- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം

അയോധ്യ: രാമജന്മഭൂമിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനായി ഒരുങ്ങി അയോധ്യ. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉത്സവലഹരിയിലാണ് രാജ്യമെങ്ങുമുള്ള ശ്രീരാമ ഭക്തർ. വിപുലമായ ക്രമീകരണങ്ങളാണ് ആഘോഷ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികളെ വരവേൽക്കാനായി ഏർപ്പെടുത്തിയിരിക്കുന്നത്.
അയോധ്യയാകെ ശ്രീരാമഭക്തിയുടെ അന്തരീക്ഷമാണ് നിറഞ്ഞ് നിൽക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതൽ 12.30 വരെയാണ്. ക്ഷേത്രവും പരിസരവും പൂക്കളും കൊടി തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ സമാപന ദിവസത്തിൽ വിവിധ പുണ്യനദികളുടെയും ജലാശയങ്ങളുടെയും ജലം കൊണ്ട് രാംലല്ലയെ അഭിഷേകം നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ 10. 30 ഓടെ എത്തും. ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം സരയൂ നദിയിൽ സ്നാനം നടത്തും. ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ യജമാന സ്ഥാനത്താണ് നരേന്ദ്ര മോദി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി ദർശനം നടത്തി.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അടക്കമുള്ള ക്ഷേത്രട്രസ്റ്റികളുടെ സാന്നിധ്യത്തിലാണ് നാളെ പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഏഴായിരത്തോളം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനായി അയോദ്ധ്യയിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായവരും പ്രാണപ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥികളാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ മുതൽ വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും ഗൗതം അദാനിയും വരെ ചടങ്ങിൽ അതിഥികളായെത്തും. കായിക പ്രതിഭകളായ സച്ചിൻ ടെൻഡുൽക്കർ, എംഎസ് ധോണി വിരാട് കോലി എന്നിവരടക്കം പ്രമുഖ കായികതാരങ്ങൾ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
ക്ഷണിക്കപ്പെട്ട 7000 അതിഥികളാണ് അയോദ്ധ്യയിലെത്തുന്നത്. പ്രാണപ്രതിഷ്ഠകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, രാഷ്ട്രീയ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും. മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ഇന്ത്യയിലെ അതിസമ്പന്നരായ ചുരുക്കം ചിലർ പങ്കെടുത്തേക്കുമെന്നാണ് സൂചന.
രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് രാമഭക്തരാണ് അയോധ്യയിലെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ കീർത്തനവും ഭജനയും രാമായണവും തുടർച്ചയായി പാരായണം ചെയ്യുന്നു. റോഡുകളിൽ ആളുകൾ ശ്രീരാമ മന്ത്രം ജപിക്കുന്നു. പൊതുജനങ്ങൾക്ക് ദർശനം ചൊവ്വാഴ്ച മുതലായിരിക്കും.
മുഖം മിനുക്കി നഗരം
രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിന്റെ മുന്നൊരുക്കങ്ങൾ അയോധ്യയിൽ പൂർത്തിയായിക്കഴിഞ്ഞു. 22-ാം തീയതി നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് ആബാലവൃദ്ധം ജനസമൂഹം. അയോധ്യയിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നിരത്തുകളിൽ വിവിധ കലാപരിപാടികളും സജീവമാണ്.
അയോധ്യയിലെ പ്രധാന റോഡുകളിലെല്ലാം 100 മീറ്റർ ഇടവേളകളിൽ സ്റ്റേജ് കെട്ടി അതിൽ പാട്ടും നൃത്തവും പൊടിപൊടിക്കുകയാണ്. കൂടാതെ കൊട്ടും പാട്ടുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന സംഘങ്ങളും ഏറെയാണ്.
അയോധ്യയിലെ മുഖ്യ ആകർഷക കേന്ദ്രമായ ലതാ മങ്കേഷ്‌കർ വീണയുടെ ഭീമൻ ശില്പത്തിനടുത്ത് സെൽഫി എടുക്കാൻ ഉള്ളവരുടെ തിരക്കാണ്. അതിനിടയിലും കൊട്ടും പാട്ടുമായി എത്തുന്നവരേറെ. സരയൂ നദീതീരത്തുള്ള രാമകഥ സംഗ്രഹാലയത്തിന് മുന്നിൽ നിരവധി സ്റ്റേജുകളിലാണ് ഒരേസമയം കലാപരിപാടികൾ അരങ്ങേറുന്നത്.
അയോധ്യയിൽ എത്തുന്നവർക്ക് സൗജന്യമായി ചായയും മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്യാൻ വിവിധ സംഘടനകൾ പലയിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറിയൊരു നഗരത്തിൽനിന്ന് രാജ്യത്തെ തിരക്കുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക് അതിവേഗം മുഖം മാറ്റുകയാണ് അയോധ്യ.
പഴുതടച്ച സുരക്ഷ
ഉത്തർപ്രദേശ് പൊലീസും ദ്രുതകർമ്മ സേനയും ദേശീയ ദുരന്തനിവാരണ സംഘവുമെല്ലാം നഗരം വളഞ്ഞു കഴിഞ്ഞു. റോഡിലും കെട്ടിടത്തിനു മുകളിലും എല്ലാം നിലയുറപ്പിച്ചിരിക്കുന്ന സേനാംഗങ്ങൾ പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമിടുന്നത്. നഗരം കനത്ത സുരക്ഷാ വലയത്തിൽ ആണെങ്കിലും ആഘോഷങ്ങൾക്ക് അത് തടസ്സമാകുന്നില്ല.
അയോധ്യയുടെ അതിർത്തികൾ അടച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. ഡ്രോണുകളുടെ നിരന്തര നിരീക്ഷണത്തിലാണ് അയോധ്യ. അയോധ്യയിലെ തെരുവുകളിലും കവലകളിലും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. സരയൂ നദിയിൽ വാട്ടർ പൊലീസിനെ വിന്യസിച്ചിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും അയോധ്യയിലെ തെരുവുകളിൽ മാർച്ച് നടത്തുകയും ചെയ്തു.
ഏകദേശം പതിമൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിലവിൽ അയോദ്ധ്യയിൽ വിന്യസിച്ചിട്ടുണ്ട്. ആന്റി-ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും മേഖലയിൽ സജ്ജരാണ്. ഇതുകൂടാതെ ആകസ്മിക സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സംഘവും അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളും ആത്മീയ ഗുരുക്കന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉൾപ്പടെ നിരവധിപേരാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, ഇത്രയുംപേർ എത്തുന്നതിനാൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളെയും കൂടുതൽ സേനയെയും വിന്യസിച്ച് ക്ഷേത്ര നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിനുള്ളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പ്രത്യേക ട്രാഫിക് പ്ലാനുകളും നിലവിലുണ്ട്.
അവധി പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് 14 സംസ്ഥാനങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങുകൾ പൊതുജനങ്ങൾക്ക് മാധ്യമങ്ങളിലൂടെ കാണുന്നതിനായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്്, ഹരിയാന, ഒഡീഷ, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ത്രിപുര, ഹര്യാന. ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ചില സംസ്ഥാനങ്ങൾ അന്നേദിവസം മുഴുവനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചവരെ ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടബന്ധിച്ച് 2.30വരെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകളും, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ബാങ്കുകൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐയും അറിയിച്ചിട്ടുണ്ട്.
വരവേറ്റ് ജനസമൂഹം
അയോധ്യ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ബറേലിയിലെ ആനന്ദ് ആശ്രമം നടത്തിയ രാമദൂത ഘോഷയാത്രയെ പൂക്കൾ വർഷിച്ചാണ് മുസ്ലിം വിശ്വസികൾ വരവേറ്റത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു.
രാമദൂത് ഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർ നൃത്തം ചെയ്യുകയും രാമഭജനങ്ങൾ പാടുകയും ചെയ്തു. വൻ വരവേൽപ്പാണ് പലയിടത്തും നൽകിയത്. കൈകളിൽ രാമ പതാകയും പിടിച്ച് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകൾ പങ്കെടുത്തത്.. ശ്രീരാമന് അർപ്പിക്കാൻ സ്ത്രീകൾ വീട്ടിൽ നിന്ന് വിഭവങ്ങളും പഴങ്ങളും ഡ്രൈ ഫ്രൂട്ടുകളുമായാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി സുധേഷ് അഗർവാൾ പറഞ്ഞു. പലയിടത്തും ഹിബാബും, ബുർഖയും ധരിച്ച മുസ്ലിം സ്ത്രീകൾ ഘോഷയാത്രയെ പൂക്കൾ വർഷിച്ച് , ജയ്ശ്രീറാം മുഴക്കി വരവേൽക്കുന്നത് കാണാമായിരുന്നു .
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ ആഘോഷ ലഹരിയിലാണ് രാജ്യമെങ്ങും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തങ്ങളുടെ എല്ലാ ജീവനക്കാർക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.1754000 കോടിയിലധികം വിപണി മൂല്യമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പ്രതിഷ്ഠാ ചടങ്ങിൽ എത്തുമെന്ന് തന്നെയാണ് റിപ്പോർട്ട്. ഗൗതം അദാനിയും അയോധ്യയിലേക്ക് എത്തിയേക്കും.
ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്,10000-ത്തിലധികം അതിഥികൾ എത്തുന്ന മെഗാ ഇവന്റിന് പങ്കെടുക്കാൻ വ്യവസായ പ്രമുഖർ മാത്രമല്ല കായികം, വിനോദം തുടങ്ങി മറ്റ് മേഖലകളിൽ നിന്നുള്ളവരും തയ്യാറെടുക്കുന്നുണ്ട്. അജയ് പിരമൽ, ഗൗതം സിംഘാനിയ, അനിൽ അഗർവാൾ, വേണു ശ്രീനിവാസൻ, ബാബാ കല്യാണി, അമിത് കല്യാണി, സതീഷ് മേത്ത തുടങ്ങിയ വ്യവസായികളും അതിഥി പട്ടികയിലുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

