- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അധികാരം സ്വന്തം തലയ്ക്കു മീതെയെന്ന് ചിലർ കരുതുന്നു'; വിമർശനം കടുപ്പിച്ച് ഗവർണർ; പ്രതിഷേധങ്ങൾക്ക് ഇനി ഇടവേള; ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിക്ക് മടങ്ങി; കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും എസ്.എഫ്.ഐ നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരം സ്വന്തം തലയ്ക്കുമീതെയാണെന്നാണ് ചിലർ കരുതുന്നതെന്നും നിയമങ്ങൾക്ക് മുകളിലാണ് താനെന്ന ചിന്തയാണ് ഇത്തരക്കാർക്കെന്നും ഗവർണർ വിമർശിച്ചു. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ പൊലീസുകാർ ഇതുതന്നെയാണോ ചെയ്യുകയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
കൊല്ലത്ത് തനിക്കെതിരെ പ്രതിഷേധിച്ചവരിൽ 22 പേർ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പൊലീസുകാർ സുരക്ഷയ്ക്കെന്ന പേരിൽ ഉണ്ടായിട്ടും പ്രതിഷേധക്കാർ ആക്രമിക്കാനെത്തി. പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. അവർക്കുമേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താൻ പുറത്തിങ്ങിയതെന്ന് ഗവർണർ പറഞ്ഞു. കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാർ തന്നെ അടിക്കെട്ടെ. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാൽ ഭയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ മികച്ച പൊലീസാണ് കേരള പൊലീസെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ആവർത്തിച്ചു. അധികസുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനം കേന്ദ്രത്തിന്റെതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടവേള നൽകി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങി. തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിക്ക് പോകുമെന്ന് രാജ്ഭവൻ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവർണറുടെ മടങ്ങിപ്പോക്ക്.
അതിനിടെ കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പന്ത്രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെയാണ് കടയ്ക്കൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ചടയമംഗലം നിലമേൽ വീട്ടിൽ മാടൻനടയിൽ ആസിഫ് ( 22 ), മതിര കോട്ടപ്പുറം ഫാത്തിമ മൻസിൽ ഫയാസ്( 23 ), കടയ്ക്കൽ കുറ്റിക്കാട്ടിൽ സരസ്വതി വിലാസം അരവിന്ദ് (22), നെട്ടയം നികേതൻ വിശാഖത്തിൽ വിഷ്ണു (20), പുല്ലാനിമൂട് കരുകോൺ കാരംകോട്ടു വീട്ടിൽ അഭിജിത്ത് (22), ഭാരതീപുരം, കുഞ്ഞുവയൽ, വിളയിൽ വീട്ടിൽ ബുഹാരി (21), കൈതോട് തേജസ്സ് വലിയ വഴിയിൽ മുസാഫർ മുഹമ്മദ് (21), പുള്ളിപ്പാറ ഗാലക്‌സി സ്വാമി മുക്കിൽ അബ്‌സൽന (21), മാടൻനട തൊടിയിൽ വീട്ടിൽ മുഹമ്മദ് ഉബൈദ് (19), ചെറിയവെളിനല്ലൂർ ആര്യഭവനിൽ ആര്യ (22), കുരിയോട് വടക്കേവിള വീട്ടിൽ ബിനിൽ (22), കോട്ടുക്കൽ വയല, വിഷ്ണുഭവനിൽ അഭിനന്ദ് (19) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കും എതിരെയാണ് കേസെടുത്തത്.
രാഷ്ട്രപതിയെയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറെയോ ആക്രമിക്കുകയോ തെറ്റായി തടയുകയോ അല്ലെങ്കിൽ തടയാൻ ശ്രമിക്കുകയോ ചെയ്യുക എന്ന വകുപ്പാണിത്. ക്രിമിനൽ ബലപ്രയോഗം, ക്രിമിനൽ ശക്തി കാണിക്കൽ, അല്ലെങ്കിൽ അതിരുകടക്കാനുള്ള ശ്രമങ്ങൾ എന്നീ കുറ്റങ്ങൾക്ക് ഏഴുവർഷം വരെ തടവ് ആണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ പിഴക്കും ബാധ്യസ്ഥരായിരിക്കും.
അതിനിടെ ഗവർണറെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വിമർശിച്ചത്. ഗവർണർ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ചെയ്യാൻ പാടില്ലാത്തതാണെന്നും കുറ്റപ്പെടുത്തി. പൊലീസിന്റെ പണി അവര് ചെയ്യും. എഫ്‌ഐആർ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരേണ്ടെന്ന് മുൻപ് ഏതെങ്കിലും ഗവർണർ പറഞ്ഞിട്ടുണ്ടോ ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്.
ഇപ്പോൾ കേന്ദ്ര സുരക്ഷ കിട്ടുന്ന ആർഎസ്എസ് പ്രവർത്തകരുടെ നിരയിലേക്ക് ഗവർണറും എത്തി. ആ കൂട്ടിൽ ഒതുങ്ങാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്. സിആർപിഎഫിന് കേസെടുക്കാനാകുമോ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും ചോദിച്ച മുഖ്യമന്ത്രി ഗവർണർ ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടോ എന്നും സ്വയം പരിശോധിക്കണം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും പിണറായി കുറ്റപ്പെടുത്തി.