- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എക്സാലോജിക്കിൽ മൗനം തുടർന്ന് മുഖ്യമന്ത്രി; 'രാംലല്ല'യിൽ പ്രതിപക്ഷത്തിന് സംശയം
തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു സിഎംആർഎലിന്റെ ഓഹരി പങ്കാളിയായ കെഎസ്‌ഐഡിസി മുതിർന്ന സുപ്രീംകോടതി അഭിഭാഷകനോടു നിയമോപദേശം തേടിയതു അഡ്വക്കേറ്റ് ജനറലിനെ മറന്ന്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും ഒന്നും ചോദിച്ചില്ല. സാധാരണ ഈ രണ്ടു പേരോടും ഉപദേശം ചോദിച്ച ശേഷമാകും പുറത്തുള്ളവരോട് നിലപാട് തേടുക. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തെ മറികടക്കാനായിരുന്നു നിയമോപദേശം തേടൽ.
മൂന്നംഗ സംഘത്തിന്റെ അന്വേഷണത്തിനു കഴിഞ്ഞ 12നു കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിൽ തങ്ങൾക്കെതിരെ നിർദ്ദേശിച്ചിരിക്കുന്ന അന്വേഷണത്തിനെതിരെ കോടതിയിൽ ഹർജി കൊടുക്കുന്നതിനെക്കുറിച്ച് ഉപദേശിക്കണമെന്നാണു കഴിഞ്ഞ 22നു കെഎസ്‌ഐഡിസി എംഡിക്കു വേണ്ടി അഡ്വ.സി.എസ്.വൈദ്യനാഥനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമോപദേശം പുറത്തുവന്നിട്ടില്ലെങ്കിലും തൊട്ടുപിന്നാലെ ഇതേ അഭിഭാഷകനെ കേസ് ഏൽപിക്കുകയായിരുന്നു. ഒറ്റ ദിവസത്തെ വാദത്തിന് 25 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും എജിയിൽ നിന്നും നിയമോപദേശം സ്വീകരിക്കാമെങ്കിലും കെ എസ് ഐ ഡി സി അതു വേണ്ടെന്ന് വച്ചു.
സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന കേസുകളിലാണു പിണറായി സർക്കാർ പുറമേ നിന്നു നിയമോപദേശം തേടുകയും, അതേ അഭിഭാഷകനെ തന്നെ കേസ് ഏൽപിക്കുകയും ചെയ്തിട്ടുള്ളത്. പെരിയ ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ പുറമേ നിന്ന് അഭിഭാഷകരെ എത്തിച്ച പല കേസിലും ഈ രീതി പിന്തുടർന്നു. അത്രയും പ്രാധാന്യത്തോടെ സർക്കാർ ഈ കേസിനെയും കാണുന്നുവെന്നാണു കെഎസ്‌ഐഡിസിയുടെ നീക്കത്തിലൂടെ വ്യക്തമാകുന്നത്. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന സംശയം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ഒരു തവണ കേസിൽ ഹാജരാകുന്നതിനാണ് 25 ലക്ഷം അഡ്വ വൈദ്യനാഥന് കൊടുക്കേണ്ടത്. ഇതിനൊപ്പം മറ്റ് ചെലവ്. അതുകൊണ്ട് കേസ് നീണ്ടു പോകുമെന്നതിനാൽ ഒരു കോടിയോളം രൂപ വൈദ്യനാഥന് നൽകേണ്ടി വരും. അങ്ങനെ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഈ കേസ് കൊണ്ടു വരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ കേസ് ആയതുകൊണ്ടാണ് ഈ തിടുക്കമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
വ്യവസായ പ്രോത്സാഹനത്തിനായുള്ള ഓഹരി പങ്കാളിത്തം മാത്രമുള്ള സിഎംആർഎലിൽ ഒരു ദൈനംദിന പ്രവർത്തനത്തിലും ഇടപെടാറില്ലെന്നായിരുന്നു ആർഒസിക്കു കെഎസ്‌ഐഡിസി നൽകിയ വിശദീകരണം. അതിനിടെ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് മകൾ വീണയുടെ എക്‌സാലോജിക് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിനെക്കുറിച്ചു നിയമസഭയിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ മുഖ്യമന്ത്രി മൗനം തുടരുകയാണ്. നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവ ഉൾപ്പെടുത്തിയിരുന്നത്. നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾക്കു സഭയിൽ നേരിട്ടു മറുപടി പറയുകയല്ല, മറുപടി ലഭ്യമാക്കുകയാണു ചെയ്യുക. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല.
അതിനിടെ എക്‌സാലോജിക് ഇടപാടിൽ അയോധ്യാക്കേസിൽ രാംലല്ലയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ കേരളസർക്കാരിനുവേണ്ടി കെ.എസ്‌ഐ.ഡി.സി. ചുമതലപ്പെടുത്തിയതായി കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി. പറഞ്ഞിരുന്നു. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടിക്കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ മുഖമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽ കെ.എസ്‌ഐ.ഡി.സി.ക്ക് സ്വന്തം സ്റ്റാൻഡിങ് കൗൺസൽ ഉണ്ട്. അവരെ ഒഴിവാക്കിയാണ് 25 ലക്ഷം രൂപമുടക്കി ഈ അഭിഭാഷകനെയിറക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപി.-സിപിഎം. ബന്ധം ഊട്ടിയുറപ്പിക്കാൻ നേരിട്ടും ഇടനിലക്കാർവഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.
പിണറായി വിജയൻ അധികാരത്തിൽവന്നശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരംപോലും നടത്തിയിട്ടില്ല. ഡൽഹിയിൽ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കിമാറ്റിയ ഭീരുക്കളാണിവരെന്നും സുധാകരൻ പറഞ്ഞു.