- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദുബായിൽ മകളോടും പേരക്കുട്ടിയോടുമൊപ്പം താമസിക്കുന്ന 75 കാരനായ ബ്രിട്ടീഷ് പൗരൻ ജയിൽ ഭീഷണി നേരിടുന്നു; ന്യു ഇയർ ആഘോഷങ്ങൾക്കിടയിലുള്ള ശബ്ദം കുറയ്ക്കണമെന്ന ആവശ്യവുമായി അയൽപക്കക്കാരുടെ വീട്ടിലെ പാർട്ടിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിലെ കേസ് പ്രതിസന്ധി
ദുബായ്: ദുബായിൽ ഒരു ബ്രിട്ടീഷ് മുത്തശ്ശൻ നേരിടുന്നത് ജയിൽ ഭീഷണി. തന്റെ മകൾക്കും പേരക്കുട്ടിക്കുമൊപ്പം താമസിക്കുന്ന ഇയാൻ മാക്കെല്ലർ എന്ന 75 കാരനാണ് തടവ് ശിക്ഷ ഭയന്ന് കഴിയുന്നത്. പുതുവത്സര പാർട്ടികൾക്കിടയിൽ, മകളുടെ അയൽവീട്ടിൽ നിന്നും ഉയർന്ന ശബ്ദം അൽപം താഴ്‌ത്തണമെന്ന് ആവശ്യപ്പെട്ടതാണ് സ്‌കോട്ട്ലാൻഡ് അബെർഡീൻഷയർകാരനായ ഈ മുത്തശ്ശൻ ചെയ്ത കുറ്റം.
അയൽവീട്ടുകാർ ഒരുക്കിയ അത്താഴ വിരുന്നിലെ സംഗീതമായിരുന്നു ഇയാൻ മേക്കല്ലന്റെയും പേരക്കുട്ടിയുടെയും ഉറക്കത്തിന് വിഘാതമായത്. ജനുവരി ഒന്ന് അതിരാവിലെ പാട്ടിന്റെ ശബ്ദം ഉറക്കം കെടുത്തിയപ്പോഴായിരുന്നു ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, അതോടെ അവർ ശബ്ദം വീണ്ടും കൂട്ടുകയായിരുന്നു എന്ന് ഇവർ പറയുന്നു.
തുടർന്ന് അയൽവീട്ടിൽ നേരിട്ടെത്തി ശബ്ദം കുറയ്ക്കുന്ന കാര്യം ആവശ്യപ്പെടാൻ ഇയാൻ ഉറച്ചു. ശിശുവായ തന്റെ പേരക്കുട്ടിയേയും എടുത്തുകൊണ്ടായിരുന്നു ഇയാൾ അയൽവീട്ടിൽ എത്തിയത്. ഡോർബെൽ അടിച്ചിട്ടും ആരും പ്രതികരിക്കാഞ്ഞപ്പോൾ, വീട്ടിലെ ഉദ്യാനത്തിലേക്ക് നയിക്കുന്ന തുറന്ന് ഒരു വഴി അയാൾ കണ്ടു. ആ ഉദ്യാനത്തിലായിരുന്നു വിരുന്നു സത്ക്കാരം നടന്നിരുന്നത്.
വിരുന്ന് വീടിനകത്തേക്ക് മാറ്റിക്കൂടെ എന്ന് ഇയാൻ ചോദിച്ചപ്പോൾ, വിരുന്നിൽ പങ്കെടുക്കാൻ വന്നവർ അയാൾക്ക് നേരെ അലറി വിളിക്കുകയും ഉന്തുകയും തള്ളുകയും ചെയ്തുവെന്ന് ഇയാൻ പറയുന്നു. മാത്രമല്ല, പേരക്കുട്ടിയുടെ പാൽക്കുപ്പി പിടിച്ചു വാങ്ങി നിലത്തെറിയുകയും ചെയ്തു. താൻ അവിടെ നിന്നും പിൻവാങ്ങാൻ തുടങ്ങിയപ്പോൾ വിരുന്നൊരുക്കിയ വനിത തന്റെ നേർക്ക് അട്ടഹസിക്കുകയും അവരുടെ കൈയിൽ ഉണ്ടായിരുന്ന പാനീയം തന്റെയും പേരക്കുട്ടിയുടെയും മേൽ ഒഴിക്കുകയും ചെയ്തു എന്നും അയാൾ പറയുന്നു.
ഇതിനെതിരെ പരാതി നൽകാൻ അയാൾ ആലോചിച്ചെങ്കിലും, അയൽക്കാർ പിണങ്ങുമെന്ന് ഭയന്ന മകൾ അയാളെ പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ, ഇയാൻ തന്റെ വീട്ടിൽ, അനുവാദമില്ലാതെ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് അയൽക്കാർ പൊലീസിൽ പരാതി നൽകി. ഇതോടെ ഇപ്പോൾ ഇയാൾക്ക് ദുബായ് വിടാൻ കഴിയാത്ത സാഹചര്യത്തിലാണ്. മാത്രമല്ല, കേസ് ഇയാൾക്ക് എതിരായി വിധിച്ചാൽ ഒരുപക്ഷെ വർഷങ്ങൾ ജയിലിൽ കഴിയേണ്ടതായും വരും.
ഡീറ്റെയ്ൻഡ് ഇൻ ദുബായ് എന്ന സംഘടനയുടെ മേധാവിയും നിയമജ്ഞയുമായ രാധാ സ്റ്റെർലിങ് ഇയാന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. ദുബായിലെ രീതി അനുസരിച്ച് ആദ്യം പരാതിപ്പെട്ടവർക്ക് അനുകൂലമായിട്ടായിരിക്കും പൊലീസ് റിപ്പോർട്ട് എന്നാണ് രാധാ സ്റ്റെർലിങ് പറയുന്നത്. തങ്ങൾക്കെതിരെ ആരെങ്കിലും പരാതിപ്പെടും എന്ന് തോന്നിയാൽ ഉടൻ തന്നെ യഥാർത്ഥ ഇരക്കെതിരെ പരാതി ഉന്നയിക്കുക സാധാരണമാണെന്നും അവർ പറയുന്നു.