- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മോഹിച്ചു; പ്രതീക്ഷിച്ച പിന്തുണ ഇന്ത്യ മുന്നണിയിൽ കിട്ടിയില്ല; തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലുവിന്റെ ചരടുവലി; ജെഡിയു പിളർത്തുമെന്ന ഭയം; ലോക്‌സഭാ സീറ്റു വിഭജനത്തിലും തർക്കം; നിതീഷ് കുമാർ മറുകണ്ടം ചാടിയത് 'കസേര' സംരക്ഷിക്കാൻ; എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തിയെന്ന് പ്രതികരണം
പട്‌ന: എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തിയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രതികരിക്കുമ്പോഴും മഹാസഖ്യം വിട്ട് എൻഡിഎയിൽ ചേക്കേറാൻ പ്രേരിപ്പിച്ചത് ജനതാദൾ (യു) ആർജെഡി നേതൃത്വം പിളർത്തിയേക്കുമെന്ന ഭയം. പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് 'ഇന്ത്യ' സഖ്യം രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ നിതീഷ് കുമാർ ഒടുവിൽ നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് എൻഡിഎയിലേക്ക് മടങ്ങുന്നത് സ്വന്തം പാർട്ടിയെ സംരക്ഷിക്കാനെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും എൻഡിഎ പാളയത്തിലെത്താൻ കാരണമായതു പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിൽ നേരിട്ട അവഗണനയും ആർജെഡിയുടെ അട്ടിമറി ഭയവുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിതീഷ് കുമാർ ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയത്. എന്നാൽ സഖ്യരൂപീകരണ ചർച്ചകൾ മുന്നേറവെ പ്രതിപക്ഷ മുന്നണി രൂപീകരണത്തിനു മുൻകയ്യെടുത്ത നിതീഷിനെ ഒതുക്കി കോൺഗ്രസ് 'ഇന്ത്യ' മുന്നണിയുടെ ചുക്കാൻ ഏറ്റെടുത്തു. ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ആർജെഡി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് കക്ഷികളിൽനിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതായതോടെ നിതീഷ് നിരാശനായി.
അതിനിടെ, ആർജെഡി അധ്യക്ഷൻ ലാലു യാദവ് മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ തിടുക്കം കാട്ടിയതും നിതീഷിനെ പ്രതിസന്ധിയിലാക്കി. തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന ആർജെഡി എംഎൽഎമാരുടെ മുറവിളി തടയാൻ ലാലു ശ്രമിച്ചില്ല. മാത്രമല്ല ജനതാദൾ (യു) പിളർത്തി തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു യാദവ് ശ്രമിക്കുന്നതായി നിതീഷ് സംശയിച്ചു. ജെഡിയു എംഎൽഎമാരുമായി ആർജെഡി നേതാക്കൾ രഹസ്യ ചർച്ചകൾ നടത്തിയതും നിതീഷിനെ പ്രകോപിപ്പിച്ചു. ആർജെഡിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന ലാലൻ സിങിനെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറക്കി പാർട്ടിയുടെ ചുക്കാൻ നിതീഷ് കുമാർ ഏറ്റെടുത്തിരുന്നു.
എൻഡിഎ സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാൽ ലാലൻ സിങ് പ്രതിഷേധം ഉയർത്തിയേക്കുമെന്ന ആശങ്ക ഉയർന്നതോടെയായിരുന്നു പാർട്ടി നേതൃത്വത്തിൽ നിതീഷ് പിടിമുറുക്കിയത്. കടുത്ത ബിജെപി വിരുദ്ധനായ ലാലൻ സിങിനെ നേതൃസ്ഥാനത്തുനിന്നും നീക്കിയ ശേഷമായിരുന്നു നിതീഷിന്റെ ചരടുവലികൾ. മുമ്പ് ഞാൻ എവിടെ ഉണ്ടായിരുന്നോ അവിടെത്തന്നെ ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നു. ഇനി മറ്റെവിടെയെങ്കിലും പോകുമോ എന്ന ചോദ്യത്തിന്റെ ആവശ്യം ഉയരുന്നില്ല' എന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിഹാറിലെ ലോക്‌സഭാ സീറ്റു വിഭജനത്തിൽ 16 സിറ്റിങ് സീറ്റുകളിലും മൽസരിക്കുമെന്ന നിതീഷിന്റെ പിടിവാശി ആർജെഡിയോടും കോൺഗ്രസിനോടുമുള്ള കണക്കുതീർക്കലായി. ജെഡിയു മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചാൽ അഞ്ചു സീറ്റുകളിൽ പോലും ജയിക്കില്ലെന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം നിതീഷിനെ അങ്കലാപ്പിലാക്കി. മഹാസഖ്യത്തിലെ സീറ്റുവിഭജന തർക്കങ്ങൾക്കിടയിലാണ് നിതീഷ് മറുകണ്ടം ചാടി തടി രക്ഷിച്ചത്.
ഇന്ന് രാവിലെയാണ് നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിന്റെ വസതിയിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ശേഷം നേതാക്കൾ ഗവർണറെ കാണുകയായിരുന്നു. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്. പിന്നാലെ ഇന്ത്യ സഖ്യത്തിനായി തുടക്കമിട്ട നിതീഷ് എന്നാൽ സഖ്യത്തെ പാതി വഴിയിൽ ഉപേക്ഷിച്ച് എതിർ ചേരിയിൽ ചേക്കേറിയത് സഖ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്.
ഇന്ത്യ സഖ്യത്തോടിടഞ്ഞാണ് നിതീഷ് കുമാറിന്റെ എൻഡിഎയിലേക്കുള്ള കൂടുമാറ്റം. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ബിജെപി-ജെഡിയു സഖ്യ സർക്കാരാണ് ഇനി ബിഹാർ ഭരിക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കഴിഞ്ഞ 17 മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ബിഹാറിൽ മന്ത്രിസഭാ സത്യപ്രതിജ്ഞ നടക്കുന്നത്. ഇതേജസ്വി യാദവിന്റെ പക്കലുണ്ടായിരുന്ന വകുപ്പുകൾ ആർക്ക് നൽകുമെന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ട് എൻ.ഡി.എ. സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ ബിഹാറിൽ ബിജെപി. സർക്കാർ രൂപീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. തലമുതിർന്ന നേതാവിന്റെ കൂറുമാറ്റം ഇന്ത്യ സഖ്യത്തിൽ വലിയ തോതിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യ സഖ്യം ശക്തമാണെന്നും ഇപ്പോൾ നടക്കുന്നതൊക്കെയും നല്ലതിനാണെന്നുമായിരുന്നു ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും അവസാനിപ്പിക്കുന്ന തങ്ങളായിരിക്കും, 2024 ഓടെ ജെഡിയു ഇല്ലാതാകുമെന്നും തേജസ്വി പറഞ്ഞിരുന്നു.
ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും അശാസ്ത്രീയമാണെന്നും ഇത് ഒരിക്കലും പ്രാവർത്തികമാകില്ലെന്നും തങ്ങൾ അന്നേ പറഞ്ഞിട്ടുണ്ടെന്ന് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. ജെഡിയു ബിജെപിയുടെ 'സ്വാഭാവിക' സഖ്യമാണെന്നും നദ്ദ പറയുകയുണ്ടായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാർ 'ഉജ്ജ്വൽ ബിഹാർ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ