- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ് പുതിയ കാലക്രമത്തിന്റെ ഉദയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കി. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാംലല്ല ഇനിമുതൽ നിവസിക്കുക ടെന്റിലല്ല, മഹാ ക്ഷേത്രത്തിലെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും ആളുകൾ ഈ ദിവസവും ഈ നിമിഷവും അനുസ്മരിക്കും. ഈ അനുഗൃഹീത നിമിഷത്തിന് സാക്ഷികളാകാൻ നമുക്ക് അവസരം ലഭിച്ചത് ശ്രീരാമന്റെ മഹാ അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണ്.. നീണ്ട തപസ്യക്കൊടുവിൽ നമ്മുടെ രാമൻ എത്തിയിരിക്കുന്നു.. നീണ്ടകാലത്തെ ബലിദാനങ്ങൾക്കും ത്യാഗങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണ്. നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിനകത്തല്ല. നമ്മുടെ രാംലല്ല ഭവ്യമന്ദിരത്തിലാണ്. ഏറെ വൈകാരികമായ നിമിഷമാണിത്. പുതിയകാലഘട്ടത്തിന്റെ ഉദയം.. പുതിയ ഇതിഹാസം ഇവിടെ കുറിക്കപ്പെടുന്നു..
അയോദ്ധ്യക്കും സരയുവിനും പ്രാണാമം.. സീതാദേവിക്കും ഭരതശത്രുഘ്നന്മാർക്കും ലക്ഷ്മണനും പ്രണാമം.. പ്രാണപ്രതിഷ്ഠാ ദിനം ആയിരം വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടും. ജനുവരി 22ന്റെ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞിരിക്കുന്നത്. 2024 ജനുവരി 22 എന്ന ദിനം കലണ്ടറിലെ വെറുമൊരു തീയതിയല്ല, പുതിയ കാലചക്രത്തിന്റെ തുടക്കമാണ്.
ഭഗവാൻ ശ്രീരാമനോട് ഈയവസരത്തിൽ ഞാൻ ക്ഷമാപണം നടത്തുകയാണ്. നമ്മുടെ ശ്രമങ്ങളിൽ ചെറിയ പോരായ്മകൾ സംഭവിച്ചിരിക്കാം.. ഭവ്യമന്ദിരം യാഥാർത്ഥ്യമാകാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു. ഒടുവിൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനിർമ്മാണത്തിന് വർഷങ്ങളെടുത്തതിന് ഭഗവാൻ നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനായി ദശാബ്ദങ്ങളോളമായിരുന്നു നിയമപോരാട്ടം നടന്നത്. ഈയവസരത്തിൽ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്താൻ ഞാനാഗ്രഹിക്കുകയാണ്. ത്രേതായുഗത്തിൽ 14 വർഷമായിരുന്നു രാമന് മാറിനിൽക്കേണ്ടി വന്നത്. എന്നാൽ ഈ യുഗത്തിൽ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേർപിരിയേണ്ടി വന്നു. നമ്മുടെ അനേകം തലമുറകളായിരുന്നു അതിന് സാക്ഷ്യം വഹിച്ചത്.
ശ്രീരാമപ്രഭുവിന്റെ ഭക്തർ ഈ ചരിത്രനിമിഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തർ ഈ പുണ്യമൂഹൂർത്തത്തെ ഹൃദയത്തോട് ചേർത്തുവയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്.
സാഗരം മുതൽ സരയൂ വരെ യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈ യാത്രയിലെല്ലാം രാമന്റെ തിരിച്ചുവരവിനായുള്ള ആഘോഷം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞതാണ്.. രാമൻ വിവാദമല്ല, സമാധാനമാണ്.. രാമൻ നീതിയാണ്, രാമൻ സ്ഥായിയാണ്, രാമൻ വിശ്വമാണ്.. ഭാരതത്തെ നയിക്കാൻ ഇനി അയോദ്ധ്യയിൽ രാമനുണ്ട്. രാജ്യത്തിന്റെ ഉജ്ജ്വലഭാവിക്ക് ഇവിടെ തുടക്കമാവുകയാണ്. ഈ നിമിഷം വിജയത്തിന്റെ മാത്രമല്ല, വിനയത്തിന്റെ കൂടിയാണ്..വിവാദമുണ്ടാക്കിയവർ വരൂ.. രാമനെ ദർശിക്കൂ.., പ്രധാനമന്ത്രി പറഞ്ഞു.
പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം വിശിഷ്ടാതികളുടെ സാന്നിദ്ധത്തിലാണ് അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത്.
പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിഐപികളുടെ വൻനിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30നാണ് ആരംഭിച്ചത്. സിനിമ, കായികതാരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ, സോനു നിഗം, രജനി കാന്ത്, റൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.
മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം.

