ലണ്ടൻ: തികച്ചും വിചിത്രമായ ഒരു റിപ്പോർട്ട് അമേരിക്കയിൽ നിന്നും പുറത്തു വന്നിരിക്കുകയാണ്. അമേരിക്കൻ പൗരന്മാർക്ക് യാത്ര ചെയ്യുവാൻ ബ്രിട്ടനേക്കാൾ സുരക്ഷിതം പഴയ സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന ടർക്ക്മെനിസ്ഥാൻ ആണെന്നാണ് ആ റിപ്പോർട്ട്. അമേരിക്കൻ സർക്കാർ തന്നെ പുറഥ്റ്റു വിട്ട റിപ്പോർട്ടിൽ പറയുന്നത് പല യൂറോപ്യൻ രാജ്യങ്ങളും യാത്ര ചെയ്യാൻ കുറഞ്ഞ സുരക്ഷ മാത്രമുള്ള രാജ്യങ്ങൾ ആണെന്നാണ്. ഏകാധിപതികൾ ഭരിക്കുന്ന, സ്വവർഗ്ഗാനുരാഗം പോലും ക്രിമിനൽ കുറ്റങ്ങളായ രാജ്യങ്ങളാണത്രെ യൂറോപ്യൻ രാജ്യങ്ങളേക്കാൾ സുരക്ഷിതം.

ഇതിലൊക്കെ ഏറെ രസകരമായ കാര്യം ആ റിപ്പോർട്ടിലുള്ളത്, ലോകത്തെ ഏറ്റവും വലിയ ദ്വീപും, വളരെ തുഛമായ ജനസംഖ്യയുമുള്ള ഗ്രീൻലാൻഡ് അമേരിക്കയേക്കാൾ സുരക്ഷ കുറഞ്ഞ ഇടമാണെന്നതാണ്. പ്രതിദിനം ശരാശരി 118 പേരെങ്കിലും വെടിയേറ്റ് മരിക്കുന്ന അമേരിക്കയിൽ, ഡെന്മാർക്കിന്റെ കീഴിലുള്ള, ജനസംഖ്യ തീരെ കുറഞ്ഞ ഗ്രീൻലാൻഡിനേക്കാൾ സുരക്ഷ നിങ്ങൾക്ക് ലഭിക്കുമത്രെ!

അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശത്തിൽ ബ്രിട്ടനെ ലെവൽ 2 ഡെസ്റ്റിനേഷൻ ആയിട്ടാണ് പരാമർശിക്കുന്നത്. അതായത്, ഇത്തരം ഡെസ്റ്റിനേഷനുകൾ സന്ദർശിക്കുന്ന അമേരിക്കൻ പൗരന്മാർ കൂടുതൽ കരുതലെടുക്കണം എന്നർത്ഥം. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളും ഇതേ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

എന്നാൽ, ഇതിന് വിപരീതമായി കാൻഡ, ആസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് അപകടങ്ങൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന ലെവൽ 1 ൽ ആണ് സ്ഥാനം നൽകിയിരിക്കുന്നത്. സാധാരണ പോലെ ഇവിടെ യാത്ര ചെയ്യാം, പ്രത്യേക മുൻകരുതലുകൾ ഒന്നും വേണ്ട എന്നർത്ഥം.

അമേരിക്കൻ ആസ്ഥാനമായുള്ള ഗൺ വയലൻസ് ആർക്കവിന്റെ കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് 2023-ൽ അമേരിക്കയിൽ 40,000 പേർ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു എന്നാണ്. അതേസമയം, നാഷണൽ ക്രൈം ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2022-ൽ ബ്രിട്ടനിൽ വെടിവയ്പിൽ മരണമടഞ്ഞവരുടെ എണ്ണം 26 മാത്രമാണ്.

അമേരിക്കക്കൊപ്പം, ഉന്നത സുരക്ഷാ നിലയുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ഉന്നത സ്ഥാനത്തെത്തിയ ടർക്ക്മെനിസ്ഥാനിൽ സ്വവർഗ്ഗ പ്രണയവും ലൈംഗികതയും ഇപ്പോഴും നിയമപരമായി കുറ്റകരമായ കാര്യമാണ്. പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷവരെ ലഭിക്കാം. 1991-ൽ രാജ്യം രൂപീകൃതമായതിനു ശേഷമുള്ള മൂന്നാമത്തെ ഭരണാധികാരിയാണ് ഇപ്പോഴത്തെ പ്രസിഡണ്ട് സെർദർ ബെർഡിമുഹമ്മദോവ്. മാത്രമല്ല, മുൻ ഭരണാധികാരിയുടെ പുത്രനും കൂടിയാണ്.

ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ് ടർക്ക്മെനിസ്ഥാൻ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലും മറ്റും ഭരണാധികാർകൾക്ക് വിരോധമുള്ളവരെ വിവിധ കേസുകളിൽ കുടുക്കി ശിക്ഷിക്കുന്നതു വരെ ഇതിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ മാധ്യമങ്ങൾക്ക് മേലും ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം, സ്ത്രീകളുടെ യും കുട്ടികളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും തുടങ്ങിയ മേഖലകളിലെല്ലാം കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇനിയും ഈ രാജ്യത്തിനായിട്ടില്ല.