- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കർത്തവ്യപഥിൽ പ്രൗഢഗംഭീര പരേഡ്; സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കാഴ്ച വിരുന്ന്; ടാബ്ലോകളും കൈയടി നേടി; കനത്ത സുരക്ഷയിൽ ഡൽഹിയി ആഘോഷങ്ങൾ; സുരക്ഷയ്ക്ക് നിയോഗിച്ചത് എണ്ണായിരത്തോളം പേരെ; റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കാട്ടുന്നത് ഇന്ത്യൻ കരുത്ത്
ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ പ്രൗഢഗംഭീരമായി ആഘോഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യയുടെ സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡ് നടന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥി്. തുടർന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാർച്ച് പാസ്റ്റും അരങ്ങേറി. കനത്ത സുരക്ഷയായിരുന്നു ഡൽഹിയിൽ.
റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുകളും സൈനികാഭ്യാസത്തിന്റെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകൾ, ഡ്രോൺ ജാമറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവ പരേഡിൽ അണിനിരന്നു. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ രണ്ടു റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനവും ഫ്‌ളൈപാസ്റ്റ് നടത്തി. ചടങ്ങുകൾക്ക ശേഷം പ്രധാനമന്ത്രി മോദി കാണികളെ അഭിവാദ്യം ചെയ്തു.
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണർ പ്രസംഗിച്ചത്. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികളിൽ മന്ത്രിമാർ പതാക ഉയർത്തി. ഇടുക്കിയിൽ ഐഡിഎ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനാണ് പതാക ഉയർത്തിയത്. മലപ്പുറത്ത് എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും ദേശീയ പതാക ഉയർത്തി. തൃശൂരിൽ തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണൻ പതാക ഉയർത്തി. പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി പതാക ുയർത്തിയപ്പോൾ വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേശ് കുമാറും ദേശീയ പതാക ഉയർത്തി. മറ്റ് സംസ്ഥാനങ്ങളിലും സമാന ആഘോഷങ്ങൾ നടന്നു.
റിപ്പബ്ലിക് ദിനാഘോഷങ്ങൾ കണക്കിലെടുത്ത് ഡൽഹിയും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. എണ്ണായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ നിയോഗിച്ചത്. സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനാണ് അയോദ്ധ്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞിരുന്നു. ശ്രീരാമ ജന്മസ്ഥാനത്തെ അത്യന്തം പ്രൗഢമായ ക്ഷേത്രത്തിൽ രാമവിഗ്രഹ പ്രതിഷ്ഠ നടന്ന ചരിത്ര നിമിഷത്തിനാണ് നാം സാക്ഷിയായത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തീർപ്പനുസരിച്ചാണ് ക്ഷേത്രം നിർമ്മിച്ചത്. ജനങ്ങളുടെ വിശ്വാസത്തിനൊപ്പം നീതിന്യായത്തിന്മേലുള്ള അവരുടെ വിശ്വാസ്യതയും തെളിയിക്കുന്നതാണ് അയോദ്ധ്യയിലെ ക്ഷേത്രം, ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
75-ാം റിപ്പബ്ലിക് ദിനം രാജ്യയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. റിപ്പബ്ലിക് ദിനമെന്നത് നമ്മുടെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റിയുള്ള ഓർമപ്പെടുത്തലുമാണ്. ജനാധിപത്യം സാംസ്‌കാരിക വൈവിധ്യങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളുന്നു. എല്ലാ വേർതിരിവുകളും ഇല്ലാതാക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും ഭരണഘടനയുടെ സാന്നിധ്യം നമ്മെ സഹായിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങളെ ഒരു കുടുംബമായി ചേർത്തു നിർത്തുകയാണ് ഈ റിപ്പബ്ലിക്. ലോകത്തെ ഏറ്റവും വലിയ കുടുംബമാണ് നമ്മുടേത്.
ജി20 ഉച്ചകോടി വിജയം രാജ്യത്തിനു വലിയ നേട്ടമായി. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കി, ലിംഗ സമത്വമെന്ന ആദർശത്തിലേക്ക് നാം കൂടുതൽ മുന്നേറുന്നു. നാരീശക്തി വന്ദൻ അധിനിയം സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ സങ്കേതമായി മാറുകയും ഭരണ നിർവഹണത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരതത്തിന്റെ ചാന്ദ്ര, ആദിത്യ എൽ 1 ദൗത്യങ്ങൾ വലിയ നേട്ടങ്ങളാണ്. പുതിയ വർഷത്തിൽ ഗഗൻയാൻ അടക്കമുള്ള കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്കാണ് നാം തയ്യാറെടുക്കുന്നത്. ശാസ്ത്ര മേഖലയിലെ നേട്ടങ്ങൾ കൂടുതൽ യുവാക്കൾക്ക്, ശാസ്ത്ര, സാങ്കേതിക മേഖലകളിലെത്താൻ പ്രചോദനമേകുന്നു.
ശക്തമായ സാമ്പത്തിക ശക്തിയായി രാജ്യം വരുംവർഷങ്ങളിലും തുടരും. എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികൾ രാജ്യത്തെ നയിക്കുന്നു. അഞ്ചുവർഷത്തേക്കു കൂടി 81 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നല്കാനുള്ള ചരിത്രപരമായ തീരുമാനവും കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നു. എല്ലാവർക്കും കുടിവെള്ളം, അടച്ചുറപ്പുള്ള വീട് എന്നീ അടിസ്ഥാനപരമായ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഡിജിറ്റൽ വിപ്ലവവും ആയുഷ്മാൻ ഭാരത് അടക്കമുള്ള ഇൻഷുറൻസ് പദ്ധതികളും പാവപ്പെട്ടവർക്കും ദുർബലർക്കും മതിയായ പരിരക്ഷയേകുന്നു. നമ്മുടെ കായികതാരങ്ങൾ അന്താരാഷ്ട്ര വേദികളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച് രാജ്യത്തിന്റെ യശസുയർത്തി.