- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷുഐബ് മാലിക്കുമായി വേർപിരിയാനുള്ള തീരുമാനം സാനിയയുടേത്: ഇമ്രാൻ മിർസ
ഹൈദരാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷുഐബ് മാലിക്കുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസ വേർപിരിയാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പിതാവ് ഇമ്രാൻ മിർസ. സാനിയ മിർസയുമായി ഔദ്യോഗികമായി വേർപിരിഞ്ഞിട്ടാണോ ഷുഐബ് മാലിക് വീണ്ടും വിവാഹിതനായതെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
വിവാഹമോചനത്തിന് മുൻകൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ്' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും ഇമ്രാൻ മിർസ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.
ഷുഐബ് മാലിക് മൂന്നാം തവണയും വിവാഹിതനായ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതിന് പിന്നാലെ ഷുഐബും സാനിയയും ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നോ എന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു. ഇമ്രാൻ മിർസയുടെ പ്രതികരണത്തോടെ സാനിയയും ഷുഐബും ഔദ്യോഗികമായി വേർപിരിഞ്ഞുവെന്ന വാർത്തകൾക്കും സ്ഥിരീകരണമായിരിക്കുകയാണ്.
ഇന്നലെ ഷുഐബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകർ താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക് വീണ്ടും വിവാഹം കഴിച്ചത്. മാലിക്കിന്റെ മൂന്നാം വിവാഹവും. സന ജാവേദിന്റെ രണ്ടാം വിവാഹവുമാണിത്. 2020ൽ പാക് ഗായകൻ ഉമൈർ ജസ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്തക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സന ജാവേദ് പ്രൊഫൈൽ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.
പാക്ക് നടി സനാ ജാവേദുമായി വിവാഹിതനായ വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സനയുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
2010ലാണ് സാനിയയും ഷുഐബും വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വർഷം ദുബായിൽ സാനിയയും മാലിക്കും മകൻ ഇഹ്സാന്റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോൾ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്നായിരുന്നു ആരാധകർ കരുതിയത്. മാലിക്കും സാനിയയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ നേരത്തേ ഇരുവരും നിഷേധിക്കുകയായിരുന്നു.
എന്നാൽ മുമ്പ് പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷുഐബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയും വിവാഹ ജീവിതത്തെക്കുറിച്ചായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് അഭ്യൂഹമുയർന്നു. 2022 മുതൽ ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു.
2010 ഏപ്രിലിലാണ് മാലിക്കും സാനിയ മിർസയും തമ്മിൽ വിവാഹിതരായത്. മാതാചാരങ്ങൾ പ്രകാരം ഹൈദരാബാദിൽവച്ചായിരുന്നു വിവാഹം. പിന്നീട് ഇരുവരും ദുബായിൽ താമസമാക്കിയിരുന്നു. 2018ൽ ഇരുവർക്കും മകനായ ഇഷാൻ ജനിച്ചു. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നിലവിൽ സാനിയയ്ക്കൊപ്പമാണ് മകനുള്ളത്.
മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു."വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. പൊണ്ണത്തടി ബുദ്ധിമുട്ടാണ്, അതുപോലെ ഫിറ്റായിരിക്കുകയെന്നുള്ളതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയവിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അതുകൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തെരഞ്ഞെടുക്കാം. പക്ഷെ വിവേകത്തോടെ തിരഞ്ഞെടുക്കുക." എന്നായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എന്താണ് ഖുൽഅ്?
ഇസ്ലാമിൽ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാർ വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്ലാമിക ശരീഅത്ത് പ്രകാരം ത്വലാഖ് (മൊഴി) ചെയ്യുമ്പോൾ ഇവിടെ ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രം വിവാഹമോചനം ലഭിക്കുന്ന രീതിയാണ് ഖുൽഅ്. വരൻ നൽകിയ മഹർ (വിവാഹമൂല്യമായി നൽകുന്ന സ്വർണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്.
ഇത്തരത്തിൽ ഖുൽഅ് വഴി വിവാഹ മോചനം നേടിയതിന് പിന്നാലെയാണ് ഷൊയ്ബ് മാലിക്ക് പാക്ക് നടി സനാ ജാവേദിനെ വിവാഹം ചെയ്തത്. മാലിക്ക് തന്നെയാണ് ഈ വിവരം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.