അയോധ്യ: പതിറ്റാണ്ടുകൾ നീണ്ട രാമഭക്തരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ഉത്സവ പ്രതീതിയിലാണ് രാജ്യം അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിച്ചത്. രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി ശ്രീരാമക്ഷേത്രത്തിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിനു പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. 'മുഖ്യ യജമാനൻ' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി വിശിഷ്ടാതിഥികൾ ഒഴുകിയെത്തിയപ്പോൾ ക്ഷേത്രനഗരം ഉത്സവ പ്രതീതിയിലായി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.45ന് അയോധ്യയിൽ എത്തിയിരുന്നു. നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന ചടങ്ങിൽ താന്ത്രികർ നൽകിയ നിർദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ട് പ്രധാനമന്ത്രി കർമ്മങ്ങൾ ചെയ്തു. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പാട്ടീൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പൂജയിൽ പങ്കെടുത്തു. ദിവസത്തിലെ ഏറ്റവും ഉത്തമമായ മുഹൂർത്തത്തിലായിരുന്നു പ്രധാനമന്ത്രി രാം ലല്ലയുടെ പ്രതിഷ്ഠ നിർവ്വഹിച്ചത്. രാമാനന്ദി വിധി പ്രകാരം നേത്രോന്മീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു പ്രതിഷ്ഠ ചടങ്ങ്. പ്രതിഷ്ഠ നടക്കുമ്പോൾ തന്നെ ആകാശത്ത് നിന്നും വ്യോമസേന ഹെലിക്കോപ്പ്റ്ററിൽ പുഷ്പവൃഷ്ടിയും നടന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ കുബേർ തിലയിൽ ദർശനം നടത്തിയാണ് മോദിയുടെ സന്ദർശനം പൂർത്തിയാക്കിയത്. കുബേർ തിലയിലെ ഒരു പുരാതന ശിവക്ഷേത്രം പുതുക്കിപ്പണിയുകയും അവിടെ ജടായുവിന്റെ ഒരു വലിയ പ്രതിമ സ്ഥാപിക്കുകയും ചെയ്തിരുന്നു. മോദി ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിന് പിന്നാലെ ജടായു പ്രതിമ അനാച്ഛാദനം ചെയ്തു. രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെ പുഷ്പ വൃഷ്ടി നടത്തിയാണ് ആദരിച്ചത്.

കനത്ത സുരക്ഷാവലയത്തിനുള്ളിലും അയോധ്യയിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങളാണ്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഭക്തരെ പ്രവേശിപ്പിച്ചില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമായിരുന്നു പ്രവേശനം. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്.

പ്രതിഷ്ഠാച്ചടങ്ങുകൾ പൂർത്തിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമായി അനുഷ്ഠിച്ചുപോന്നിരുന്ന കഠിന വ്രതാനുഷ്ഠാനങ്ങൾക്കുകൂടിയാണ് വിരാമമായത്. പാൽകൊണ്ട് ഉണ്ടാക്കിയ മധുരപാനീയം ചരണാമൃത്, ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രധാനമന്ത്രിക്ക് നൽകി. ഇത് കഴിച്ചശേഷമാണ് അദ്ദേഹം വ്രതം അവസാനിപ്പിച്ചത്.

11 ദിവസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പൂർത്തീകരിച്ച മോദിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു. ജനുവരി 12-ന് യൂട്യൂബ് ചാനലിലൂടെയാണ് 11 ദിവസത്തെ ആചാരനുഷ്ഠാനങ്ങൾക്ക് തുടക്കംക്കുറിക്കുന്നതായി മോദി അറിയിച്ചത്. ചരിത്രപരവും മംഗളകരവുമായ ചടങ്ങിന് സാക്ഷിയാകാൻ തനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിഷ്ഠാച്ചടങ്ങുകൾക്ക് മുന്നോടിയായി വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കർഷിച്ചിരിക്കുന്ന യമ നിയമങ്ങൾ പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരുന്നു. പതിനൊന്ന് ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉൾപ്പെട്ടിരുന്നു.

ഒരു പുതപ്പ് മാത്രമാണ് പ്രധാനമന്ത്രി നിലത്ത് കിടന്നുറങ്ങാനുപയോഗിക്കുന്നതെന്നും ഇളനീർ മാത്രമാണ് അദ്ദേഹം കുടിക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ചടങ്ങുകൾക്ക് നേതൃത്വം നൽകിയ നരേന്ദ്ര മോദി നിലത്തുക്കിടന്ന് രാമവിഗ്രഹത്തെ വണങ്ങി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്.

രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി ജനുവരി 16-നാണ് വിവിധ പൂജകളും ചടങ്ങുകളും അയോധ്യയിൽ ആരംഭിച്ചത്. ആചാരങ്ങളുടെ ഒരു പ്രധാന ഭാഗം അല്ലെങ്കിൽ 'അധിവാസ' ഞായറാഴ്ച അവസാനിച്ചു. രാം ലല്ലയുടെ 51 ഇഞ്ച് പുതിയ വിഗ്രഹം തേൻ കൊണ്ട് പൊതിഞ്ഞ 'മധ്വാധിവാസിൽ' ദിവസത്തിന്റെ ആചാരങ്ങൾ ആരംഭിച്ചു. 'സ്നപൻ' ആചാരത്തിന്റെ ഭാഗമായി 114 കലശങ്ങളിൽ നിന്നുള്ള ഔഷധ ജലം കൊണ്ട് വിഗ്രഹത്തെ സ്‌നാനം ചെയ്യിപ്പിച്ചു.

പ്രതിഷ്ഠാ ദിനത്തിലെ പ്രത്യേക ചടങ്ങുകൾക്കായി ജയ്പൂരിൽ നിന്നുള്ള പുതപ്പുകളും ഷീഷ് കൊത്തിയ കിടക്കയും എത്തിച്ചിരുന്നു. വിഗ്രഹത്തിന്റെ കാൽക്കൽ കിടക്ക വെച്ചിരിക്കുമ്പോൾ, വിഗ്രഹം പുതപ്പുകൾ കൊണ്ട് മൂടിയിരുന്നു.

പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ പ്രതിരൂപം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. വെള്ളിയിൽ തീർത്ത രാമക്ഷേത്രത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയത്. ആർ എസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്നും വെള്ളിയിൽ തീർത്ത രാമന്ദിരത്തിന്റെ മാതൃക ഏറ്റു വാങ്ങി.