- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർന്നത് റഷ്യയിൽ രജിസ്റ്റർ ചെയ്ത ഫ്രഞ്ച് നിർമ്മിത എയർ ആംബുലൻസ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നുവീണ് ആറുപേരെ കാണാതായി. മോസ്‌കോയിലേക്കുള്ള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടമുണ്ടാക്കിയത് അട്ടിമറിയല്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വിശദ അന്വേഷണം നടക്കും. ഇന്ത്യയിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്. ആരെങ്കിലും ഇന്ത്യൻ വിമാനം ആണെന്ന് കരുതി ആക്രമണം നടത്തിയതാണോ എന്നും സംശയമുണ്ട്. എന്നാൽ അഫ്ഗാനോ ഇന്ത്യയോ റഷ്യയോ ഇത്തരത്തിൽ പ്രതികരണമൊന്നും നടത്തുന്നില്ല.
ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. റഷ്യയിൽ രജിസ്റ്റർ ചെയ്ത ഫ്രഞ്ച് നിർമ്മിത എയർ ആംബുലൻസ് വിമാനമാണ് തകർന്നതെന്നും, തായ്‌ലാൻഡിൽനിന്നും പുറപ്പെട്ട വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനായി ഇറങ്ങയിരുന്നെന്നും, വിമാനത്തിൽ ഇന്ത്യാക്കാരില്ലെന്നും വ്യോമയാന മന്ത്രാലയം അറയിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറു പേരേയും കാണാനില്ലെന്നാണ് റിപ്പോർട്ട്.
അതിനിടെ വിമാനത്തിലെ പൈലറ്റ് സാങ്കേതിക തകരാറുണ്ടെന്ന് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. താജികിസ്ഥാനിൽ അടിയന്തര ലാൻഡിംഗിനും തീരുമാനിച്ചു. ഇതിനിടെ റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായി. അഫ്ഗാൻ അതിർത്തിക്കുള്ളിലാണ് വിമാനത്തെ അവസാനം കണ്ടിരുന്നത്. പിന്നാലെയാണ് തകർന്നു വീണുവെന്ന വിവരം അഫ്ഗാൻ സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലും വിശദ അന്വേഷണം നടത്താനാണ് റഷ്യയുടെ തീരുമാനം.
ഉസ്‌ബെക്കിസ്ഥാൻ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്നു വിമാനം. അഫ്ഗാനിസ്ഥാന് മുകളിൽ വച്ച് റഷ്യയിൽ രജിസ്‌ററർ ചെയ്ത വിമാനം ശനിയാഴ്ച കാണാതായെന്ന് റഷ്യൻ ഏവിയേഷൻ അഥോറിറ്റിയും അറിയിച്ചു. അപകടം നടന്ന മേഖലയിലേക്ക് ഉദ്യോഗസ്ഥർ എത്തി പരിശോധന തുടങ്ങി. അപകടത്തിൽ റഷ്യയും അന്വേഷണം തുടങ്ങി. ആദ്യം തകർന്നത് ഇന്ത്യൻ വിമാനമാണെന്നായിരുന്നു അഫ്ഗാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ വിമാനമെന്ന് കരുതി ആരെങ്കിലും ആക്രമിച്ചതാകാം വിമാനത്തെ എന്ന ആശങ്ക ഉയരാൻ കാരണം ആദ്യ ഘട്ടത്തിലെ ഈ റിപ്പോർട്ടുകളാണ്. ഈ വാർത്ത വന്നപ്പോൾ തന്നെ ഈ മേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ സഞ്ചരിക്കാറില്ലെന്ന് ഡി ജി സി എ വിശദീകരിച്ചിരുന്നു. തൊട്ടു പിന്നാലെ വിമാനം മറ്റൊരു രാജ്യത്തിന്റേതാണെന്നും വിശദീകരണം വന്നു. ഇതോടെയാണ് ഇന്ത്യൻ കേന്ദ്രങ്ങളിൽ ആശങ്ക ഒഴിഞ്ഞത്. വഴി തെറ്റി വിമാനം മലനിരകളിൽ തട്ടി തകരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഏതായാലും റഷ്യൻ അന്വേഷണം നിർണ്ണായകമാകും.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ ഇന്ത്യൻ യാത്രാവിമാനം ടോപ്ഖാന മലനിരകളിൽ തകർന്നുവീണെന്നാണ് അഫ്ഗാൻ വാർത്താ ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് തള്ളി ഡിജിസിഎയും ഇന്ത്യൻ വ്യോമയാന മന്ത്രാലയവും രംഗത്തെത്തിയത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു.
ബദഖ്ഷാൻ പ്രവിശ്യയിലെ കുറാൻ- മുഞ്ജാൻ, സിബാക്ക് ജില്ലകൾക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകർന്നുവീണത്. വിമാനം തകർന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആറു പേരിൽ നാലു പേർ ജീവനക്കാരാണ്. രണ്ട് റഷ്യൻ പൗരന്മാരും അപകടത്തിൽ പെട്ടുവെന്നാണ് റിപ്പോർട്ട്. സ്വകാര്യ കമ്പനിയുടേതാണ് ഈ ചെറു വിമാനം.

