പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിഹാറിൽ മഹാസഖ്യം വിട്ട് ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ജെഡിയു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിജെപി - ജെഡിയു സഖ്യം അധികകാലം മുന്നോട്ടുപോകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം വിട്ട് ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഈ സഖ്യം നീണ്ടുനിൽക്കില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഫലത്തിൽ, ജെഡിയു ബിജെപി സഖ്യ സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ ആയുസുണ്ടാകില്ലെന്നാണു പ്രവചനത്തിന്റെ അർഥം.

''നിതീഷ് കുമാർ ബിഹാറിൽ എൻഡിഎയുടെ മുഖമായും ബിജെപി അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുന്നതുമായ ഇപ്പോഴത്തെ ഈ സഖ്യം, അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ നീളില്ല. ഇക്കാര്യം ഞാൻ വേണമെങ്കിൽ എഴുതി നൽകാം.തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ നിങ്ങൾക്ക് എന്നെ പിടിക്കാം, ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഈ സഖ്യം വേർപിരിയും' പ്രശാന്ത് കിഷോർ പറഞ്ഞു.

ബിജെപിയെ കൂട്ടുപിടിച്ച് ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിനെയാണ് പ്രശാന്ത് കിഷോർ വെല്ലുവിളിച്ചത്. ആർ.ജെ.ഡി -കോൺഗ്രസ് പിന്തുണയിലുള്ള സഖ്യ സർക്കാറിനെ വീഴ്‌ത്തിയാണ് ജെ.ഡി.യു പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

നിതീഷ് 'പാൽതുറാം' ആണെങ്കിൽ അക്കാര്യത്തിൽ നരേന്ദ്ര മോദിയും അമിത്ഷായും വ്യത്യസ്തരല്ല എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെന്നും പ്രശാന്ത് കിഷോർ മുന്നറിയിപ്പ് നൽകി.

'പൽതു റാം' എന്നാൽ തന്റെ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ഒരാൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ദശാബ്ദത്തിനിടെയുണ്ടായ അഞ്ച് രാഷ്ട്രീയ അട്ടിമറികളുടെ പശ്ചാത്തലത്തിൽ, വിമർശകർ നിതീഷ് കുമാറിനെ 'പൽതു റാം' അല്ലെങ്കിൽ 'പൾട്ടു കുമാർ' എന്ന് വിശേഷിപ്പിക്കുന്നത്.

അടുത്ത ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് നാടകീയമായ സംഭവവികാസങ്ങൾ സംസ്ഥാനത്ത് നടക്കുമെന്നും നിതീഷ് 20 സീറ്റിലധികം നേടിയാൽ ഞാൻ ജോലി വിടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

നേരത്തെ, ബിജെപിക്കും കോൺഗ്രസിനുമൊപ്പം പ്രവർത്തിച്ചിരുന്ന പ്രശാന്ത് കിഷോർ ജെ.ഡി.യുവിന്റെ ദേശീയ വൈസ് പ്രസിഡന്റായും രാഷ്ട്രീയ നയതന്ത്രജ്ഞനായും പ്രവർത്തിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അസ്വാരസങ്ങളെത്തുടർന്നാണ് പ്രശാന്ത് കിഷോർ ജെ.ഡി.യുവിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ആറു മാസത്തിനുള്ളിൽ ജെഡിയു ബിജെപി സഖ്യത്തിൽ മാറ്റങ്ങളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. മഹാസഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് കുമാർ, ബിജെപി പിന്തുണയോടെ ഞായറാഴ്ച വൈകിട്ടാണു മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഒൻപതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലുമായിരുന്നു സത്യപ്രതിജ്ഞ.

അതേ സമയം മഹാസഖ്യംവിട്ട് ബിജെപിക്കൊപ്പം സഖ്യസർക്കാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിതീഷ് കുമാറിനെ ട്രോളി ശശി തരൂർ എംപി രംഗത്ത് വന്നു. ഇന്നത്തെ വാക്ക് (വേഡ് ഓഫ് ദി ഡേ) എന്ന വിശേഷണത്തിൽ ഇംഗ്ലീഷ് പദം പരിചയപ്പെടുത്തിയായിരുന്നു തരൂരിന്റെ പരിഹാസം.

Snollygoster (സ്നോളിഗോസ്റ്റർ) എന്ന വാക്കാണ് തരൂർ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വഴി പരിചയപ്പെടുത്തിയത്. 2017-ൽ നിതീഷ് മഹാസഖ്യം വിട്ടപ്പോൾ പങ്കുവെച്ച കുറിപ്പ് റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ പരിഹാസം. ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നാണ് സ്നോളിഗോസ്റ്റർ എന്ന വാക്കിന്റെ അർഥം.

2017-ൽ പങ്കുവെച്ച പോസ്റ്റിന്റെ പരിഭാഷ:

ഇന്നത്തെ വാക്ക്!
സ്നോളിഗോസ്റ്റർ എന്ന വാക്കിന്റെ നിർവചനം
യു.എസ്. ഉപയോഗം: കുശാഗ്രബുദ്ധിയായ, ധാർമികതയില്ലാത്ത രാഷ്ട്രീയക്കാരൻ.
ആദ്യ ഉപയോഗം: 1845
ഏറ്റവും ഒടുവിൽ ഉപയോഗിക്കപ്പെട്ടത്: 26/7/17, മറ്റൊരു ദിവസത്തിന്റെ വാക്കുകൂടെയായി ഇത് മാറുമെന്ന് കരുതിയില്ലെന്ന്, നെടുവീർപ്പിടുന്നതായി സൂചിപ്പിച്ച് റീട്വീറ്റിനൊപ്പം ശശി തരൂർ കുറിച്ചു.