ലണ്ടൻ: ചിറകുമുളച്ച് പറന്നുയരും മ്യുൻപെ ഏഴു പൂമ്പാറ്റകളുടെ സ്വപ്നങ്ങളാണ് തല്ലിക്കെടുത്തിയത്. എന്നിട്ടും, ആഡംബരങ്ങളിൽ ആറാടിയാണ് ശിക്ഷ അനുഭവിക്കുന്നത്. ഏഴ് നവജാത ശിശുക്കളെ കൊന്ന കേസിൽ ജയിൽ വാസം അനുഭവിക്കുന്ന ലൂസി ലെറ്റ്ബിക്ക് ജയിലിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയത് ഇരകളുടെ കുടുംബങ്ങളെ കുപിതരാക്കിയിരിക്കുന്നു. സ്വന്തം സെല്ലിന്റെ താക്കോൽ വരെ സ്വയം സൂക്ഷിക്കുന്നതിനുള്ള അവകാശമാണ് ലൂസിക്ക് നൽകിയിരിക്കുന്നത്.

ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും മറ്റ് ആറ് പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പരോൾ ഇല്ലാതെ ജീവിതകാലം മുഴുവൻ തടവിൽ കഴിയുവാനുള്ള ശിക്ഷ വിധിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞതേയുള്ളു. ജയിലിൽ നല്ലനടപ്പിന് പ്രോത്സാഹനമായി നൽകുന്ന സൗകര്യങ്ങൾ അപ്പോഴേക്കുംഅവർക്ക് ലഭിച്ചതാണ് നിരവധി പുരികങ്ങൾ ഉയരാൻ കാരണമായത്. മറ്റുള്ളവരിൽ നിന്നും മാറി ഏത് സമയത്തും സ്വന്തം സെല്ലിനകത്ത് കയറാനും ഇറങ്ങാനുമുള്ള സ്വാതന്ത്ര്യം വരെ ഇന്ന് അവർ അനുഭവിക്കുന്നു.

സെല്ലിന്റെ താക്കോൽ ജയിൽ അധികൃതർ സൂക്ഷിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ഒരു ഇരയുടെ മാതാപിതാക്കൾ പറയുന്നു. ഇപ്പോൾ അത് അവർ തന്നെ സൂക്ഷിക്കുകയാണ്. അതായത്, അവർക്ക് എപ്പോൾ മറ്റുള്ളവരുമായി ഒത്തു ചേരണമെന്നു തോന്നുന്നുവോ അപ്പോൾ അവർക്ക് അത് ചെയ്യാം. എപ്പോൾ സ്വകാര്യതയിലേക്ക് മാറണമെന്ന് കരുതുന്നുവോ അപ്പോൾ അതും ചെയ്യാം. ഒരുപറ്റം ക്രിമിനലുകൾ ചുറ്റിലും ഉണ്ടെന്നതൊഴിച്ചാൽ ഒരു ഹോട്ടലിൽ താമസിക്കുന്നതിന് സമാനമാണ് ഇപ്പോൾ ലൂസിയുടെ ജീവിതം എന്ന് അവർ ആരോപിക്കുന്നു.

എന്നാൽ, കേവലം ഈ സ്വാതന്ത്ര്യം മാത്രമല്ല ലൂസി അനുഭവിക്കുന്നതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. എ വിഭാഗം ജിയിൽ ആയ ബ്രോൺസ്ഫ്ളെക്ക് ജയിലിലാണ് ഇപ്പോൾ അവർ കഴിയുന്നത്. ഇവിടെ സെല്ലുകൾക്ക് പകരം മുറികളാണ് ഉള്ളത്. മുറിക്ക് അകത്ത് തന്നെ ശുചിമുറി സൗകര്യങ്ങളും ഡെസ്‌ക്, ഫോൺ, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

വെയ്ൽസിൽ, 2007- ൽ സ്വന്തം മകളെ വിഷം കൊടുത്തു കൊന്ന കിഷേൽ സ്മിത്ത്, 2015-ൽ 16 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കൊല്ലാൻ തന്റെ കാമുകനെ സഹായിച്ച ഷൗന ഹോർ എന്നിവരാണ് ജയിലിൽ ലൂസിയുടെ സുഹൃത്തുക്കൾ എന്ന റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ പുറത്തു വന്നിരുന്നു. മൂന്നു പേരും ഒരുമിച്ച് മണിക്കൂറുകളോളം ബോർഡ് ഗെയിമുകൾ കളിച്ചു രസിക്കുകയും.

രാത്രികാലങ്ങളിൽ കരോക്കെ സംഗീതത്തിൽ മുഴുകുകയും ചെയ്യുകയാണെന്നാണ് ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്.