തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലാണ് റിപബ്ലിക് ദിനത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചയാക്കിയത്. വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയെ തുടർന്ന് 4 വിസിമാരെ പുറത്താക്കുമെന്നാണ് സൂചന.

ഇക്കാര്യത്തിൽ കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടുത്ത മാസം തീരുമാനമെടുക്കും. യുജിസി ചട്ടങ്ങൾ ലംഘിച്ചു നിയമിച്ചതിന്റെ പേരിൽ കാലിക്കറ്റ്, സംസ്‌കൃതം, ശ്രീനാരായണ, ഡിജിറ്റൽ സർവകലാശാലകളുടെ വിസിമാരെ പുറത്താക്കാനാണു സാധ്യത. യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനമെന്ന ആക്ഷേപത്തെ തുടർന്ന് കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക, സാങ്കേതിക, ഫിഷറീസ്, കണ്ണൂർ, കാലിക്കറ്റ്, സംസ്‌കൃതം, ശ്രീനാരായണ , ഡിജിറ്റൽ സർവകലാശാലകളുടെ വിസിമാരുടെ നിയമനമാണ് ഗവർണർ ചോദ്യം ചെയ്തത്.

ഇതിൽ സാങ്കേതിക, ഫിഷറീസ്, കണ്ണൂർ സർവകലാശാലാ വിസിമാരെ കോടതികൾ പുറത്താക്കി. കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക വിസിമാർ കാലാവധി കഴിഞ്ഞതിനാൽ സ്ഥാനമൊഴിഞ്ഞു. ശേഷിക്കുന്ന 4 വിസിമാരുടെ കാര്യത്തിൽ യുജിസി ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നു വിലയിരുത്തി ഗവർണർ തീരുമാനമെടുക്കും. അടുത്ത മാസം ഇവരുടെ ഹിയറിങ് നടക്കും. അതിന് ശേഷമാകും തീരുമാനം.

യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി നിയമനം ലഭിച്ചെന്നതിന്റെ പേരിൽ 9 വിസിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തപ്പോഴാണ് തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്. 2022 ഒക്ടോബറിലാണ് വിസിമാർക്ക് ഗവർണർ നോട്ടിസ് നൽകിയത്. വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം കഴിഞ്ഞ ദിവസം നൽകി. ഇതോടെയാണ് ഈ ഫയൽ വീണ്ടും രാജ്ഭവൻ തുറക്കുന്നത്.

വിസിമാരെ പുറത്താക്കുന്ന കാര്യത്തിൽ ഗവർണർ വിട്ടുവീഴ്ച കാട്ടാൻ സാധ്യത കുറവാണ്. ഡിജിറ്റൽ സർവകലാശാലാ വിസിക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ചുമതല. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കിയാൽ സാങ്കേതിക സർവകലാശാലയ്ക്കും നാഥനില്ലാതാകും. സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

കാരണം കാണിക്കൽ നോട്ടിസിന്റെ നിയമസാധുത/നിയമാധികാരം, ആരോപിച്ചിരിക്കുന്ന യുജിസി ചട്ടലംഘനം എന്നിവയിൽ സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ പറയുന്നു. ഇതും ഗവർണർക്ക് അനുകൂലമാണെന്ന് വിലയിരുത്തലുണ്ട്.

സംസ്‌കൃത സർവകലാശാല വിസി ഡോ. എം വിനാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എം.കെ.ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ.പി.എം.മുബാറക് പാഷ എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.