ആലപ്പുഴ: 1991 ൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് കേരളത്തിൽ അവസാനം നടപ്പാക്കിയ വധശിക്ഷ. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനും ആയിരുന്ന അഡ്വ. രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. 15 പ്രതികളും കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതികൾ ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്.

കേരളത്തിൽ ആദ്യമായാണ് ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരിൽ കുറ്റവാളികളുടെ എണ്ണത്തിൽ നാലാമത്തെ കേസുമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പ്രതികൾക്കും വധശിക്ഷ വിധിച്ചതാണ് ഇതിൽ ഏറ്റവും ആദ്യ സംഭവം. 1998ൽ ചെന്നൈ ടാഡ കോടതിയാണ് ശിക്ഷ വിധിച്ചത്. 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ മൂന്ന് മലയാളികൾ അടക്കം 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 1996ൽ ബിഹാറിൽ 56 ദളിത് കൂട്ടക്കൊല ചെയ്തകേസിൽ 2010ൽ 16 പ്രതികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

നിലവിൽ കേരളത്തിലെ ജയിലുകളിൽ 21 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. വിധിക്കെതിരെ ഇവരെല്ലാം അപ്പീൽ നൽകിയിട്ടുണ്ട്. ആലുവയിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്കാണ് ഒടുവിൽ ശിക്ഷ ലഭിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളുടെ കൊലപാതക കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (28)് വധശിക്ഷ ലഭിച്ചത്.

ക്രിമിനൽ കേസിൽ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലും ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പ്രകാരം വധശിക്ഷയാകുകയുള്ളൂ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനും ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായിരിക്കും. പ്രതികൾ അപ്പീൽ നൽകാതെ തന്നെ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിയാണോയെന്ന് പരിശോധിക്കും. അതിനുശേഷമായിരിക്കും ശിക്ഷ എന്ത് എന്നത് സംബന്ധിച്ച് തീരുമാനമാകുക.

രാഷ്ട്രീയ കൊലപാതകക്കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് പ്രതികൾക്ക് തലശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി അപ്പീൽ ശരിവക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

കേരളത്തില ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നവരിൽ കണ്ണൂരിൽ നാലുപേരും, വിയ്യൂരിൽ അഞ്ചുപേരും, വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ മൂന്നുപേരും, തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 9 പേരും ഉണ്ട്. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്

അസഫാക് ആലത്തിനെ കൂടാതെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ

കണ്ണൂർ സെൻട്രൽ ജയിൽ

രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ

വിയ്യൂർ സെൻട്രൽ ജയിൽ

അമിറുൾ ഇസ്ലാം (പെരുമ്പാവൂർ കൊലപാതകം), ജോമോൻ, രഞ്ജിത്ത്, സുനിൽകുമാർ

വിയ്യൂർ അതിസുരക്ഷാ ജയിൽ

റജികുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ

തിരുവനന്തപുരം സെൻട്രൽ ജയിൽ

കെ. ജിതകുമാർ (ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല, അജിത് കുമാർ (സോജു -അട്ടക്കുളങ്ങര ബോംബേറ്),അനിൽകുമാർ (ജാക്കി-ജെറ്റ് സന്തോഷ് വധം) നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല)ലബലു ഹസൻ( ചെങ്ങന്നൂർ ഇരട്ടക്കൊല)ഗിരീഷ്, അനിൽകുമാർ (കൊളുത്തു ബിനു), അരുൺശശി, സുധീഷ്,

വധശിക്ഷയിൽ നിന്ന് രക്ഷപെട്ടവർ

കരിക്കിൻ വില്ല കൊലക്കേസ് പ്രതി റെനിജോർജ്, പുത്തൻവേലിക്കര ഇരട്ടക്കൊല കേസിലെ പ്രതി ദയാനന്ദൻ, മഞ്ചേരിയിൽ ഭാര്യയെ കൊന്ന കേസിലെ പ്രതി രാമചന്ദ്രൻ, എറണാകുളം പച്ചാളത്തെ ബിന്ദു വധക്കേസിലെ പ്രതി റഷീദ്, എന്നിവരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രവീൺ വധക്കേസിലെ പ്രതികളായ പ്രിയനും കണ്ടയ്നർ സുനിക്കും വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടു. ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ അഞ്ച് പ്രതികൾക്കുള്ള വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കോളിളക്കം സൃഷ്ടിച്ച കാസർകോട് സഫിയ (14) വധക്കേസിൽ ഗോവയിലെ കരാറുകാരനായ കെ.സി.ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി

തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകളിൽ മാത്രമാണ് തൂക്കുമരമുള്ളത്. ഇതിൽ ഏറ്റവുംകൂടുതൽ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേരളപ്പിറവിക്കുശേഷം കണ്ണൂർ ജയിലിൽ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.

വധശിക്ഷ കിട്ടിയാൽ

വധശിക്ഷ കിട്ടിയവർക്ക് ഒരിക്കലും പരോൾ നൽകില്ല. ജയിൽ ജോലികൾ ചെയ്യണം. ഏകാന്ത തടവിൽ പാർപ്പിക്കില്ല. സാധാരണ തടവുകാർക്കൊപ്പം കഴിയണം. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും. ഈ ഘട്ടത്തിൽ പ്രത്യേക സെല്ലിൽ ഒറ്റയ്ക്കാക്കും.

സുപ്രീംകോടതി വിധി പ്രകാരം കുറ്റത്തെ മാത്രമല്ല കുറ്റവാളിയെയും പരിഗണിക്കണം.സാമൂഹ്യ സാമ്പത്തിക സാഹചര്യം ഒരാൾ ചെയ്ത കുറ്റത്തെ ഇല്ലാതാക്കുന്നില്ലെങ്കിലും അതും പരിഗണിക്കണം. കുറ്റവാളിയുടെ മാനസിക പരിവർത്തനവും സമൂഹത്തിലേക്കുള്ള പുനരധിവാസ സാദ്ധ്യതകളും പരിഗണിക്കപ്പെടണം. കുറ്റകൃത്യം പൊതുസമൂഹത്തിൽ ഉളവാക്കുന്ന ഞെട്ടൽ വധശിക്ഷയ്ക്കുള്ള കാരണമായി അംഗീകരിക്കാനാവില്ല.

അവസാന വധശിക്ഷ 1991 ൽ

15 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർ ചന്ദ്രനെ 1991 ജൂലായിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത് 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയാണു റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നത്. രണ്ടുലക്ഷം രൂപയാണ് ആരാച്ചാർക്കു പ്രതിഫലം. ഇപ്പോൾ ജയിലിൽ സ്ഥിരം ആരാച്ചാരില്ല.