- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആ കാക്ക വിജയ് അല്ല, ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്': രജനീകാന്ത്
ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള ഏറ്റമുട്ടലുകളിൽ മരണം പോലും ഉണ്ടായ നാടാണ് തമിഴകം. മുമ്പ് രജനീകാന്ത്- കമൽഹാസൻ ഫാൻസാണ് പോരാട്ടം നടത്തിയിരുന്നെങ്കിൽ ഇപ്പോഴത് രജനി-വിജയ് ആരാധകർ തമ്മിലായി മാറിയിരിക്കയാണ്. സോഷ്യൽ മീഡിയയിൽ അടക്കം വലിയ മത്സരമാണ് ഇവർ നടത്തുന്നത്. നേരത്തെ ആരാണ് തമിഴകത്തെ യഥാർഥ സൂപ്പർ സ്റ്റാർ എന്നതിനെചൊല്ലിയും സിനിമാലോകം രണ്ടായി ചർച്ച നടന്നിരുന്നു. നടൻ ശരത് കുമാർ വിജയെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കണമെന്ന് ഒരു ചടങ്ങിൽ പറഞ്ഞതാണ് വിവാദമായത്.
എന്നാൽ തനിക്ക് വിജയുമായി യാതൊരു പ്രശ്നവുമില്ലെന്നും അത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും തുറന്ന് പറഞ്ഞിരിക്കയാണ് രജീനികാന്ത്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ്ക്ക് എല്ലാവിധ ആശംസകളും, തലൈവർ നേർന്നു.
ആ കാക്ക വിജയ് അല്ല
'ജയിലർ' സിനിമയുടെ ഓഡിയോ ലോഞ്ചിലെ രജനിയുടെ കാക്ക പരാമർശമാണ് ഫാൻ ഫൈറ്റ് ഈ രീതിയിൽ വഷളാക്കിയത്. "പക്ഷികളിൽ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാൽ കഴുകനിങ്ങനെ മുകളിൽ കൂടി പറക്കും."ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്.
ഇതേ വിഷയുമായി ബന്ധപ്പെട്ട് വിജയ്യും പ്രതികരണം നടത്തുകയുണ്ടായി. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു 'കുട്ടിക്കഥ'യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ വിഷയം മാറ്റുകയായിരുന്നു.
എന്നാൽ പരാമർശം വിജയ്യെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയുമായി മത്സരത്തിലെന്ന പ്രചാരണം ഏറെ വേദനിപ്പിക്കുന്നുവെന്നും 'ലാൽസലാം' സിനിമയുടെ ഓഡിയോ ലോഞ്ചിൽ രജനീകാന്ത് പ്രതികരിച്ചു. വിജയ് ഇന്ന് വലിയ താരമായി വളർന്നു കഴിഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താനെന്നും വിജയ്യുടെ അഭ്യുദയകാംക്ഷി ആണെന്നും രജനികാന്ത് വിശദമാക്കി.
"കാക്കയുടെയും കഴുകന്റെറെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ വിജയ്യ്ക്കു എതിരെയാണ് അത് പറഞ്ഞതെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് വളരെ നിരാശാജനകമാണ്. എന്റെ കൺമുന്നിലാണ് വിജയ് വളർന്നത്. ഞാൻ അഭിനയിച്ച പഴയ ചിത്രങ്ങളിലൊന്ന് വിജയ്യുടെ വീട്ടിലാണ് ചിത്രീകരിച്ചത്.
ധർമത്തിൻ തലൈവൻ എന്ന ചിത്രത്തിന്റ ഷൂട്ടിങ്ങ് സമയത്ത്, വിജയ്യ്ക്ക് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുകളിലത്തെ നിലയിൽ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് എസ്.എ. ചന്ദ്രശേഖർ മകനെ പരിചയപ്പെടുത്തി, അവന് അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും പറഞ്ഞു. വിജയ്യോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചിട്ടുണ്ട്.
പിന്നീട് വിജയ് നടനായി.തന്റെ അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് ഇത്ര ഉന്നതിയിൽ വിജയ്യെ എത്തിച്ചത്. ഇനി അടുത്തതായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞു. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. അതുകേട്ട് എന്റെ മനസ്സ് വളരെയേറെ വേദനിച്ചു. വിജയ് തന്നെ പറഞ്ഞു, അദ്ദേഹം മത്സരിക്കുന്നത് അദ്ദേഹത്തോടു തന്നെയാണെന്ന്. ഞാനും അതു തന്നെയാണ് പറഞ്ഞിട്ടുള്ളത്. വിജയ് ആണ് എനിക്ക് എതിരാളിയെന്ന് ഞാൻ ചിന്തിച്ചാൽ അതെന്റെ മര്യാദകേടാണ്. വിജയ്യും തിരിച്ചങ്ങനെ ചിന്തിച്ചാൽ അദ്ദേഹത്തിനും അത് മര്യാദകേടാണ്. ദയവു ചെയ്ത് ഫാൻസ് ഇക്കാര്യത്തിൽ അടിപിടികൂടരുത്. ഞാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്."-രജനികാന്തിന്റെ വാക്കുകൾ.
രജനി സംഘിയല്ലെന്ന് മകൾ
വികാരപരമായ മറ്റുപല രംഗങ്ങൾക്കും ഈ ഓഡിയോലോഞ്ച് സാക്ഷ്യം വഹിച്ചു. തന്റെ പിതാവ് രജനീകാന്ത് സംഘി അല്ലെന്ന് മകളും സംവിധായിക ഐശ്വര പറഞ്ഞതും വാർത്തായായി.ഐശ്വര്യ സംസാരിക്കുമ്പോൾ വേദിയിൽ നിറകണ്ണുകളോടെയിരിക്കുകയായിരുന്നു പിതാവ് രജനീകാന്ത്.
ലാൽസലാം ഒരു സ്പോർട്സ് ഡ്രാമയാണെന്നും ഫെബ്രുവരി 9ന് റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു. "സമൂഹമാധ്യമങ്ങളിൽനിന്ന് ഞാൻ പൊതുവെ വിട്ടുനിൽക്കാറുണ്ട്. എന്താണു നടക്കുന്നതെന്ന് അറിയണമെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു. ചില പോസ്റ്റുകൾ കണ്ടപ്പോൾ എനിക്കു ദേഷ്യം തോന്നി. നമ്മളെല്ലാവരും മനുഷ്യരാണല്ലോ. അടുത്തിടെ നിരവധി ആളുകൾ അച്ഛനെ സംഘി എന്നു വിളിക്കുന്നതു കണ്ടു. എന്താണ് അതിന്റെ അർഥമെന്ന് എനിക്കറിയില്ല. ഞാൻ ചിലരോട് സംഘി എന്ന പദത്തിന്റെ അർഥം എന്താണെന്നു ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെ വിളിക്കുന്ന പേരാണ് സംഘി എന്ന് അവർ എനിക്കു മറുപടി നൽകി." ഐശ്വര്യ പറഞ്ഞു.
അതുകൊണ്ടു തന്നെ ഒരു കാര്യം ഇവിടെ പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. "രജനീകാന്ത് ഒരു സംഘിയല്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ലാൽ സലാം പോലൊരു ചിത്രം ചെയ്യുമായിരുന്നില്ല." -ഐശ്വര്യ വ്യക്തമാക്കി. ഇതും തമിഴ്‌നാട്ടിൽ വലിയ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്.