുന്നില്ലെന്നും പ്രവീണ പറഞ്ഞു. സംസാരിക്കുമ്പോൾ നടപടി സ്വീകരിക്കാമെന്ന് പറയുമെങ്കിലും വേണ്ടത്ര ഓഫീസേഴ്‌സ് ഇല്ല. ഒരുപാട് കേസുകളുണ്ട് എന്നിങ്ങനെ മറുപടി പറയുമായിരുന്നു.

ഭാഗ്യരാജ് ഒരു വർഷത്തിലെ 365 ദിവസവും അശ്ലീല ചിത്രം പ്രചരിപ്പിച്ചിരുന്നു. ആദ്യം അറസ്റ്റ് ചെയ്തത് ലിങ്ക് വച്ചിട്ടായിരുന്നു. അതിനാൽ അശ്ലീല ചിത്രം എല്ലാവർക്കും ടാഗ് ചെയ്ത് അയച്ചു നൽകുകയായിരുന്നു. എല്ലാവരും കണ്ടുവെന്ന് മനസിലായാൽ ആ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്താലും വേറെ അക്കൗണ്ട് തുടങ്ങി അതിലൂടെ പ്രചരിപ്പിക്കുന്നതായിരുന്നു രീതി. എത്രയോ ഫോൺ നമ്പർ വച്ചിട്ടായിരുന്നു ക്രൂരത തുടർന്നത്.

പ്രവീണയുടെ കുടുംബം നശിപ്പിക്കണം എന്നിങ്ങനെ ശാപവാക്കുകൾ പറഞ്ഞും കമന്റുകൾ ഇടുമായിരുന്നു. സൈബർ പൊലീസിൽ നിന്നും വിളിച്ചാണ് അറസ്റ്റ് വിവരം അറിയിച്ചത്. സുരേഷ് ചേട്ടനെ വിളിച്ച് ചോദിച്ചപ്പോളാണ് കൂടുതൽ വിവരം അറിഞ്ഞതെന്നും പ്രവീണ പറഞ്ഞു, നേരത്തെ കൊടുത്ത പരാതിയിലെ വിവരങ്ങളടക്കം സുരേഷ് ഗോപിക്ക് കൈമാറിയിരുന്നു.

പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു. ഇതിനെതിരെ പ്രവീണ രംഗത്തെത്തിയതെടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി.

തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി മൂന്ന് മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

''ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമ്മിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അദ്ധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു.'' നടി പ്രവീണ പറഞ്ഞു.