കൊല്ലം: കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ കരിങ്കൊടി കാട്ടിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങി.

തൊട്ടുത്ത കടയിലെ കസേരയിൽ ഇരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ഗവർണർ ആരോപിച്ചു. വലിയ സംഘർഷമാണ് എസ് എഫ് ഐ ആ സ്ഥലത്തുണ്ടായത്. കൊല്ലം നിലമേലാണ് സംഭവം. തിരുവനന്തപുരം-കൊല്ലം അതിർത്തിയാണ് ഇത്. പൊലീസിനെ ഗവർണർ ശകാരിക്കുകയും ചെയ്തു. ഗവർണർക്കെതിരെ ബാനറുമായാണ് എസ് എഫ് ഐ കരിങ്കൊടി കാട്ടാനെത്തിയത്.

പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് കരിങ്കൊടി പ്രതിഷേധമെങ്കിൽ ഇങ്ങനെയാകുമോ പൊലീസ് ഇടപെടൽ എന്ന ചോദ്യവും ഗവർണർ ഉയർത്തി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കാര്യങ്ങൾ അറിയിക്കാനും കൂടെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ 12 പേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് ഗവർണറെ അറിയിച്ചു. എന്നാൽ പ്രതിഷേധിച്ച മുഴുവൻ പേരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. സദാനന്ദപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം.

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ രൂക്ഷ അഭിപ്രായങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം. ഗവർണറുടെ കാറിന് അടുത്ത് വരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെ പ്രവർത്തകർ കാറിന് അടുത്തേക്ക് എത്തിയില്ലെന്ന ചോദ്യമാണ് ഗവർണർ ഉയർത്തുന്നത്.

കുറച്ചു കാലമായി എസ് എഫ് ഐ ഗവർണർക്കെതിരെ പ്രതിഷേധത്തിലാണ്. എന്നാൽ കുറച്ചു കാലമായി പ്രതിഷേധത്തിന്റെ തോത് കുറഞ്ഞു. നയപ്രഖ്യാനം പൂർണ്ണമായും വായിക്കാതെ ഗവർണർ വീണ്ടും വിവാദത്തിന് പുതിയ തലം നൽകി. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം. വാഹത്തിൽ നിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പൊലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന് പറഞ്ഞ് റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ഗവർണർ.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോൺ ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവർണർ പേഴ്സണൽ സ്റ്റാഫിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയോട് വിഷയം അറിയിക്കുകയും ചെയ്തു.