തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെങ്കിലും നടൻ മോഹൻലാലിന് പോകാൻ സാധിച്ചിരുന്നില്ല. അണിയറയിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിങിനായി വിദേശത്തേക്ക് പോകുന്ന തിരക്കായതിനാലും വാലിബൻ പ്രമോഷൻ ഉള്ളതിനാലുമാണ് താരം ചടങ്ങിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

വാലിബൻ ഈ വരുന്ന 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ലൈക്കോട്ടൈ വാലിബൻ. അതേ സമയം സിനിമയുടെ പ്രൊമോഷൻ പോസ്റ്റുകൾ ഷെയർ ചെയ്തതിന് പിന്നാലെ താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുവിഭാഗം രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.

ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ബഹിഷ്‌കരിക്കുന്നതായും മോഹൻലാലിന്റെ ഒരു സിനിമ പോലും തിയേറ്ററിൽപോയി കാണില്ല എന്നൊക്കെ പ്രതിഷേധ പോസ്റ്റുകളിലുള്ളത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ വലിയ വാഗ്വാദവും ഈ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ കാണാം.

മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രൊമോഷൻ പോസ്റ്റുകൾ ഷെയർ ചെയ്തതിന് താഴെയാണ് താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചവരിൽ ഒരാളാണ് മോഹൻലാൽ. അയോധ്യയിലെ അക്ഷതം മോഹൻലാൽ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിന് സാധിച്ചിരുന്നില്ല. അയോധ്യയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും താരം ഷെയർ ചെയ്യാത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇന്നലെയും ഇന്നുമായി പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രൊമോഷൻ പോസ്റ്റുകൾ ഷെയർ ചെയ്തതിന് താഴെയാണ് മോഹൻലാലിനെ വിമർശിച്ചുകൊണ്ട് നിരവധിപേർ കമന്റ് ഇട്ടിരിക്കുന്നത്.

'ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വലിയ വിഷമവും വേദനയും തോന്നുന്നു. മതഭ്രാന്തന്മാരെയും ഹൈന്ദവധേരോഹികളെയും ഭയന്ന് ജീവിക്കുന്നത് മരണതുല്യമാണ്. ഇതിന് അയോധ്യയിൽ പോയി ഭഗവാനെ കണ്ടു പ്രായശ്ചിത്തം ചെയ്യുക. താങ്കൾക്ക് സദ്ബുദ്ധി ഭഗവാൻ നൽകട്ടെയെന്ന് ആശംസിക്കുന്നു. ഇനിമുതൽ നിങ്ങളുടെ ഒരു സിനിമ പോലും ഞാനോ എന്റെ കുടുംബമോ കാണില്ല. ഇനി നിങ്ങളോട് സ്നേഹമില്ല'- തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങിയപ്പോൾ മുതൽ മോഹൻ ലാലിന് എതിരെ സൈബർ ആക്രമണം തുടരുകയാണ്. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ്.സുദർശനിൽ നിന്നാണ് നടൻ അക്ഷതം ഏറ്റുവാങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് മോഹൻലാൽ ബിജെപി അനുഭാവിയാണെന്ന് പറഞ്ഞായിരുന്നു ഒരു വിഭാഗം ആളുകൾ മോഹൻലാലിനെ പരിഹസിച്ചിരുന്നത്. അതൊന്ന് കെട്ടടങ്ങിയപ്പോൾ താരം കുടുംബസമേതം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയിരുന്നു. അവിടെ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അക്ഷതം സ്വീകരിച്ച് കൈകൂപ്പി നിൽക്കുന്ന മോഹൻലാലിന്റെ ഫോട്ടോ വൈറലായപ്പോഴും താരത്തിന് പരിഹാസം കേൾക്കേണ്ടി വന്നിരുന്നു.

നരേന്ദ്ര മോദി വന്നപ്പോൾ മോഹൻലാലിന് സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുകയായിരുന്നു. അതുമായി താരതമ്യപ്പെടുത്തിയാണ് മോഹൻലാലിന് ഗുരുവായൂരിൽ നിന്നുള്ള ചിത്രം വൈറലായപ്പോൾ പരിഹാസം വന്നത്. അതെല്ലാം ഒന്ന് ഒതുങ്ങി വന്നപ്പോഴാണ് വീണ്ടും താരത്തിന് എതിരെ സൈബർ ആക്രമണം വരുന്നത്.

ഇപ്പോൾ നടനെതിരെ ഒരു വിഭാഗം ആളുകൾ സൈബർ ആക്രമണം നടത്തുന്നത്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ പോകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം നടനെ സോഷ്യൽമീഡിയ വഴി സൈബർ ബുള്ളിയിങ് നടത്തുന്നത്. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.

വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. അതിന് പുറമെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വാഗ്വാദവും കമന്റ് ബോക്സിൽ കാണാം. മിസ്റ്റർ മോഹൻലാൽ നിങ്ങളുടെ സിനിമകൾ ഇനി മുതൽ ഞാനും എന്റെ കുടുംബവും കാണില്ല.

ശ്രീരാമ ഭഗവാന്റെ പ്രാണ പ്രതിഷ്ഠചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും നിങ്ങൾ പോകാതെ ഇരുന്നത് വളരെ മോശമായിപ്പോയി. ഇനി നിങ്ങളോട് സ്നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ ഊളത്തരം ചെയ്തത്.

ഈ വീക്ക് ഇറങ്ങുന്ന പടം ഉള്ളതുകൊണ്ട് അയോധ്യയിൽ പോവാതെ നിന്ന് മറ്റുള്ളവരെ സന്തോഷിപ്പിച്ചു നട്ടെല്ല് പണയം വെച്ച താങ്കളുടെ സിനിമകൾ ഇനി മുതൽ കാണുന്നില്ലെന്നായിരുന്നു മറ്റൊരു യൂസർ കുറിച്ചത്. പടം ഞാൻ കാണില്ല നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു.

സുഡാപ്പി സിൻഡ്രോം കാരണം ആണോ അയോദ്ധ്യയിൽ പോകാതിരുന്നത്. നിലപാട് ഒക്കെ മമ്മൂട്ടിയെ കണ്ടു പഠിക്കണം, മോഹൻലാൽ സിനിമകൾ സൂടാപ്പികൾ തീയേറ്ററിൽ പോയി കാണാറില്ല, അവരെയൊക്കെ പേടിച്ച് ചടങ്ങിന് പോകാതിരുന്നത് മോഹൻലാലിന്റെ കടുത്ത ആരാധകരും തീയേറ്ററിൽ പോയി അദ്ദേഹത്തിന്റെ സിനിമ കാണുന്ന ഹൈന്ദവ വിശ്വാസികളെ നിരാശരാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

വാലിബന്റെ ബിസിനെസ്സിനെ എന്നല്ല മോഹൻലാലിന്റെ ഭാവിയില് ഇറങ്ങാൻ പോകുന്ന സിനിമകളുടെ ബിസിനസിനെയും ഈ സംഭവം കാര്യമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഷിബു ബേബിജോണിന്റെ നിർബന്ധത്തിന് വഴങ്ങി സ്വന്തം നട്ടെല്ല് കമ്മി സുടാപ്പികൾക്ക് മുന്നിൽ പണയം വയ്ക്കണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി ഫാൻസിന് സന്തോഷമായിക്കാണും അവർക്ക് ഇനി എതിരാളി ഇല്ലാതായി, എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം നിരവധി ആരാധകർ ഇതിനെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. അയ്യോ സംഘിക്കൂട്ടം സിനിമ ബഹിഷ്‌കരിച്ചതോടെ വാലിബൻ വൻ വിജയമായി എന്നും, സംഘികൾ കാണാത്തതുകൊണ്ട് സിനിമ ഉറപ്പായും വിജയിച്ചിരിക്കും എന്നുമുള്ള കമന്റുകളും എത്തിയിട്ടുണ്ട്.

നിങ്ങളെക്കാൾ 100 ഇരട്ടി വലിപ്പമുള്ളവരാണ് അവിടെ വന്നിരുന്നത്. ആ പുണ്യഭൂമിയിൽ ഉണ്ടാകാൻ ഒരു യോഗം വേണം... നിങ്ങൾക്കതില്ല അത്രയേയുള്ളൂ ജയ് ശ്രീറാം എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ. അമിതാഭ് ബച്ചൻ, രജിനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളെല്ലാം പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.

മോഹൻലാൽ കമന്റ് കാണാനായി ഇവിടെ ഇല്ലെന്നും, അദ്ദേഹം അമേരിക്കയിൽ ആണെന്നും, സിനിമ റിലീസ് കഴിഞ്ഞാൽ ഉടൻ തന്നെ രാമക്ഷേത്രം സന്ദർശിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ കൂടാതെ ഹരീഷ് പേരടി അടക്കമുള്ളവരും ചിത്രത്തിലുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിൽ വൻ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജനുവരി 25ന് പുലർച്ചെ 6.30 നാണ് കേരളത്തിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ. രാവിലെ 9.15 ഓടെ ആദ്യ ഷോകൾക്ക് ശേഷമുള്ള പ്രേക്ഷകാഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ എത്തും. ഇത് പോസിറ്റീവ് ആവുന്നപക്ഷം വാലിബൻ ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടങ്ങും. മോഹൻലാലിന്റെ അടുത്തിടെ എത്തിയ നേര് ചിത്രം ബോക്‌സ് ഓഫീസിൽ വിജയമായിരുന്നു.