- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൻ മരിച്ചുകിടന്നതറിഞ്ഞില്ല; അച്ഛനും അമ്മയും തിരക്കിനടന്നത് നാലുമണിക്കൂർ
തിരുവനന്തപുരം: രാവിലെ മുതൽ ഒപ്പമുണ്ടായിരുന്ന മകൻ കൺവെട്ടത്ത് അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. റസ്റ്റൊറന്റിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തൊട്ടു പിന്നിൽ മകൻ ഉണ്ടായിരുന്നു. എന്നാൽ കാറിനരികിലെത്തി തിരിഞ്ഞു നോക്കിയ മാതാപിതാക്കൾക്ക് മകനെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ആ മാതാപിതാക്കൾ മകനെ തിരക്കി ഓട്ടപ്പാച്ചിലായി. എന്നാൽ തൊട്ടരുകിൽ കണ്ണെത്തും ദൂരത്ത് തന്നെ ചോരയിൽ കുളിച്ച് മൃതശരീരമായി ആ മകൻ കിടന്നിരുന്നു. ഇതറിയാതെ ആയിരുന്നു മാതാപിതാക്കളുടെ തിരക്കിട്ടുള്ള അന്വേഷണം.
കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രി സ്വകാര്യ ബസിടിച്ച് മരിച്ച അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് അർധരാത്രിവരെ മകനെ തിരക്കി തിരുവനന്തപുരം നഗരത്തിലൂടെ നടന്നത്. പാപ്പനംകോട് സത്യൻനഗർ കൊല്ലംകോണം മിസ്ഫയിൽ ബിനുവിന്റെയും വനജയുടെയും മകൻ അഭിജിത്ത് (26) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബിനുവും കുടുംബവും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റ് കണ്ട് കാറിൽ മടങ്ങിവരുമ്പോഴാണ് അഭിജിത്തിനെ മരണം തട്ടിയെടുത്തത്.
രാത്രി തിരികെ എത്തുംവഴി കിഴക്കേക്കോട്ടയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ അവിടെ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ ഇറങ്ങി. കാർ നിർത്തിയിട്ട സ്ഥലത്തേക്ക് ബിനുവും ഭാര്യയും പിന്നാലെ അഭിജിത്തും നടന്നു. ബിനുവും ഭാര്യ വനജയും കാറിന്റെ അടുത്തെത്തിയിട്ടും അഭിജിത്ത് എത്തിയില്ല. കുറച്ച് നേരം കാത്തു നിന്നിട്ടും കാണാതായതോടെ ഇവർ പരിഭ്രാന്തരായി തിരക്കാൻ തുടങ്ങി. ഏറെ നേരം മകനെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. എന്നാൽ ഈ സമയം തൊട്ടരികിൽ തന്നെ മകൻ മരിച്ചു കിടന്ന വിവരം ഇവർ അറിഞ്ഞില്ല.
മകനെ കണ്ടെത്താത്തതിനാൽ ബിനു ബന്ധുക്കളെ വിവരം അറിയിക്കുകയും ഫോർട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അഭിജിത്തിനെ ഒരിടത്തും കാണാത്തതിനാൽ ഇവർ രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലേക്കു പോയി. മകൻ ഇപ്പോൾ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. പഴവങ്ങാടി ക്ഷേത്രത്തിനു സമീപമുള്ള നോർത്ത് ബസ് സ്റ്റോപ്പിലേക്ക് സിഗ്‌നൽ തെറ്റിച്ച് യു ടേൺ എടുത്ത സ്വകാര്യ ബസാണ് അഭിജിത്തിന്റെ ജീവനെടുത്തത. മൃതദേഹം തിരിച്ചറിഞ്ഞ ഫോർട്ട് പൊലീസ് വിവരം തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ അറിയിച്ചപ്പോഴാണ് മകൻ നഷ്ടപ്പെട്ട വിവരം ബിനുവും വനജയും അറിഞ്ഞത്.
അപകടമുണ്ടായയുടൻ ബസിൽനിന്നിറങ്ങി ഓടിയ ഡ്രൈവർ സന്തോഷിനെ പിന്നീട് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തു. മരിച്ച അഭിജിത്ത് ഫിസിയോ തെറാപ്പി കോഴ്സ് കഴിഞ്ഞയാളാണ്. സഹോദരി അഭില ചെന്നൈയിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ്.