തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത് വലിയ ബാധ്യതയോ? കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നു. ഈ യാത്രകൾ സംസ്ഥാന സർക്കാരിന് വലിയ ബാധ്യതയാകുന്നുവെന്ന സൂചനയാണ് കണക്കുകൾ പുറത്തു വിട്ട് സർക്കാര് നടത്തുന്നത്. സംസ്ഥാന സർക്കാർ-ഗവർണർ പോര് ശക്തമാകുമ്പോഴാണ് കണക്കുകൾ പുറത്തു വിടുന്നത്.

ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത ഈ വിവരം ഒടുവിൽ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. 2021 ജൂലൈ 29 മുതൽ ഈ മാസം 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റത്. ഈ വർഷം കാലാവധി തീരും.

ഗവർണറുടെ പതിവായുള്ള യാത്രകൾക്കെതിരെ അടുത്തിടെ മന്ത്രിമാർ രംഗത്തു വന്നിരുന്നു. ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സർക്കാർ നൽകേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ടായി. മിക്ക യാത്രകളും ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു.

ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര നടത്തി. ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്. യാത്രാ ചെലവുകളും വഹിക്കുന്നത് കേരള സർക്കാരാണ്. രാജഭവന്റെ മറ്റ് ആവശ്യങ്ങൾക്കും പണം നൽകും. ഗവർണർക്ക് സിആർപിഎഫ് സുരക്ഷ കൊടുക്കുന്നതിനാൽ ഇനി ആ ഇനത്തിലെ ചെലവ് സർക്കാരിന് കുറച്ചു കുറയും.

ഡൽഹിയിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ് ഗവർണറുടെ നിരന്തര യാത്രകൾ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഭാഷണങ്ങൾക്കായാണ് ഇതിലേറെയും. മാസത്തിൽ 5 ദിവസത്തിലേറെ ഗവർണർമാർ സംസ്ഥാനത്തു നിന്ന് വിട്ടുനിൽക്കരുതെന്നാണ് ചട്ടം. പ്രഭാഷണത്തിനായതിനാൽ രാഷ്ട്രപതിയിൽ നിന്ന് ഇളവു നേടിയെന്നാണ് ഗവർണർ പറയുന്നത്.