തിരുവനന്തപുരം: കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം അടിമുടി മാറും. 'ഹൈസ്‌കൂൾവിഭാഗം' ഇനി ഉണ്ടാവില്ല. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി സ്‌കൂളുകൾ ലയിപ്പിച്ച് 'സെക്കൻഡറി' എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്‌കൂളുകളുടെ അക്കാദമിക മേൽനോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ഹൈസ്‌കൂളിനു മാത്രമായി ഇനി അദ്ധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. 'സെക്കൻഡറി'യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി. ഇതോടെ പ്ലസ് ടു അദ്ധ്യാപകർക്ക് ജോലി കൂടും. നിലവിൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ മാത്രമാണ് അവർക്ക് പഠിപ്പിക്കേണ്ടത്. ഈ പരിഷ്‌കാരത്തോടെ സർക്കാരിന് ചെലവ് കുറയും. ഹയർ സെക്കന്ററി അദ്ധ്യാപകർക്കും കൂടുതൽ ക്ലാസ് നൽകാനാണ് ഈ നീക്കം.

പല സർക്കാർ സ്‌കൂളുകളും നിലനിന്ന് പോകുന്നത് പ്ലസ് ടു ക്ലാസുകൾ ഉള്ളതു കൊണ്ടു മാത്രമാണ്. എട്ടാം ക്ലാസുമുതൽ പത്തു വരെ കുട്ടികളുടെ എണ്ണം തുലാം കുറവാണ്. തിരുവനന്തപുരത്ത് എസ് എം വി സ്‌കൂൾ മുമ്പ് പ്രധാനപ്പെട്ടതായിരുന്നു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പഠിച്ച സ്‌കൂൾ. നഗര ഹൃദയത്തിലെ ഈ സ്‌കൂളിൽ പോലും അഞ്ചു മതുൽ പത്താം ക്ലാസുവരെ വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉള്ളൂ. ഇവിടെ അദ്ധ്യാപകർ 'ഹൈസ്‌കൂൾ' തലത്തിൽ ഉണ്ട് താനും. ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് എട്ടാം ക്ലാസു മുതൽ പന്ത്രണ്ട് ക്ലാസുവരെ ഏകീകരിക്കുന്നത്.

സെക്കൻഡറിക്കു താഴെയുള്ള സ്‌കൂളുകളിൽ അദ്ധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അദ്ധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്‌പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അദ്ധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അദ്ധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്‌കാരങ്ങൾ 2030 ജൂൺ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.

12 വരെയുള്ള വിദ്യാലയങ്ങൾ സെക്കൻഡറിസ്‌കൂൾ, പത്തുവരെയുള്ളവ ലോവർ സെക്കൻഡറി, ഏഴുവരെയുള്ളവ പ്രൈമറി, നാലുവരെയുള്ളവ എൽ.പി. സ്‌കൂൾ എന്നിങ്ങനെയായിരിക്കും. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പേരുകൾ മാറ്റി സ്‌കൂൾമേധാവികളെല്ലാം പ്രിൻസിപ്പൽ എന്നറിയപ്പെടും. ഡി.പി.ഐ. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും കേരള ജനറൽ എജുക്കേഷൻ സബോർഡിനേറ്റ് സർവീസ്, കേരള ജനറൽ എജുക്കേഷൻ സ്റ്റേറ്റ് സർവീസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കും. ഈ മാറ്റം എയ്ഡഡ് മേഖലയിൽ നടപ്പാക്കാൻ കെ.ഇ.ആർ. ഭേദഗതിചെയ്യും.

സ്‌കൂളുകൾക്കുള്ള എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളും ഹയർസെക്കൻഡറിക്കുള്ള ആർ.ഡി.ഡി. ഓഫീസും വി.എച്ച്.എസ്.ഇ.യ്ക്കുള്ള എ.ഡി. ഓഫീസുകളും ഇനി ഉണ്ടാവില്ല. പകരം റവന്യുജില്ലകളിൽ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്ന ഓഫീസാവും. ബ്ലോക്ക് തലങ്ങളിൽ സ്‌കൂൾ എജുക്കേഷൻ ഓഫീസുകളും വരും. ജില്ലാപഞ്ചായത്ത് പരിധിയിലുള്ള സെക്കൻഡറി സ്‌കൂളിലേതടക്കം പ്രീ-പ്രൈമറിമുതൽ ഏഴുവരെയുള്ള ക്ലാസുകളുടെ അക്കാദമിക മേൽനോട്ടം പഞ്ചായത്ത് എജുക്കേഷൻ ഓഫീസറുടെ കീഴിലാക്കും.