തൃശൂർ: വീട്ടുകാർ അറിയുന്നുണ്ടോ, പലപ്പോഴും പ്രവാസിയുടെ കഷ്ടപ്പാടുകൾ? ജോലി, ശമ്പളം, കഷ്ടപ്പാടുകൾ, ബന്ധങ്ങൾ, ബന്ധങ്ങളിലെ ചൂഷണങ്ങൾ, സമ്മർദ്ദങ്ങൾ. 'നാട്ടിൽ നിന്നാൽ ശരിയാവൂലാ' എന്ന തോന്നലോടെ വിദേശത്തേക്ക് പറക്കുന്നവരുടെ എല്ലാം ജീവിതത്തിൽ പലപ്പോഴായി പലതരം വിഷമസന്ധികൾ കടന്നുവന്നേക്കാം. ചിലർ ആ കാറ്റിലും കോളിലും തോണി മറിയാതെ നോക്കുന്നു. ചിലരുടെ തോണി മറിഞ്ഞുപോകുന്നു. ചിലർ തോണി സ്വയം മറിക്കുന്നു. ഇറ്റലിയിൽ, റോമിൽ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സ്വദേശിയായ ജെസ്സി ഷാജൻ(45) കഴിഞ്ഞ ദിവസം (19-01-2024)നാട്ടിൽ വച്ച് ജീവനൊടുക്കിയത് വീട്ടുകാരെയും, ബന്ധുക്കളെയും നാട്ടുകാരെയും, റോമിലെ കൂട്ടുകാരെയും, സഹപ്രവർത്തകരെയും എല്ലാം വല്ലാതെ ഉലച്ചുകളഞ്ഞു.

3 മക്കളും ഭർത്താവുമുള്ള, സാമ്പത്തിക ബാധ്യതയോ, രോഗത്തിന്റെ അലട്ടലുകളോ ഇല്ലാത്ത ജെസ്സി എന്തിന് ആത്മഹത്യ ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ചിലർ ചില ഉത്തരങ്ങൾ പറയുന്നു. ജെസ്സി തീവ്രവിഷാദത്തിലായിരുന്നു അവസാന നാളുകളിൽ എന്നു വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചിലർ പങ്കുവയ്ക്കുന്നു.

അതിൽ ഒരാളുടെ കുറിപ്പ് ഇങ്ങനെ:

'ഇന്നലെ നമ്മിൽനിന്ന് പിരിഞ്ഞുപോയ നമ്മുടെ സഹോദരിയെ depression എന്ന അവസ്ഥയിലേക്കും അതിനുശേഷം ഈ കടുത്ത തീരുമാനം എടുക്കാൻ പ്രേരിപ്പിച്ച കാരണം എന്താണ് എന്ന് നമ്മളിൽ പലർക്കും അറിയാം. ഈ നമ്മുടെ സുഹൃത്തിന്റെ അവസാനത്തെ tiktok വീഡിയോ എല്ലാ സത്യങ്ങളും വിളിച്ചുപറയുന്നുണ്ട്.

മനസാക്ഷി അന്യം നിന്നുപോയിട്ടില്ലാത്ത ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ ഈ നടന്ന സംഭവം ഇനിയെങ്കിലും നമ്മുടെ ഇടയിൽ സംഭവിക്കരുത്. അതിനുവേണ്ടി ഇനിയെങ്കിലും ഒരു പോംവഴിയെക്കുറിച്ചു ചിന്തിക്കേണ്ടതാണ്. അതിനു ഒരു സ്ത്രീ സംഘടനയോ അല്ലെങ്കിൽ ഒരു സുഹൃത്തോ അല്ലെങ്കിൽ കുടുംബാംഗങ്ങളോ മാത്രം ചിന്തിച്ചാൽ പോരാ എല്ലാവരും ഒരേ രീതിയിൽ ചിന്തിക്കണം .
മലയാളി സ്ത്രീകളുടെ സാമ്പത്തികപ്രശ്‌നങ്ങളും ഫാമിലി പ്രോബ്ലം എല്ലാം മുതലെടുത്തു താങ്ങും തണലും നൽകുന്ന മര്യാദരാമൻ മാരും, fake രക്ഷിതാക്കളും പണം ഇറക്കി പദവി നേടാൻ ശ്രമിക്കുന്ന സ്വർണ ബിസിനസ്സുകാരും സാമ്പത്തികമായി ചൂഷണം നടത്തുന്ന വട്ടിപലിശ വന്മരങ്ങളോടും ഒന്നും പറയാനില്ല കാരണം ഇതെല്ലം ഇവിടെത്തന്നെ അനുഭവിച്ചേ മതിയാകൂ.

എല്ലാവരും ഇതിനൊരു ഉത്തരം തന്നെ മതിയാകൂ. ഈ സംഭവത്തിന്റെ ചുരുൾ അഴിക്കാനായി എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ഞാൻ ചെയ്യും അത്രയെങ്കിലും എനിക്ക് ചെയ്യണം അല്ലെങ്കിൽ ഇനി ഒരു ജെസ്സി ഇവിടെ വീണ്ടും ഉണ്ടാകും.ഈ സംഭവം ആവർത്തിക്കാൻ കാലം അധികം മുന്നോട്ടുപോകണ്ട. ജീവിതം കരുപ്പിടിപ്പിക്കാൻ വന്ന പാവങ്ങളെ മാനസികമായും ശാരീരികമായും മുതലെടുപ്പ് നടത്തി തളർത്താൻ നോക്കണ്ട, എല്ലാവരും ജെസ്സി ആയെന്നിരിക്കില്ല'

ജെസ്സിയെ ചിലർ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം സമ്മർദ്ദം ചെലുത്തിയതായും ചിലർ ഗ്രൂപ്പുകളിൽ ആരോപണം ഉന്നയിക്കുന്നു.

'ജെസ്സി നമ്മളെ വിട്ടു പോയി. ഇനിയും ഒരുപാട് സ്ത്രീകൾ ഇവിടെ ജീവിക്കുന്നുണ്ട്. ഇതുപൊലെ കുടുംബത്തിൽനിന്നും ഒറ്റപ്പെടുത്തി മുതലെടുപ്പുകൾക്ക് ഇരയാകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഇങ്ങനെ മാനസികമായി ഡിപ്രെഷനിലേക്കു തള്ളിവിടുകയും ആർക്കും സശയം തോന്നാത്ത രീതിയിൽ വീണ്ടും പഴയരീതി ആവർത്തിക്കുകയും ചെയ്യുന്നു ഇത്തരക്കാർ ഇതിനു എന്തെങ്കിലും പരിഹാരം ഇവിടെ ഉണ്ടായേ പറ്റൂ'.

ജെസ്സിയുടെ ടിക് ടോക്കിലെ കുറിപ്പിൽ ഇങ്ങനെ പറയുന്നു: 'നാട്ടിൽ വന്നാൽ ഉടൻ ഞാൻ എന്റെ അപ്പന്റെ അടുത്തുപോകും. എല്ലാ കാര്യങ്ങളും പറഞ്ഞ് കുറച്ചുനേരം അങ്ങനെ നിൽക്കും. പിന്നെ അപ്പനോട് ഒരു ചോദ്യമുണ്ട്. ഇന്ന് എന്നെ അങ്ങോട്ട് കൊണ്ടുപോകും എന്ന് ...കാരണം എന്റെ അപ്പൻ ആണ് എനിക്ക് എല്ലാം..ഉടനെ കൊണ്ടുപോകുമായിരിക്കും ..ബൈ.'

ഇറ്റലിയിലെ ഏക മലയാളി സംഘടനയായ 'അലിക്' ജെസ്സിയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. ജെസിയുടെ സംസ്‌കാരം തിങ്കളാഴ്ച-22-01-2024, രാവിലെ 11 മണിക്ക് കൽപ്പറമ്പ് സെന്റ്‌മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.

നാടിനെയും നാട്ടാരെയും വിട്ട് ദീർഘകാലം പ്രവാസ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ വിഷമങ്ങൾ പലപ്പോഴും മലയാളികൾ ഓർക്കാറില്ല, അഥവാ ഓർത്താലും ചോദിക്കാറില്ല. ഒരുകൈത്താങ്ങായി ഒരാശ്വാസ വാക്ക് എങ്കിലും പറയാൻ കഴിഞ്ഞാൽ എത്ര നന്ന്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന കാര്യം ആവർത്തിച്ച് ഉറപ്പിക്കുകയും വേണം.