കാബൂൾ: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഫ്ഗാനിലെ ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാന്മുൻജാൻ, സിബാക് ജില്ലകൾക്കു സമീപമാണ് അപകടം.

അപകടത്തിൽപ്പെട്ടത് ഇന്ത്യൻ വിമാനമാണെന്ന അഭ്യൂഹം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ചെറുവിമാനമാണെന്ന് വ്യോമയാന മന്ത്രാലയം എക്സിലൂടെ അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് പുറപ്പെട്ട ഇന്ത്യൻ വിമാനമാണ് തകർന്ന് വീണതെന്ന് ചില അഫ്ഗാനിസ്താൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണതെന്ന് അഫ്ഗാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിഷേധിച്ചു. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്നതെന്നാണ് ഏറ്റവും പുതിയ വിവരം.

'അഫ്ഗാനിസ്താനിൽ ഇപ്പോൾ സംഭവിച്ച നിർഭാഗ്യകരമായ വിമാനാപകടത്തിൽപ്പെട്ടത് ഒരു ഇന്ത്യൻ ഷെഡ്യൂൾഡ് എയർക്രാഫ്റ്റോ നോൺ ഷെഡ്യൂൾഡ് (എൻഎസ്ഒപി)/ചാർട്ടർ വിമാനമോ അല്ല. മൊറോക്കൻ രജിസ്റ്റർ ചെയ്ത ചെറുവിമാനമാണിത്' വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ കുറിച്ചു.

ബദഖ്ഷാൻ പ്രവിശ്യയിലെ കുറാൻ-മുഞ്ജാൻ, സിബാക്ക് ജില്ലകൾക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകർന്നുവീണതെന്ന് അഫ്ഗാനിസ്താൻ വാർത്താമാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.