- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീല കവറിൽ ആന്റിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യും
കൊച്ചി: ആന്റിബയോട്ടിക് മരുന്നുകളുടെ അമതി ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. കോവിഡിന് ശേഷം എന്തിനും ഏതിനും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്ന പ്രവണതയും കൂടി. പല തരത്തിൽ സർക്കാർ പ്രചരണങ്ങൾ നടത്തി. എന്നിട്ടും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ആദ്യ ഘട്ട പരീക്ഷണം എറണാകുളത്താകും.
ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് നീല കവറിൽ ആന്റിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യാനൊരുങ്ങുകയാണ് എറണാകുളം ജില്ലാ ആരോഗ്യ വകുപ്പ്. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ 'ഗോ ബ്ലൂ' കാമ്പയിന്റെ ഭാഗമായിട്ടാണിത്. ആന്റിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യാനായി പ്രത്യേകം തയ്യാറാക്കിയതും ബോധവത്കരണ നിർദേശങ്ങൾ അടങ്ങിയതുമായ നീല കളർ കവറുകൾ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന നിർദേശിച്ചു.
എരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റായ എൻ.എസ്. സുഭാഷാണ് ആന്റിബയോട്ടിക് മരുന്നുകൾ രോഗികൾക്കു പെട്ടെന്ന് തിരിച്ചറിയാനായി പ്രത്യേകം കളർ കോഡിലുള്ള കവർ വേണമെന്ന ആശയം അവതരിപ്പിച്ചത്. ഇത് ആദ്യം സർക്കാർ ആശുപത്രികളിൽ നടപ്പാക്കും. അതിന് ശേഷം എല്ലായിടത്തും വ്യാപിപ്പിക്കും. ഇതിലൂടെ ആന്റി ബയോട്ടിക്കുകളെ സാധാരണക്കാർക്കും തിരിച്ചറിയാൻ കഴിയൂം.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ആന്റിമൈക്രോബിയൽ സംസ്ഥാന നോഡൽ ഓഫീസർ ഡോ. പി.എസ്. ശിവപ്രസാദ്, ആന്റിമൈക്രോബിയൽ വർക്കിങ് കമ്മിറ്റി കൺവീനർ ഡോ. ആർ. അരവിന്ദ്, ഫാർമസിസ്റ്റ് എൻ.എസ്. സുഭാഷ് എന്നിവർ ചേർന്നാണ് ഗോ ബ്ലൂ കാമ്പയിന്റെ ഭാഗമായി ആന്റിബയോട്ടിക് വിതരണത്തിന് നിർദേശങ്ങളടങ്ങിയ നീല മരുന്ന് കവർ തയ്യാറാക്കിയത്.
ഇത്തരം കളർ കോഡിലുള്ള കവറിലൂടെ ആന്റിബയോട്ടിക് വിതരണം ചെയ്താൽ രോഗികൾക്ക് ആന്റിബയോട്ടിക് മരുന്ന് പെട്ടെന്ന് തിരിച്ചറിയാനും ആന്റിബയോട്ടിക്കുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ ദുരുപയോഗം തടയാനും ഉപകരിക്കും എന്നാണ് വിലയിരുത്തൽ. എറണാകുളം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കും. വിജയമെന്ന് ഉറപ്പിച്ചാൽ അത് സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാർട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ഈ കേന്ദ്രങ്ങൾ വഴി പരമാവധിപേരിലെത്തിക്കും.