- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പ്രതിഷേധം' കടുത്തതോടെ കേന്ദ്രസർക്കാരിന്റെ അതിവേഗ ഇടപെടൽ; ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; രാജ്ഭവന്റെ മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ; പത്തിലേറെ കമാൻഡോകൾ ഉൾപ്പെടെ സെഡ് പ്ലസ് സുരക്ഷ ഒരുക്കി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന. കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആർപിഎഫ് സംഘമെത്തി ദൗത്യം ഏറ്റെടുത്തു. രാജ്ഭവന്റെ മുന്നിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലി ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആർപിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്.
എസ്എഫ്‌ഐ പ്രവർത്തകർ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ സിആർപിഎഫിന് കൈമാറി സെഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫ് സംഘം സ്ഥലത്തെത്തിയത്.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു സെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് സെഡ് പ്ലസ് . ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് സെഡ് പ്ലസ് രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.
ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചിരുന്നു. കേരള പൊലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ലെന്നാണ് വിവരം.
കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ വാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പൊലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന ഉറച്ച നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.
സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേൽ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവർണർ. യാത്രാമധ്യേയാണ് നിലമേൽവെച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്കുനേരെ കയർക്കുകയായിരുന്നു.
നിലവിൽ കേരള പൊലീസായിരുന്നു ഗവർണർക്ക് സുരക്ഷയൊരുക്കിയിരുന്നത്. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവർണറുടെ സുരക്ഷാ ചുമതല. ഇതിൽ പത്തിലേറെ കമാൻഡോകളും ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണർക്ക് അകമ്പടി സേവിക്കും.
കൊല്ലത്തെ പ്രതിഷേധ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.
റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു.
അതേസമയം, ഗവർണറുടെ നടപടികൾ കേന്ദ്രനിർദ്ദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോൾ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജൻഡയാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം നിലമേലിൽ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറിൽ നിന്നിറങ്ങി കസേരയിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയിൽ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം.
എഫ്‌ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്‌ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.