ന്യൂഡൽഹി: രാജ്യം ആഘോഷ നിറവിൽ. 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നത് കനത്ത ജാഗ്രതയിലാണ്. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥി. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, സൈനികവാഹനങ്ങൾ തുടങ്ങിയവ പരേഡിൽ അണിനിരത്തും. ഡൽഹിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

8000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിനുള്ളിൽ നിയോഗിച്ചതായി ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ദിനത്തിൽ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും. പരമ്പരാഗത സൈനികബാൻഡുകൾക്കുപകരം ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും പരേഡിലുണ്ടാകും. കേന്ദ്ര സായുധസേനയെയും വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.

വീരമൃത്യുവരിച്ച സൈനികർക്ക് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകുക. തൊട്ടുപിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയിൽ കർത്തവ്യപഥിലെത്തും. 40 വർഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയിൽ രാഷ്ട്രപതി പരേഡിനെത്തുന്നത്. ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗൺ സല്യൂട്ട് എന്ന നിലയിൽ 21 ആചാരവെടികൾ മുഴക്കും. ഇതിനുപിന്നാലെ കർത്തവ്യപഥിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തും.

പുഷ്പവൃഷ്ടിക്കുശേഷം നൂറ് വനിതകളുടെ നേതൃത്വത്തിലുള്ള ബാൻഡ് പ്രകടനത്തിന് തുടക്കമാകും.പിന്നാലെ രാഷ്ട്രപതി, സേനകളുടെ ഔദ്യോഗികസല്യൂട്ടുകൾ സ്വീകരിക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ - സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തും. എല്ലാ സംസ്ഥാനങ്ങളിലും പരേഡുകൾ നടക്കും.

രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ എത്താനാണ് സാധ്യത. ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും.